ബക്കറ്റിൽ ഉപേക്ഷിക്കപ്പെട്ട ആ ജീവൻ ഇന്ന് ആരോഗ്യവാൻ ; ആറന്മുളയിൽ അമ്മ ഉപേക്ഷിച്ച കുഞ്ഞ് ഇനി ഓമല്ലൂരിലെ സംരക്ഷണ കേന്ദ്രത്തിലേക്ക്

പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കുഞ്ഞിന് ബക്കറ്റിനുള്ള തുണിയൽ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കാത്തിരിക്കാൻ നോക്കാതെ പോലീസുകാർ ആ ബക്കറ്റുമായി ആശുപത്രിയിലേക്ക് ഓടുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Apr 19, 2023, 08:06 PM IST
  • പത്തനംതിട്ട ആറന്മുളയിലാണ് കുട്ടിയെ ബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്
  • കോട്ടയം മെഡിക്കൽ കോളജിൽ രണ്ടാഴ്ചയോളം ചികിത്സയിലായിരുന്നു
  • ശ്വാസംമുട്ടൽ, മഞ്ഞപ്പിത്തം ലക്ഷണങ്ങൾ, അവയവങ്ങളുടെ വളർച്ച കുറവ് തുടങ്ങിയ പ്രതിസന്ധികൾ കുട്ടി നേരിട്ടിരുന്നു
ബക്കറ്റിൽ ഉപേക്ഷിക്കപ്പെട്ട ആ ജീവൻ ഇന്ന് ആരോഗ്യവാൻ ; ആറന്മുളയിൽ അമ്മ ഉപേക്ഷിച്ച കുഞ്ഞ് ഇനി ഓമല്ലൂരിലെ സംരക്ഷണ കേന്ദ്രത്തിലേക്ക്

കോട്ടയം : അടുത്തിടെയാണ് പത്തനംതിട്ട ആറന്മുളയിൽ നവജാത ശിശുവിനെ അമ്മ ബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതും തുടർന്ന് പോലീസെത്തി കുട്ടിയെ രക്ഷപ്പെടുത്തിയ സംഭവം വാർത്തയായത്. പോലീസിന്റെ സമയോചിത ഇടപെടലിൽ കുഞ്ഞിന്റെ ജീവൻ രക്ഷപ്പെടുത്താനായത് കേരള പോലീസിന് മനം നിറഞ്ഞ കൈയ്യടി ലഭിക്കുകയും ചെയ്തു. അന്ന് പോലീസ് രക്ഷപ്പെടുത്തിയ ആ കുഞ്ഞ് ഇന്ന് ഏപ്രിൽ 19ന് ആരോഗ്യ നില മെച്ചപ്പെടുത്തി ആശുപത്രി വിട്ടു. 

കോട്ടയം മെഡിക്കൽ കോളജിലെ രണ്ടാഴ്ച നീണ്ട ചികിത്സയ്ക്കൊടുവിലാണ് നവജാത ശിശു ആശുപത്രിവാസം അവസാനിപ്പിച്ചത്. അതീവ ഗുരുതരാവസ്ഥയോടെയായിരുന്നു കുഞ്ഞിനെ കോട്ടയത്തെ മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. തുടർന്ന് ഐസിഎച്ചിലെ വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് കുഞ്ഞിന് വിദഗ്ധ ചികിത്സ ഒരുക്കിയിരുന്നത്. പത്തനംതിട്ട സി.ഡബ്ലിയു.സിയിലെ 4 കെയർടേക്കർമാരും 24 മണിക്കൂറും മാറിമാറി കുഞ്ഞിന് ഒപ്പമുണ്ടായിരുന്നു.

ALSO READ : Milma Price Hike : മിൽമ റിച്ച് പാലിന്റെ ഉയർത്തിയ വില പിൻവലിച്ചു; സ്മാർട്ടിന്റെ വിലവർധന നിലനിർത്തും

ജനനസമയത്ത് എട്ടുമാസം മാത്രം വളർച്ച ഉണ്ടായിരുന്ന കുഞ്ഞിന് 1.300 കിലോ ഭാരം മാത്രമാണുണ്ടായിരുന്നത്. ഇതിനുശേഷം ശ്വാസംമുട്ടൽ, മഞ്ഞപ്പിത്തം ലക്ഷണങ്ങൾ, അവയവങ്ങളുടെ വളർച്ച കുറവ് തുടങ്ങിയ പ്രതിസന്ധികളും നേരിട്ടിരുന്നു. എന്നാൽ ഐസിഎച്ചിലെ വിദഗ്ധ ഡോക്ടർമാരുടെ പരിചരണയിൽ ചികിത്സയിൽ കുഞ്ഞ് അതിവേഗം ആരോഗ്യനില വീണ്ടെടുക്കുകയായിരുന്നു എന്ന് കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.ജയകുമാർ പറഞ്ഞു. രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും ആശുപത്രിയിൽ എത്തിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തുമെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

ആരോഗ്യവാനായ കുഞ്ഞിനെ പത്തനംതിട്ടയിലെ ശിശുക്ഷേമ സമിതി ഏറ്റെടുത്ത് ഓമല്ലൂരിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പത്തനംതിട്ട സി ഡബ്ലിയു സിയിലെ കെയർ ഗിവർ രാജിയാണ് ഇന്ന് ഉച്ചയോടെ ആശുപത്രിയിൽ കുഞ്ഞിനെ ഏറ്റുവാങ്ങിയത്. കുഞ്ഞിനെ പിന്നീട് തണൽ അഭയ കേന്ദ്രത്തിന് കൈമാറാനാണ് സിഡബ്ല്യുസി അധികൃതരുടെ തീരുമാനം.

ഏപ്രിൽ നാലിനാണ് പോലീസ് കുഞ്ഞിനെ രക്ഷപ്പെടുത്തുന്നത്. ചെങ്ങന്നൂരിൽ ഉള്ള സ്വകാര്യ ആശുപത്രിയിൽ അമിത രക്തസ്രാവവുമായി ചികിത്സയ്ക്കായി എത്തിയ യുവതിയിൽ നിന്ന് രോഗ വിവരങ്ങൾ മനസ്സിലാക്കുന്നതിനിടെ യുവതി രാവിലെ വീട്ടിൽ വച്ച് പ്രസവിച്ചതാണെന്നും കുട്ടിയെ കുളിമുറിയിൽ ബക്കറ്റിൽ ഇട്ടിട്ടുള്ളതുമായി ആശുപത്രി അധികൃതർക്ക് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ആശുപത്രി അധികൃതർ ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. യുവതിയുടെ മൂത്ത മകൻ നൽകിയ വിവരങ്ങളെ തുടർന്നാണ് കുഞ്ഞിനെ പോലീസിന് രക്ഷിക്കാനായത്. 

ആശുപത്രി അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇവരുടെ വീട്ടിലെത്തിയപ്പോൾ കുഞ്ഞിനെ തുണിയിൽ പൊതിഞ്ഞ നിലയിൽ ബക്കറ്റിനുള്ളിൽ കണ്ടെത്തിയത്. കുഞ്ഞിന് ജീവൻ ഉണ്ടെന്ന് മനസിലാക്കിയ പോലീസ് ഉടൻ തന്നെ ബക്കറ്റുമായി ജീപ്പിനടുത്തേക്ക് ഓടി. ആദ്യം ചെങ്ങന്നൂരിലെ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. നവജാത ശിശുവിനെ ഉപേക്ഷിച്ചതിന് ജൂവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരവും യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News