ഭരണഘടനാ സംരക്ഷണം നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ പ്രധാന മുദ്രാവാക്യമാകണം: മുഖ്യമന്ത്രി

അയിത്തം, തീണ്ടൽ, തൊടീൽ തുടങ്ങിയവയെയെല്ലാം നിയമവിരുദ്ധമാക്കുകയും ഇക്കാര്യങ്ങൾക്കു നിഷ്‌കർഷിക്കുന്നവർക്കെതിരേ നിയമ നടപടികൾക്കാവശ്യമായ സാഹചര്യമൊരുക്കുകയും സാമൂഹ്യ നീതി ഉറപ്പാക്കുകയും ചെയ്യുന്നതു ഭരണഘടനയാണ്.

Written by - Zee Malayalam News Desk | Last Updated : Aug 4, 2022, 08:42 PM IST
  • സാമൂഹിക അസമത്വങ്ങൾക്കും വേർതിരിവുകൾക്കുമെതിരേ വ്യക്തമായ നിലപാടുള്ളതാണു രാജ്യത്തിന്റെ ഭരണഘടനയെന്നു മുഖ്യമന്ത്രി പറഞ്ഞു.
  • നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിന് ഇത് ഏറ്റവും അനുഗുണമാണ്.
  • നാം പൊരുതി നേടിയ അവകാശങ്ങൾക്കും സ്വാതന്ത്ര്യങ്ങൾക്കുമെതിരായാണ് അവ ആത്യന്തികമായി സംഭവിക്കുന്നതെന്നു കാണാതിരിക്കരുത്.
  • അവകാശങ്ങളും സ്വാതന്ത്ര്യവും ഇല്ലാതാക്കാനാണു ഭരണഘടനയ്ക്കെതിരായ നീക്കമെന്നു തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഭരണഘടനാ സംരക്ഷണം നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ പ്രധാന മുദ്രാവാക്യമാകണം: മുഖ്യമന്ത്രി

തിരുവനന്തപുരം :  ഭരണഘടനാ സംരക്ഷണമെന്നതു നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ പ്രധാന മുദ്രാവാക്യമായി മാറണമെന്നു മുഖ്യമന്ത്രി പിറണായി വിജയൻ. ഭരണഘടനാ സംരക്ഷണത്തിനു വലിയ ജനകീയ ക്യാംപെയിൻ ഉയർത്തിക്കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സാമൂഹിക അസമത്വങ്ങൾക്കും വേർതിരിവുകൾക്കുമെതിരേ വ്യക്തമായ നിലപാടുള്ളതാണു രാജ്യത്തിന്റെ ഭരണഘടനയെന്നു മുഖ്യമന്ത്രി പറഞ്ഞു. നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിന് ഇത് ഏറ്റവും അനുഗുണമാണ്. അയിത്തം, തീണ്ടൽ, തൊടീൽ തുടങ്ങിയവയെയെല്ലാം നിയമവിരുദ്ധമാക്കുകയും ഇക്കാര്യങ്ങൾക്കു നിഷ്‌കർഷിക്കുന്നവർക്കെതിരേ നിയമ നടപടികൾക്കാവശ്യമായ സാഹചര്യമൊരുക്കുകയും സാമൂഹ്യ നീതി ഉറപ്പാക്കുകയും ചെയ്യുന്നതു ഭരണഘടനയാണ്. ഭരണഘടനയ്‌ക്കെതിരേ  ഇന്ന് ആസൂത്രിത നീക്കങ്ങൾ രാജ്യത്തുണ്ടാകുന്നുണ്ട്. നാം പൊരുതി നേടിയ അവകാശങ്ങൾക്കും സ്വാതന്ത്ര്യങ്ങൾക്കുമെതിരായാണ് അവ ആത്യന്തികമായി സംഭവിക്കുന്നതെന്നു കാണാതിരിക്കരുത്. അവകാശങ്ങളും സ്വാതന്ത്ര്യവും ഇല്ലാതാക്കാനാണു  ഭരണഘടനയ്ക്കെതിരായ നീക്കമെന്നു തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഭരണഘടനയെ സംരക്ഷിക്കുമ്പോൾത്തന്നെ നിലവിലുള്ള നിയമങ്ങൾ മനസിലാക്കുകയെന്നതും പ്രധാനമാണ്. നിയമ സാക്ഷരതാ യജ്ഞം ഇന്നത്തെ കാലം ആവശ്യപ്പെടുന്നതാണ്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം രാജ്യം വലിയ പ്രാധാന്യത്തോടെ ആഘോഷിക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് 13, 14, 15 തീയതികളിൽ വീടുകളിൽ ദേശീയ പതാക ഉയർത്താൻ തീരുമാനിച്ചിട്ടുണ്ട്. കഴിയാവുന്നത്ര എല്ലാവരും ഇതിൽ പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

മനുഷ്യനെ മനുഷ്യരായി തുല്യതയോടെ കാണുകയും ചെയ്യുന്ന കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കിയാണു നവോത്ഥാന പ്രസ്ഥാനങ്ങളും പുരോഗമന പ്രസ്ഥാനങ്ങളും ജനകീയ വിഷയങ്ങളിൽ പ്രക്ഷോഭങ്ങൾ നടത്തിയിട്ടുള്ളത്്. കേരളത്തിൽ അധികാരത്തിൽവന്ന പുരോഗമന സർക്കാരുകളെല്ലാം ഇത്തരം മാറ്റങ്ങൾക്കും മുന്നേറ്റങ്ങൾക്കും അടിത്തറ പാകുംവിധം ഇടപെടുകയും ചെയ്തു. ഇവയെ പിന്നോട്ടടിപ്പിക്കാനുള്ള ആസൂത്രിത നീക്കം വളർന്നുവന്നപ്പോഴാണ് ആ നീക്കങ്ങളെ പ്രതിരോധിക്കുന്നതിനായി നവോത്ഥാന മൂല്യ സംരക്ഷണ സമിതി രൂപംകൊണ്ടത്. മാതൃകാപരമായ പ്രവർത്തനങ്ങൾ സമിതിക്കു നടത്താൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ സമൂഹത്തെ പിന്നോട്ടടിപ്പിക്കാൻ ശ്രമിക്കുന്ന ശക്തികൾ ഇപ്പോഴും സജീവമാണ്. അതിനുവേണ്ടി പല മാർഗങ്ങളും അവർ സ്വീകരിക്കുന്നു. ജാതീയമായും മതപരമായും വേർതിരിവുകളുണ്ടാക്കുകയും ലിംഗതുല്യതയുടെ കാഴ്ചപ്പാടിനെ അട്ടിമറിക്കാനുമുള്ള ശ്രമങ്ങളാണ് ഇവർ നടത്തുന്നത്. അതിനെല്ലാമെതിരേ ശക്തമായ പ്രതിരോധം തീർക്കേണ്ടതുണ്ട്. വിട്ടുവീഴ്ചയില്ലാതെ ഇത്തരം ശക്തികളെ പ്രതിരോധിച്ചാൽ മാത്രമേ ശാന്തവും സമാധാനപരവുമായ സാമൂഹിക ജീവിതം ഉറപ്പുവരുത്താനാകുയെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

എല്ലാം വർഗീയതയുടെ ഭാഗമാക്കി ആളുകളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ ഈ ശക്തികൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇക്കൂട്ടർ വർഗീയമായ കണ്ണുകളോടെ പിന്തിരിപ്പനായ അഭിപ്രായ പ്രകടനങ്ങൾ നടത്തുകയും അതു മുൻനിർത്തിയുള്ള പ്രചാരണങ്ങൾ സമൂഹത്തിൽ നടത്തുകയും ചെയ്യുന്നു. ഇത് അപകടകരവും ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതുമാണ്. ഇതിനെതിരായ വലിയ ക്യാംപെയിൻ സമൂഹത്തിൽ ഉയർത്തിക്കൊണ്ടുവരാനാകണം. നവോത്ഥാന സംരക്ഷണ സമിതി ഇത്തരം പ്രവർത്തനങ്ങൾ നേരത്തേ നടത്തിയിട്ടുണ്ട്. പക്ഷേ വിശ്രമിക്കാൻ സമയമായിട്ടില്ല. ഇനിയും നല്ല രീതിയിൽ ഈ നീക്കങ്ങൾക്കെതിരേ രംഗത്തുണ്ടാകണം. സ്ത്രീധനത്തെച്ചൊല്ലിയുള്ള പീഡനം, കൊലപാതകം തുടങ്ങിയ സമൂഹത്തിനു ചേരാത്ത കാര്യങ്ങൾ പലേടത്തും സംഭവിക്കുകയാണ്. സ്ത്രീപുരുഷ സമത്വത്തിന്റെയും ലിംഗനീതിയുടേയും കാഴ്ചപ്പാടുകൾ സമൂഹം പൊതുവേ അംഗീകരിക്കണം. കുട്ടികളിൽ ഇത്തരം മനോഭാവം വളർത്തിയെടുക്കാൻ പാഠപുസ്തകങ്ങൾ നവീകരിക്കുന്നതിനും പുനഃക്രമീകരിക്കുന്നതിനുമുള്ള പദ്ധതി തയാറാക്കിയിട്ടുണ്ട്. പ്രതിലോമ നിലപാടുകളുടെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടുക, ഏതു വിഷയത്തേയും ശാസ്ത്രീയതയുടേയും മാനവികതയുടേയും അടിസ്ഥാനത്തിൽ സമീപിക്കാൻ കഴിയുന്ന സാഹചര്യം സമൂഹത്തിൽ സൃഷ്ടിക്കുക എന്നിവയ്ക്ക് നല്ല ഇടപെടൽ നടത്തണം. അങ്ങനെ വന്നാലേ ആസൂത്രിതമായി വേർതിരിവിനും ശിഥിലീകരണത്തിനും ശ്രമിക്കുന്ന ശക്തികൾക്കു തടയിടാൻ കഴിയൂ. ശാന്തവും സമാധാനപരവുമായ സാമൂഹിക അന്തരീക്ഷം നിലനിർത്താൻ അത്യന്താപേക്ഷിതമാണിതെന്ന മുഖ്യമന്ത്രി വ്യക്തമാക്കി.

നാട് എല്ലാ രീതിയിലും കൂടുതൽ അഭിവൃദ്ധിയിലേക്കു നീങ്ങുന്നതിനുള്ള നടപടികളാണു സർക്കാർ സ്വീകരിക്കുന്നത്. വരുന്ന 25 വർഷംകൊണ്ടു കേരളത്തെ ലോകത്തിലെ വികസിത രാഷ്ട്രങ്ങളിലെ മധ്യവരുമാന രാഷ്ട്രങ്ങളുടെ നിലയിലേക്ക് ഉയർത്തണമെന്ന സങ്കൽപ്പത്തോടെയാണു സർക്കാർ നീങ്ങുന്നത്. ഇതൊക്കെ സാധിക്കുന്നതാണോയെന്നു ചിന്തിക്കുന്നവർ കാണും. ചില കാര്യങ്ങൾ ആദ്യം കേൾക്കുമ്പോൾ മലർപ്പൊടിക്കാരന്റെ സ്വപ്നമല്ലേയെന്നു തോന്നാറുണ്ട്. അഞ്ചു വർഷം മുൻപ് കിഫ്ബി പുനഃസ്ഥാപിക്കുമ്പോൾ, ഇതിന് എവിടുന്നു പണം കിട്ടാനാണെന്ന ചോദ്യമുണ്ടായിരുന്നു. 50,000 കോടി രൂപയുടെ പശ്ചാത്തല സൗകര്യ വികസനം കേരളത്തിൽ ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു കിഫ്ബിയുടെ പ്രവർത്തനം. അഞ്ചു വർഷം പൂർത്തിയാകുമ്പോൾ 62,000 കോടി രൂപയുടെ പദ്ധതികൾ നമ്മുടെ നാട്ടിൽ വിവിധ തലങ്ങളിൽ ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. നടക്കാത്തതാണെന്നു തോന്നുമെങ്കിലും സാധ്യമായ കാര്യങ്ങളാണു സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. ഒറ്റക്കെട്ടായി നിന്നാൽ കേരളത്തിലെ മധ്യവരുമാന രാജ്യങ്ങളുടെ നിലവാരത്തിലേക്ക് കേരളത്തെ ഉയർത്താൻ കഴിയും. ഇതിനുള്ള വിഭവശേഷി കേരളത്തിലുണ്ട്. കാർഷിക, വ്യാവസായിക രംഗങ്ങൾ ഇതിനു പറ്റിയ രീതിയിൽ അഭിവൃദ്ധിപ്പെടണം. നൈപുണ്യ വികസനം നല്ലതുപോലെ ഉയർത്തണം. ചെറുപ്പക്കാർക്കെല്ലാം തൊഴിൽ ലഭിക്കുന്ന അവസ്ഥയുണ്ടാകണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

പരമദരിദ്രരായ 60000ൽപ്പരം കുടുംബങ്ങൾ  ഇപ്പോൾ കേരളത്തിലുണ്ട്. ഇവരെ പരമ ദരിദ്രാവസ്ഥയിൽനിന്നു മോചിപ്പിക്കുകയെന്നതാണു അടുത്ത ലക്ഷ്യം. ഇതിനുള്ള നടപടികളിലേക്കു സർക്കാർ ഉടൻ കടക്കും. നാടിനെ വിജ്ഞാന സമ്പദ് ഘടനയായും നൂതനത്വ സമൂഹമായും പരിവർത്തിപ്പിക്കാനുള്ള വലിയ ലക്ഷ്യത്തിലേക്കു സർക്കാർ നീങ്ങുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാസ്‌കറ്റ് ഹോട്ടലിൽ നടന്ന പൊതുയോഗത്തിൽ സമിതി ചെയർമാനും എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറിയുമായി വെള്ളാപ്പള്ളി നടേശൻ അധ്യക്ഷത വഹിച്ചു. ധനമന്ത്രി കെ.എൻ. ബാലഗോപാൽ, കെ. ശാന്തകുമാരി എം.എൽ.എ, മുൻ എം.പി. കെ. സോമപ്രസാദ്, പുന്നല ശ്രീകുമാർ, പി. രാമഭദ്രൻ, പി.ആർ. ദേവസാദ് തുടങ്ങിയവർ പങ്കെടുത്തു.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News