തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിന് പിറകെ സമരം ചെയ്യുന്ന പി.എസ്.സി(PSC) ഉദ്യോഗാർഥികളുമായി സർക്കാർ ഇന്ന് ചർച്ച നടത്തും.അന്തിമ ചർച്ചയെന്ന നിലയിൽ കാണാവുന്ന ചർച്ചയായിരിക്കും ഇത്. മന്ത്രി എ.കെ ബാലനുമായാണ് ചർച്ച. ഉദ്യോഗാർഥികൾക്ക് അനുകൂലമായ നിർണ്ണായക തീരുമാനം ഇന്ന് ഉണ്ടവുമെന്നാണ് കരുതുന്നത്.
ചർച്ചയുടെ ഗതിയനുസരിച്ച് സമരത്തിൽ തുടർനടപടിയെടുക്കാനാണ് ഉദ്യോഗാർത്ഥികളുടെ തീരുമാനം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ സർക്കാർ കൈക്കൊള്ളുന്ന നിലപാടാകും നിർണായകമാകും.അതേസമയം പിഎസ്‌സി വഴി നിയമനം ലഭിച്ചവരുടെ കണക്ക് നിരത്തി സമരത്തെ പ്രതിരോധിക്കാൻ ഡിവൈഎഫ്‌ഐ(DYFI) നടത്തുന്ന യുവ സംഗമവും ഇന്ന് തിരുവനന്തപുരത്ത് നടക്കും.
ഇന്ന് രാവിലെ 11നാണ് മന്ത്രി എ.കെ ബാലനും(AK Balan) ഉദ്യോഗാർത്ഥികളും തമ്മിലുളള ചർച്ച. നേരത്തെ ആഭ്യന്തര വകുപ്പ് അഡി. ചീഫ് സെക്രട്ടറിയും എ.ഡി.ജി.പിയും നടത്തിയ ചർച്ചയിൽ ഉദ്യോഗാർത്ഥികൾ മുന്നോട്ടുവച്ച നിർദേശങ്ങൾ മന്ത്രി ഇന്ന് പരിശോധിക്കും. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിനുള്ളിൽ നിന്നുകൊണ്ട് ചെയ്യാനാകുന്ന കാര്യങ്ങൾ മന്ത്രി ഉദ്യോഗാർത്ഥികളെ ബോധ്യപ്പെടുത്തും.
എൽ.ജി.എസ് റാങ്ക്ഹോൾഡേഴ്സ് നടത്തുന്ന സമരം 34 ദിവസവും സി.പി.ഒ(Kerala Police) റാങ്ക് ഹോൾഡേഴ്സ് നടത്തുന്ന സമരം 21 ദിവസവും പിന്നിട്ടു. ഇവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് ആരംഭിച്ച നിരാഹാര സമരം 14 ദിവസം പിന്നിട്ടു. അതേസമയം തിരഞ്ഞെടുപ്പ്
പ്രഖ്യാപിച്ച ശേഷമുള്ള ഇൗ ചർച്ച കണ്ണിൽപൊടിയിടുന്ന പരിപാടിയാണെന്ന് യൂത്ത് കോൺഗ്രസ്സ് ആരോപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...