കണ്ണൂർ: കണ്ണൂർ ജില്ലയില്‍ കൊതുക് ജന്യ, ജല ജന്യ രോഗങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യതയുണ്ടെന്നും ഇത്തരം രോഗങ്ങള്‍ക്ക് എതിരെ ജാഗ്രത വേണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. കടുത്ത വേനലിനെ തുടര്‍ന്ന് കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തിലും ഇടവിട്ട് മഴ ലഭിച്ച സാഹചര്യത്തിലും കൊതുക് ജന്യ, ജല ജന്യ രോഗങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ജില്ലയില്‍ ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ കൊതുക് ജന്യ രോഗങ്ങളും മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യ രോഗങ്ങളും വര്‍ധിക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. ഈ വര്‍ഷം ഇതുവരെ ജില്ലയില്‍ 1149 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
2023 ല്‍ 79 ഉം 2022 ല്‍ 40 ഉം മാത്രമായിരുന്നു ഡെങ്കിപ്പനി ബാധിതരുടെ എണ്ണം. ജില്ലയിലെ സാംക്രമിക രോഗങ്ങളുടെ നിലവിലെ സ്ഥിതി ചര്‍ച്ച ചെയ്യുന്നതിനും മഴക്കാല പൂര്‍വ്വ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ വിവിധ വകുപ്പുകളുമായി ഏകോപിച്ച് നടപ്പിലാക്കുന്നതിനും എഡിഎം നവീന്‍ ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സ്ഥിതിഗതികൾ വിലയിരുത്തിയത്.
ALSO READ: മേയ് 7 ലോക ആസ്ത്മ ദിനം; കൃത്യമായ ചികിത്സയിലൂടെ ആസ്ത്മ നിയന്ത്രണവിധേയമാക്കാം
ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സി സച്ചിന്‍ ജില്ലയിലെ സാംക്രമിക രോഗങ്ങളുടെ സ്ഥിതിവിവര കണക്കുകള്‍ അവതരിപ്പിച്ചു. ഹെപ്പറ്റൈറ്റിസ്-എ അഥവാ മഞ്ഞപ്പിത്ത രോഗവും ജില്ലയില്‍ വര്‍ധിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2023 ല്‍ 28 പേര്‍ക്കാണ് രോഗം ബാധിച്ചതെങ്കില്‍ ഈ വര്‍ഷം 145 പേര്‍ക്ക് മഞ്ഞപ്പിത്ത ബാധ റിപ്പോർട്ട് ചെയ്തു.
ജില്ലയിലെ ചില പ്രദേശങ്ങളില്‍ മഞ്ഞപ്പിത്തം വ്യാപകമായി വർധിച്ചതാണ് രോഗ തോത് ഉയരാൻ കാരണം. മലിനമായ കിണറുകളും വിവാഹം തുടങ്ങിയ പാര്‍ട്ടികളിലെ വെല്‍ക്കം ഡ്രിങ്ക് തുടങ്ങിയവയും മേളകളില്‍ വില്‍ക്കപ്പെടുന്ന ഐസ് ജ്യൂസ് എന്നിവയും രോഗം പകരുന്നതിന് കാരണമാകുന്നുണ്ടെന്നാണ് വിലയിരുത്തൽ. ചില പ്രദേശങ്ങളില്‍ എലിപ്പനി കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
പ്രതിരോധ നിര്‍ദേശങ്ങള്‍
കൊതുകുകള്‍ പെരുകുന്നത് തടയാന്‍ വെള്ളക്കെട്ടുകള്‍ ഒഴിവാക്കി ഉറവിട നശീകരണം നടത്തണം. കൊതുക് കടിയേല്‍ക്കാതിരിക്കാനാവശ്യമായ ലേപനങ്ങളോ വലയോ ഉപയോഗിക്കുക. വെള്ളം ശേഖരിച്ചുവെക്കുന്ന പാത്രങ്ങള്‍ അടച്ചുസൂക്ഷിക്കുക. ആഴ്ചയില്‍ ഒരു ദിവസം ഡ്രൈഡേ ആചരിക്കുക.
വീടുകളിലെ ഇന്‍ഡോര്‍ പ്ലാന്റുകളുടെ വെള്ളം നിര്‍ബന്ധമായും ആഴ്ചയില്‍ ഒരു ദിവസം മാറ്റണം. ജില്ലയില്‍ പലയിടത്തും വീടുകളുടെ അകത്തു സൂക്ഷിച്ചിരിക്കുന്ന ഇന്‍ഡോര്‍ പ്ലാന്റുകളിലെ വെള്ളത്തില്‍ കൊതുക് വളരുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും അതിനാല്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ഉണ്ടാകണമെന്നും ഡോ. കെ.സി സച്ചിൻ പറഞ്ഞു.
കടുത്ത വേനലിനെ തുടര്‍ന്ന് കുടിവെള്ളമടക്കം മലിനമാകാനുള്ള സാധ്യത വര്‍ധിച്ചിരിക്കുന്നതിനാൽ ഇക്കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നാണ് ആരോഗ്യ വകുപ്പ് നിർദേശം നൽകിയിരിക്കുന്നത്. കുടിക്കാനും പാചകത്തിനും തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കണം. കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യണം.
തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്‍ജനം പാടില്ല. മലമൂത്ര വിസര്‍ജന ശേഷം കൈകാലുകള്‍ വൃത്തിയായി കഴുകണം. ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശേഷവും കൈകള്‍ വൃത്തിയായി കഴുകുക. പൊതു ടാപ്പുകളും കിണറുകളും വൃത്തിയായി സൂക്ഷിക്കുക. എലികൾ വഴിയാണ് എലിപ്പനി പടരുന്നത്. അതിനാല്‍ എലി മൂത്രം കലരാന്‍ സാധ്യതയുള്ള വെള്ളവുമായി സമ്പര്‍ക്കമുണ്ടാകുന്നത് ഒഴിവാക്കണം.
ALSO READ: മല്ലിയില ചായയുടെ ഗുണങ്ങൾ അറിഞ്ഞാൽ ഇപ്പോൾ തന്നെ തയ്യാറാക്കും
ശരീരത്തില്‍ മുറിവോ വിണ്ട് കീറിയ പാദങ്ങളോ ഉള്ളവര്‍ എലി മൂത്രം കലര്‍ന്ന വെള്ളത്തില്‍ ചവിട്ടുകയോ കുളിക്കുകയോ ചെയ്താല്‍ ബാക്ടീരിയ ശരീരത്തില്‍ പ്രവേശിക്കും. അതിനാല്‍ കാലിൽ മുറിവുകളോ വിള്ളലോ ഉള്ള ആളുകൾ മലിന ജലവുമായുള്ള സമ്പർക്കം ഒഴിവാക്കണം. കണ്ണുകള്‍, വായ എന്നിവയിലൂടെയും ബാക്ടീരിയ ശരീരത്തില്‍ പ്രവേശിക്കാൻ സാധ്യതയുണ്ട്.
എലി പെറ്റുപെരുകുന്ന സാഹചര്യം ഒഴിവാക്കുക, ശരീരത്തില്‍ മുറിവ്, വിണ്ടുകീറിയ പാദം എന്നിവ ഉള്ളവര്‍ മലിന ജലവുമായുള്ള സമ്പര്‍ക്കം ഒഴിവാക്കാന്‍ ശ്രദ്ധിക്കുക എന്നിവയാണ് എലിപ്പനി പ്രതിരോധത്തിനുള്ള മാര്‍ഗങ്ങള്‍. തൊഴിലുറപ്പ് തൊഴിലാളികള്‍, കര്‍ഷ തൊഴിലാളികള്‍, തെങ്ങുകയറ്റ തൊഴിലാളികള്‍, കര്‍ഷകര്‍, മൃഗ പരിപാലകര്‍, ശുചീകരണ തൊഴിലാളികള്‍ തുടങ്ങി മലിന ജല സമ്പര്‍ക്ക സാധ്യതയുള്ള തൊഴില്‍ ചെയ്യുന്നവര്‍ ആഴ്ചയില്‍ ഒരിക്കല്‍ ഡോക്‌സി സൈക്ലിന്‍-200 മില്ലിഗ്രാം ഗുളിക ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം കഴിച്ചാല്‍ രോഗ സാധ്യത തടയാൻ സാധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.