കോഴഞ്ചേരി: പോക്സോ കേസ് പ്രതി സിറാജ് കാട്ടൂർ പേട്ടയിൽ വെച്ച് കുന്നിക്കോട് പൊലീസിന്‍റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്തായി. ഭാര്യയും മറ്റ് കുടുംബാംഗങ്ങളും ചേർന്ന് പൊലീസ് എത്തിയ സ്വകാര്യ കാറിൽ നിന്ന് പ്രതിയെ ബലമായി മോചിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കാറിന്‍റെ പിന്നിലെ സീറ്റിൽ ഒപ്പം ഇരുന്ന എസ്.ഐ ഫൈസലിനെ ആക്രമിച്ചാണ് രക്ഷപ്പെടുത്തിയത്. വാഹനത്തിന്‍റെ ഇരു വാതിലുകളും തുറന്ന കുടുംബാംഗങ്ങൾ ഒരു ഭാഗത്ത് നിന്ന് കൂട്ടംചേർന്ന് സിറാജിനെ പുറത്തേക്ക് വലിക്കുകയും മറ്റൊരു ഭാഗത്ത് നിന്ന് ഇയാളുടെ സഹോദരി പൊലീസ് ഉദ്യോഗസ്ഥനെ എതിർഭാഗത്തേക്ക് വലിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
ഈ സമയത്ത് മറ്റൊരു സബ് ഇൻസ്പെക്ടറായ എസ്. ഐ വൈശാഖ് കൃഷ്ണ ഫോൺ ചെയ്ത് വാഹനത്തിന്‍റെ പുറത്തു നിൽക്കുകയായിരുന്നു. ഫൈസലിനെ ആക്രമിച്ച് പ്രതിയെ വാഹനത്തിന് പുറത്തിറക്കിയ ഉടൻ വൈശാഖ് കയറി പിടിക്കാൻ എത്തിയെങ്കിലും കുടുംബാംഗങ്ങൾ തടയുന്നുണ്ട്. ഇതിനിടെ ഇരു പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് പിടികൂടാൻ ശ്രമിക്കുമ്പോഴും കൂട്ടമായി തടഞ്ഞ് പ്രതി ഒളിവിൽ കഴിഞ്ഞ സഹോദരിയുടെ വാടക വീട്ടിലേക്ക് ഓടിക്കയറി. ബഹളത്തിനിടെ ആറന്മുള പൊലീസ് എത്തിയപ്പോഴേക്കും സിറാജ് വീടിന്‍റെ പിൻഭാഗത്ത് കൂടി വിജനമായ റബ്ബർ തോട്ടത്തിലേക്ക് ഓടി മറഞ്ഞു. സംഭവ സമയത്തൊന്നും നാട്ടുകാരെ ഈ പരിസരത്ത് കാണുന്നുമില്ല.
കഴിഞ്ഞ ഞായറാഴ്ച്ച നടന്ന സംഭവത്തിന്‍റെ നിരവധി വീഡിയോകൾ പലരും പകർത്തിയുണ്ടെങ്കിലും കൃത്യമായ തെളിവ് ഇപ്പോഴാണ് പുറത്തായത്. നാട്ടുകാരിൽ ആരോ പകർത്തിയ വീഡിയോ ആണിത്. 15 വയസ്സുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ കുന്നിക്കോട് പൊലീസാണ് കണമുക്ക് സ്വദേശി ചരിവുകാലായിൽ സിറാജിനെ മഫ്തിയിൽ പിടികൂടാനെത്തിയത്. കുറ്റകൃത്യത്തിനു ശേഷം ഇയാൾ സഹോദരിയുടെ കാട്ടൂർപേട്ടയിലെ വാടക വീട്ടിൽ ഒളിവിൽ താമസിക്കുകയായിരുന്നു.
ഇതിനിടെ കസ്റ്റഡിയിലായ പ്രതി രക്ഷപ്പെട്ട സംഭവത്തിൽ തങ്ങൾക്കെതിരായ വകുപ്പുതല നടപടികൾ ഒഴിവാക്കാൻ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് കണ്ടാലറിയാവുന്ന നാട്ടുകാരായ 15ഓളം പേരെ കേസിൽ ഉൾപ്പെടുത്താൻ പൊലീസ് നീക്കംനടത്തുന്നുണ്ട്. സ്ത്രീകളുടെ കരച്ചിൽ കേട്ട് ഓടി എത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ട സംഭവത്തിൽ അയൽ കാർക്കും നാട്ടുകാർക്കും എതിരെ കേസ് എടുക്കാനുള്ള നീക്കത്തിൽ വൻ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. പൊലീസിന്‍റെ അറസ്റ്റ്ഭയന്ന് യുവാക്കൾ ഉൾപ്പെടെ നിരവധി പേരാണ് ഒരാഴ്ച്ചയായി കാട്ടൂർ പേട്ടയിൽ നിന്ന് മാറിനിൽക്കുന്നത്.
എന്നാൽ കുന്നിക്കോട് പൊലീസ് ഉദ്യോഗസ്ഥർ നൽകിയ പരാതിയിലാണ് തങ്ങൾ കേസെടുത്തതെന്നും ഇതിൽ പ്രതിയുടെ ഇയാളുടെ നാല് കുടുംബാംഗങ്ങളും സി.പി.ഐ അധ്യാപക സംഘടനയുടെ സംസ്ഥാന നേതാവായ തൻസീർ കാട്ടൂർ പേട്ടയും ഉൾപ്പെട്ടിട്ടുണ്ടെന്ന് ആറന്മുള പൊലീസ് വെളിപ്പെടുത്തിയിരുന്നു. പ്രതി രക്ഷപ്പെട്ട് അരമണിക്കൂർകഴിഞ്ഞാണ് താൻ സ്ഥലത്ത് എത്തിയതെന്ന് തൻസീർ പറയുന്നു. പുറത്തുവന്ന വിവിധ വീഡിയോ ദൃശ്യങ്ങൾപരിശോധിച്ചാണ് പൊലീസ് നാട്ടുകാരെ പ്രതികളാക്കാൻ നീക്കം നടത്തുന്നത്. ഇതിൽ ഉദ്യോഗസ്ഥരോട് തട്ടിക്കയറുന്ന ഭരണകക്ഷി നേതാക്കളെ തങ്ങൾക്ക് കണ്ടാൽ അറിയില്ലെന്ന നിലപാടിലാണ് ആറന്മുള പൊലീസ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...