ശബരിമലയിൽ സുരക്ഷ ശക്തമാക്കി പോലീസ് ; ആദ്യസംഘം സന്നിധാനത്ത് ചുമതലയേറ്റു

സന്നിധാനത്തും പരിസരത്തുമായി 1,250  പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്.ആദ്യസംഘത്തിന്റെ കാലാവധി 10 ദിവസം പൂര്‍ത്തിയാകുമ്പോള്‍ പുതിയ ഉദ്യോഗസ്ഥര്‍ ചുമതലയേല്‍ക്കും.

Written by - Zee Malayalam News Desk | Last Updated : Nov 16, 2022, 04:18 PM IST
  • ആദ്യസംഘം ചുമതലയേറ്റു
  • 1,250 ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്
  • 10 ദിവസം പൂര്‍ത്തിയാകുമ്പോള്‍ പുതിയ ഉദ്യോഗസ്ഥര്‍ ചുമതലയേല്‍ക്കും
ശബരിമലയിൽ സുരക്ഷ  ശക്തമാക്കി പോലീസ് ; ആദ്യസംഘം സന്നിധാനത്ത് ചുമതലയേറ്റു

പത്തനംതിട്ട: മണ്ഡലകാല ഉത്സവത്തോട് അനുബന്ധിച്ച് ശബരിമല സന്നിധാനത്തിന്റെ സുരക്ഷാ ചുമതലയുള്ള കേരള പോലീസിന്റെ ആദ്യസംഘം ചുമതലയേറ്റു. വലിയ നടപ്പന്തൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ചീഫ് പോലീസ് കോ-ഓർഡിനേറ്ററും ശബരിമലയുടെ ചുമതലയുമുള്ള എഡിജിപി എം.ആർ അജിത് കുമാറും ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സ്വപ്നിൽ എം മഹാജൻ സന്നിഹിതനായിരുന്നു. ശബരിമല പോലീസ് സ്‌പെഷ്യല്‍ ഓഫീസർ ബി. കൃഷ്ണകുമാർ ആദ്യ ബാച്ച് പോലീസ് ഉദ്യോഗസ്ഥർക്ക് മാർഗ നിർദേശം നൽകി. സ്വാമിമാർക്ക് സുഗമമായ ദർശനവും, തൃപ്തിയോടെ തൊഴുതിറങ്ങാനുള്ള സൗകര്യവും ഒരുക്കുകയാണ് സേനയുടെ ദൗത്യം. വിവിധ വകുപ്പുകളുടെ കൂട്ടായ പ്രവർത്തനം അനിവാര്യമാണ്. പരസ്പര സഹകരണത്തോടെയുള്ള പ്രവർത്തനം ഈ ഉത്സവ കാലം വിജയകരമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സന്നിധാനത്തും പരിസരത്തുമായി 1,250  പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. ശബരിമല സ്പെഷ്യൽ ഓഫീസർ ബി. കൃഷ്ണകുമാർ , അസിസ്റ്റന്റ് സ്‌പെഷ്യല്‍ ഓഫീസര്‍ ആർ. വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് സന്നിധാനത്ത് പോലീസ് സേന സേവനം അനുഷ്ഠിക്കുക.980 സിവില്‍ പോലീസ് ഓഫീസര്‍മാര്‍, എസ്പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍, 12 ഡിവൈഎസ്പിമാര്‍, 110 എസ്‌ഐ,എഎസ്‌ഐമാര്‍, 30 സിഐമാര്‍ എന്നിവരടങ്ങിയ സംഘമാണ്  സുരക്ഷാ ചുമതലയേറ്റത്. ആദ്യസംഘത്തിന്റെ കാലാവധി 10 ദിവസം പൂര്‍ത്തിയാകുമ്പോള്‍ പുതിയ ഉദ്യോഗസ്ഥര്‍ ചുമതലയേല്‍ക്കും. കേരള പോലീസിന്റെ കമാന്‍ഡോ വിഭാഗം, സ്പെഷ്യല്‍ ബ്രാഞ്ച്, വയര്‍ലസ് സെല്‍, ബോംബ് ഡിറ്റക്ഷൻ സ്ക്വാഡ് തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സേവനം അനുഷ്ഠിക്കുന്നുണ്ട്. 

തീര്‍ഥാടകരുടെ തിരക്ക് കൂടുന്നതനുസരിച്ച് വരും ദിവസങ്ങളില്‍ ഡ്യൂട്ടിക്കെത്തുന്ന പോലീസുകാരുടെ എണ്ണത്തിലും വര്‍ധനയുണ്ടാകും. ഇതിനെല്ലാം പുറമേ സുരക്ഷാ നിരീക്ഷണത്തിന്റെ ഭാഗമായി സന്നിധാനത്ത് 76 സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. സന്നിധാനം, നിലയ്ക്കൽ, വടശ്ശേരിക്കര എന്നിവിടങ്ങളിൽ താത്കാലിക പോലീസ് സ്റ്റേഷനും തുറന്നിട്ടുണ്ട്.  കൂടാതെ നിലയ്ക്കൽ, പമ്പ മേഖലകളുടെ മേൽനോട്ടത്തിന് എസ്പി റാങ്കുള്ള പ്രത്യേക ഉദ്യോഗസ്ഥരെയും  നിയോഗിച്ചു. നിലയ്ക്കൽ മേഖലുടെ പ്രത്യേക ചുമതല എം. ഹേമലതയ്ക്കും, പമ്പ മേഖലയുടെ ചുമതല എസ്. മധുസൂധനനുമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News