ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ (Mullaperiyar dam) ജലനിരപ്പ് കുറഞ്ഞു. 138.50 അടിയായാണ് ജലനിരപ്പ് കുറഞ്ഞത്. അണക്കെട്ടിലേക്കുള്ള നീരൊഴുക്കിൽ കുറവ് വന്നതോടെ സ്പിൽവേയിലെ ഏഴ് ഷട്ടറുകളും തമിഴ്നാട് അടച്ചു. ഇനി അടയ്ക്കാനുള്ളത് ഒരു ഷട്ടർ മാത്രമാണ്. സെക്കൻറിൽ 980 ഘനയടി വെള്ളമാണ് ഇപ്പോൾ സ്പിൽവേ വഴി ഇടുക്കിയിലേക്ക് (Idukki dam) ഒഴുകുന്നത്. ഇടുക്കിയിലെ ജലനിരപ്പ് (Water level) ഉയർന്ന് 2398.72 അടിയിലെത്തി. 2398.79 അടിയാണ് ഇടുക്കി അണക്കെട്ടിലെ റെഡ് അലർട്ട് ലെവൽ.
അതേസമയം, മുല്ലപ്പെരിയാറിൽ ബേബി ഡാം ശക്തിപ്പെടുത്തി അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്ന് തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈ മുരുകൻ പറഞ്ഞു. മുല്ലപ്പെരിയാർ ഡാം സന്ദർശിച്ചതിന് ശേഷം തേക്കടിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് തമിഴ്നാട് മന്ത്രി ഇക്കാര്യം അറിയിച്ചത്. അതേസമയം പുതിയ ഡാം വേണമെന്നുള്ള കേരളത്തിന്റെ ആവശ്യം തമിഴ്നാട് തള്ളി.
ബേബി ഡാം ബലപ്പെടുത്താൻ കേരളത്തിന്റെ അനുമതി ആവശ്യമുണ്ടെന്ന് ദുരൈമുരുകൻ അറിയിച്ചു. ബേബി ഡാമിന് സമീപത്ത് നിൽക്കുന്ന മൂന്ന് മരങ്ങൾ മുറിച്ച് മാറ്റണം. ഇതിന് കേരളത്തിന്റെ അനുമതി ആവശ്യമാണ്. എന്നാൽ കേരളത്തിനോട് ഇക്കാര്യം ആവശ്യപ്പെട്ടപ്പോൾ വനം വകുപ്പുമായി സംസാരിക്കണമെന്നാണ് മറുപടി നൽകിയത്.
ഇക്കാര്യങ്ങളിൽ തീരുമാനമുണ്ടായാൽ ബേബി ഡാം ബലപ്പെടുത്തുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കും. ബേബി ഡാം ബലപ്പെടുത്തിയാൽ മുല്ലപ്പെരിയാറിൽ ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്നും തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈമുരുകൻ അറിയിച്ചു.
ALSO READ: Mullaperiyar : കേരളത്തിന്റെ ആവശ്യപ്രകാരം മുല്ലപ്പെരിയാറിൽ നിന്ന് വെള്ളം തുറന്ന് വിട്ടതിന് എം.കെ സ്റ്റാലിനെതിരെ AIADMK സമരത്തിന് ആഹ്വാനം ചെയ്തു
സംസ്ഥാനത്തെ ഏഴ് അണക്കെട്ടുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കെഎസ്ഇബിയുടെ കീഴിലുള്ള ഇടുക്കി ജില്ലയിലെ പൊന്മുടി, കുണ്ടള, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ എന്നീ ഡാമുകളിലും, തൃശൂർ ജില്ലയിലെ പെരങ്ങൽകുത്ത് ഡാമിലും, പത്തനംതിട്ടയിലെ മൂഴിയാർ ഡാമിലുമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...