ഇന്ന് രാജ്യം 25 - മത് വായനദിനം ആചരിക്കുകയാണ്. ഇന്ത്യയുടെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പിതാവ് - പുതുവയിൽ നാരായണ പണിക്കരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്. "വായിച്ച് വളരുക" എന്ന സന്ദേശമാണ് വായനാദിനത്തിൽ പങ്ക് വെക്കുന്നത്. ഈ ആഴ്ച ഇന്ത്യയിൽ ഒട്ടാകെ വായന വാരം ആയിയാണ് കണക്കാക്കുന്നത്. കൂടാതെ ജൂൺ 19 മുതൽ ജൂലൈ 18 വരെ വായന മാസവും ആചരിക്കാറുണ്ട്. വായനയ്ക്ക് പ്രാധാന്യം കുറഞ്ഞ് വരുന്ന ഇന്നത്തെ ഡിജിറ്റൽ കാലത്ത് വായന ദിനത്തിന് ഏറെ പ്രാധാന്യമുണ്ട്.
വായന ദിനത്തിന്റെ ഭാഗമായി സ്കൂളുകളും കോളേജുകളും നിരവധി പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. കൂടാതെ നിരവധി സംഘടനകൾ ഓൺലൈൻ പരിപാടികളും നടത്താറുണ്ട്. സിബിഎസ്ഇയും സ്കൂളുകളോട് ഈ ദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ സ്കൂളുകൾ വിദ്യാർഥികൾക്കായി ഒരു മാസം നീണ്ട പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
ALSO READ: NEET UG Exams: പരീക്ഷ നീട്ടിവെക്കണം; വിദ്യാഭ്യാസ മന്ത്രിക്ക് കത്തെഴുതി നീറ്റ് യുജി പരീക്ഷാർഥികൾ
ആലപ്പുഴ നീലംപേരൂരിൽ 1909 മാർച്ച് 1 നാണ് പുതുവയിൽ നാരായണ പണിക്കർ ജനിച്ചത്. അച്ഛൻ ഗോവിന്ദപ്പിള്ള , അമ്മ ജാനകിയമ്മ. വായന ഏറെ ഇഷ്ടപ്പെട്ടിരുന്ന പണിക്കരുടെ മനസ്സിൽ വായനശാല എന്ന ആശയം രൂപം കൊള്ളുകയായിരുന്നു. കൂട്ടുകാർക്കൊപ്പം വീടുകൾ കയറി പുസ്തകങ്ങൾ ശേഖരിച്ച് ജന്മനാട്ടിൽ 'സനാതനധർമം' വായനശാല ആരംഭിച്ചാണ് അദ്ദേഹം ഗ്രന്ഥശാലാ പ്രസ്ഥാനം ആരംഭിച്ചത്.
കേരളത്തിലുടനീളം സഞ്ചരിച്ച് "വായിച്ചു വളരുക; ചിന്തിച്ച് വിവേകം നേടുക" എന്ന് അദ്ദേഹം കുട്ടികളോട് ആഹ്വാനം ചെയ്തു. 1945 സെപ്റ്റംബറിൽ തിരുവിതാംകൂർ ഗ്രന്ഥശാല സമ്മേളനം സംഘടിപ്പിച്ചു.1947 ൽ ഗ്രന്ഥശാലാസംഘം രജിസ്റ്റർ ചെയ്തു. 1949 ജൂലൈയിൽ തിരു-കൊച്ചി ഗ്രന്ഥശാലസംഘം എന്നാക്കി. 1958 ൽ കേരള ഗ്രന്ഥശാലാസംഘം ഉണ്ടായി. ഗ്രന്ഥശാല ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാവരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിനായി അദ്ദേഹം പ്രവർത്തിച്ചു.
നിരക്ഷരതാ നിർമാർജ്ജനത്തിനായി 1977-ൽ കേരള അനൗപചാരിക വിദ്യാഭാസ വികസന സമിതിക്ക് (KANFED : കാൻഫെഡ്) രൂപം നൽകി. 1970 നവംബർ -ഡിസംബർ മാസങ്ങളിൽ പാറശ്ശാല മുതൽ കാസർഗോഡ് വരെ പണിക്കരുടെ നേതൃത്വത്തിൽ കാൽനടയായി നടത്തിയ സാംസ്കാരിക ജാഥ കേരള ചരിത്രത്തിലെ പ്രധാന ഏടുകളിലൊന്നാണ്. "വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക" എന്നതായിരുന്നു ജാഥയുടെ മുദ്രാവാക്യം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...