തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി. തോമസിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ എഐസിസി അംഗവും പിഎസ്‍സി അംഗവുമായിരുന്ന സിമി റോസ്ബെൽ ജോൺ. ലീഡർ കെ.കരുണാകരന്റെ പ്രധാന ഉപദേശകനായിരുന്ന കെ.വി തോമസ് അദ്ദേഹത്തെ ഉപദശിച്ച് ഒരു വഴിക്കാക്കിയെന്ന് സിമി റോസ്ബെൽ ജോൺ പറഞ്ഞു. ലീഡർ പാർട്ടിയുമായി ഇടഞ്ഞ് നിന്ന ഘട്ടത്തിൽ നടന്ന എറണാകുളം ലോക് സഭാ തെരഞ്ഞെടുപ്പിൽ ഐ ഗ്രൂപ്പിന് സ്ഥാനാർഥിത്വം ലഭിക്കാതിരിക്കാൻ കെ.വി തോമസ് അണിയറയിൽ ചരട് വലിച്ചു. പകരം എ ഗ്രൂപ്പിലെ എം.ഒ ജോണിനെ സ്ഥാനാർത്ഥിയാക്കി.
സ്വന്തം പാർട്ടി സ്ഥാനാർഥിയായ എം.ഒ ജോണിനെ തോൽപ്പിക്കണമെന്നും ഇടത് സ്ഥാനാർഥിയായ സെബാസ്റ്റ്യൻ പോളിനെ ജയിപ്പിക്കണമെന്നും കെ.വി തോമസ് ലീഡറെ ഉപദേശിച്ചതായും സിമി റോസ്ബെൽ ജോൺ സീ മലയാളം ന്യൂസിനോട് വെളിപ്പെടുത്തി. ലീഡർ കോൺഗ്രസ് വിട്ട് ഡിഐസി രൂപീകരിക്കുന്നതിന് കരാണക്കാരനായതും കെ.വി തോമസ് ആണ്. കെ.മുരളീധരനെ കോൺഗ്രസിൽ തിരിച്ചെടുക്കണമെന്ന് കെപിസിസി യോഗത്തിൽ ആവശ്യപ്പെടണമെന്ന് ലീഡർ തന്നോട് പറഞ്ഞതായും സിമി റോസ്ബെൽ ജോൺ പറഞ്ഞു. കെ.വി തോമസിന്റെ ഉപദേശം കേട്ട് തലകുനിച്ച് പാർട്ടിയിൽ നിന്ന് പുറത്ത് പോകേണ്ടി വന്ന ആളാണ് കെ.കരുണാകരനെന്നും സിമി ആരോപിച്ചു.
താൻ പിഎസ്‍സി മെമ്പറാകുന്നത് തടയാൻ കെ.വി തോമസ് ശ്രമിച്ചു എന്നതാണ് കെ.വി തോമസിനെതിരെ സിമി ഉന്നയിച്ച മറ്റൊരു ഗുരുതര ആരോണം. പിഎസ്‍സിയിൽ ലാറ്റിൻ കാത്തലിക് വിഭാഗത്തിന്റെ ഒരു ഒഴിവ് വന്നപ്പോൾ തന്നെ പിഎസ്‍സി മെമ്പറാക്കാൻ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയും കെപിസിസി പ്രസിഡന്റ് ആയിരുന്ന രമേശ് ചെന്നിത്തലയും തീരുമാനിച്ചു. സഭയുടെ പൂർണ പിന്തുണയും ഇക്കാര്യത്തിൽ ഉണ്ടായിരുന്നു. എന്നാൽ താൻ പിഎസ്‍സി മെമ്പറാകുന്നത് തടയാൻ ലാറ്റിൻ കത്തലിക് വിഭാഗത്തിൽ പെട്ട 13 പേരുടെ ലിസ്റ്റ് കെ.വി തോമസ് ഉമ്മൻചാണ്ടിക്ക് കൈമാറി. എന്നാൽ പാർട്ടിയിൽ പ്രവർത്തിക്കുന്നവരെ മാത്രം പരിഗണിച്ചാൽ മതിയെന്ന് ഉമ്മൻചാണ്ടി തീരുമാനമെടുത്തെന്നും അങ്ങനെയാണ് താൻ പിഎസ്‍സി മെമ്പറായതെന്നും സിമി റോസ്ബെൽ ജോൺ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...