കൊച്ചി: കോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍ പിറവം സെന്റ് മേരീസ് പള്ളിയിൽ പ്രവേശിച്ച് പ്രാര്‍ത്ഥന നടത്തി ഓർത്തഡോക്സ് വിഭാഗം.
പള്ളിയില്‍ കുർബാന നടത്താൻ ഹൈക്കോടതി ഇന്നലെ ഓര്‍ത്തഡോക്സ് വിഭാഗത്തിന് അനുമതി നല്‍കിയിരുന്നു.
സുപ്രീംകോടതി വിധിയുണ്ടായിട്ടും പിറവം പള്ളിയില്‍ ആരാധന നടത്താന്‍ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഓര്‍ത്തഡോക്സ് വിഭാഗം നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
ഫാ.സ്കറിയ വട്ടക്കാട്ടിലിന്റെ നേതൃത്വത്തിലാണ് ഓര്‍ത്തഡോക്സ് വിശ്വാസികള്‍ പള്ളിയില്‍ പ്രാര്‍ഥന നടത്തിയത്.
പോലീസ് ഏര്‍പ്പെടുത്തിയ കനത്ത സുരക്ഷയിലാണ് സഭാ വിശ്വാസികള്‍ പള്ളിയില്‍ പ്രവേശിച്ചത്.
പ്രതിഷേധങ്ങളൊന്നുമില്ലാതെ ഓര്‍ത്തഡോക്സ് വിഭാഗത്തിന് പള്ളിയില്‍ പ്രാര്‍ത്ഥന നടത്താന്‍ കഴിഞ്ഞു.
യാക്കോബായ വിശ്വാസികളുടെ ചെറിയ രീതിയിലുള്ള പ്രതിഷേധം ഉണ്ടായെങ്കിലും പോലീസ് ഇടപെട്ട് ഒതുക്കി.
അതേസമയം പ്രതിഷേധമായി യാക്കോബായ വിഭാഗം റോഡില്‍ പ്രാര്‍ത്ഥന നടത്തി. പള്ളി പരിസരത്ത് കര്‍ശന പൊലീസ് സുരക്ഷയാണുള്ളത്.
ഇടവകാംഗങ്ങൾക്ക് കുർബാനയിൽ പങ്കെടുക്കാൻ തടസമില്ലെങ്കിലും പള്ളിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയാൽ അവരെ ഉടൻ അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കാനാണ് പൊലീസിന് ഹൈക്കോടതി നിർദേശം നല്‍കിയിരിക്കുന്നത്.