തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ നയപ്രഖ്യാപനത്തെ വിമർശിച്ച് പ്രതിപക്ഷം. ബജറ്റിലെ കാര്യങ്ങൾ നയപ്രഖ്യാപനത്തിലും നയപ്രഖ്യാപനത്തിലെ കാര്യങ്ങൾ ബജറ്റിലുമാണ് സർക്കാർ പറയുന്നത്. ക്ഷേമ പെൻഷനുകൾ (Welfare Pension) കൃത്യമായി കൊടുക്കുന്നുണ്ടെന്നാണ് സർക്കാർ പറയുന്നത്. വൈകിയ പെൻഷനുകൾ കൊടുത്ത് തീർക്കുകയും ചെയ്യുന്നു. ഇത് രണ്ടും എങ്ങനെ ചേർന്ന് പോകുന്നുവെന്ന് വ്യക്തമാകുന്നില്ല. ക്ഷേമപെൻഷനുകൾ കൈകാര്യം ചെയ്യുന്നതിൽ വൈരുദ്ധ്യമുണ്ടെന്നും വിഡി സതീശൻ (VD Satheesan) ആരോപിച്ചു.
മൂന്ന് കാര്യങ്ങളെക്കുറിച്ച് പ്രതിപക്ഷത്തിന് പ്രതീക്ഷയുണ്ടായിരുന്നു. ഈ മഹാമാരിയുടെ പശ്ചാത്തലത്തിൽ ആരോഗ്യനയം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു. പുതിയ ആരോഗ്യനയം ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. കൊവിഡ് (Covid) രണ്ടാം തരംഗത്തിൽ സ്ഥിതിഗതികൾ സങ്കീർണമായിരുന്നു. ഈ പശ്ചാത്തലത്തിൽ മൂന്നാം തരംഗം നേരിടാൻ മികച്ച പുതിയ ആരോഗ്യനയം (Health Plan) വേണമായിരുന്നു. പുതിയ ആരോഗ്യനയം ഉണ്ടാകാതെ പോയത് ദൗർഭാഗ്യകരമാണെന്നും വിഡി സതീശൻ പറഞ്ഞു.
രണ്ടാമത് പ്രധാനപ്പെട്ട കാര്യമായ വിദ്യാഭ്യാസമാണ്. വിദ്യാഭ്യാസ രംഗത്ത് ഈ മഹാമാരിയുടെ പശ്ചാത്തലത്തിൽ പുതിയൊരു നയം പ്രതീക്ഷിച്ചിരുന്നു. മൂന്നാമത് ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ പുതിയൊരു നയം പ്രതീക്ഷിച്ചിരുന്നു. രൂക്ഷമായ കടൽക്ഷോഭവും മഴയുമാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇതിനെ എങ്ങനെ നേരിടുമെന്നത് സംബന്ധിച്ച് വ്യക്തമായ ധാരണ ആവശ്യമാണ്. ഈ മൂന്ന് കാര്യങ്ങളിൽ പുതിയ നയം ഉണ്ടാകണമായിരുന്നുവെന്നും വിഡി സതീശൻ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...