കോഴിക്കോട്: കെ റെയിൽ വിഷയത്തിൽ ശശി തരൂർ എംപി തെറ്റു തിരുത്തുമെന്നാണ് പ്രതീക്ഷയെന്ന് കെ.മുരളീധരൻ എംപി. യുഡിഎഫിന്റെയും കോൺഗ്രസിന്റെയും നിലപാടിനൊപ്പം തരൂർ നിൽക്കണം. കാരണം അദ്ദേഹത്തിന്റെ ജീവിതത്തിൽ ഏറ്റവും പ്രതിസന്ധിയുള്ള ഘട്ടത്തിലൂടെ കടന്നുപോയപ്പോൾ പാർട്ടിയാണ് ഒപ്പം നിന്നത്.
ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ തരൂരിന് സീറ്റ് നിഷേധിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. ഇന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ അന്ന് എതിർത്തവരാണെന്ന് മറക്കരുത്. അദ്ദേഹത്തെ പുറത്താക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചർച്ച ചെയ്യേണ്ട ആവശ്യമില്ല.
എംപിയെ പുറത്താക്കാൻ തീരുമാനമെടുക്കേണ്ടത് സംസ്ഥാന നേതൃത്വമല്ല, ദേശീയ നേതൃത്വമാണ്. കെ റെയിലിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും യുഡിഎഫ് തയ്യാറല്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രി തോറ്റ് പിന്മാറേണ്ടി വരുമെന്നും കെ മുരളീധരൻ കോഴിക്കോട് പറഞ്ഞു.
ശശി തരൂർ കോൺഗ്രസ് പാർട്ടിയിലെ ഒരു എം.പി മാത്രമാണെന്നും പാർട്ടി നിലപാട് അംഗീകരിച്ചില്ലെങ്കിൽ തരൂരിന് പാർട്ടിക്ക് പുറത്തു പോകേണ്ടി വരുമെന്നും സുധാകരൻ പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ കർശന നിലപാട് പാർട്ടിക്കുണ്ടെന്നും സുധാകരൻ വ്യക്തമാക്കി. കെ റെയിൽ വിഷയത്തിൽ പാർട്ടിയുടേയും മുന്നണിയുടേയും നിലപാടിന് വിരുദ്ധമായ നിലയിലാണ് ശശി തരൂർ നിലപാടെടുത്തത്.
മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി പൊതു വേദികളിൽ ശശി തരൂർ സംസാരിച്ചതും കോൺഗ്രസ് നേതാക്കളെ ചൊടിപ്പിച്ചിരുന്നു. കെ റെയിൽ പദ്ധതിക്കെതിരെ കോൺഗ്രസ് എംപിമാർ കേന്ദ്രമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ഒപ്പുവയ്ക്കാത്തതിനെ ചൊല്ലി ഒരാഴ്ചയോളമായി കോൺഗ്രസ് നേതാക്കൾക്കിടയിൽ നിന്ന് ഒളിഞ്ഞും തെളിഞ്ഞും തരൂരിനെതിരെ വിമർശനങ്ങൾ ഉണ്ടാകുന്നുണ്ട്.
രാജ്മോഹൻ ഉണ്ണിത്താൻ എംപിയും തരൂരിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു. കെ റെയിൽ വിഷയത്തിൽ നിലവിലെ കോൺഗ്രസ് നേതൃത്വം ശശി തരൂരിനോട് വിശദീകരണം ആവശ്യപ്പെടുമെന്നും തരൂരിന്റെ നിലപാട് ശരിയല്ലെങ്കിൽ പാർട്ടി തിരുത്തുമെന്നുമാണ് വ്യക്തമാക്കിയത്. മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ തരൂരിനെതിരെ രൂക്ഷമായി പ്രതികരിച്ചിരുന്നു. തരൂരിന് അച്ചടക്കം അറിയില്ലെങ്കിൽ പാർട്ടി പഠിപ്പിക്കേണ്ടത് തന്നെയാണെന്നാണ് മുല്ലപ്പള്ളി അഭിപ്രായപ്പെട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...