AI: വീഡിയോ കോളിൽ കൂട്ടുകാരൻ; എ ഐ സഹായത്തോടെ മുഖം മാറ്റി പണം തട്ടിയതായി പരാതി

AI fraud case in Kozhikode: പണം ഹൈദരാബാദിലേയ്ക്കാണ് പോയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

Written by - Zee Malayalam News Desk | Last Updated : Jul 16, 2023, 08:39 AM IST
  • കോഴിക്കോട് ചാലപ്പുറം സ്വദേശി പി എസ് രാധാകൃഷ്ണനാണ് തട്ടിപ്പിന് ഇരയായത്.
  • ഈ മാസം ഒമ്പതിനാണ് സുഹൃത്തിൻറേതെന്ന പേരിൽ ഫോൺ എത്തിയത്.
  • കോൾ ഇന്ത്യാ ലിമിറ്റഡിൽ നിന്നും വിരമിച്ച ഉദ്യോ​ഗസ്ഥനാണ് പി എസ് രാധാകൃഷ്ണൻ.
 AI: വീഡിയോ കോളിൽ കൂട്ടുകാരൻ; എ ഐ സഹായത്തോടെ മുഖം മാറ്റി പണം തട്ടിയതായി പരാതി

കോഴിക്കോട്: ആർട്ടിഫിഷ്യൽ ഇൻറലിജൻസിൻറെ തട്ടിപ്പ് സാമ്പത്തിക തട്ടിപ്പ് നടത്തിയതായി പരാതി. എ ഐ ഉപയോ​ഗിച്ച് സുഹൃത്തിൻറെ മുഖം നി‍‌ർമ്മിച്ച് വീഡിയോ കോൾ ചെയ്ത് പണം തട്ടിയെന്ന പരാതിയുമായി കോഴിക്കോട് ചാലപ്പുറം സ്വദേശി പി എസ് രാധാകൃഷ്ണൻ രം​ഗത്തെത്തി. 40,000 രൂപയാണ് രാധാകൃഷ്ണന് നഷ്ടമായത്. 

കോൾ ഇന്ത്യാ ലിമിറ്റഡിൽ നിന്നും വിരമിച്ച ഉദ്യോ​ഗസ്ഥനാണ് പി എസ് രാധാകൃഷ്ണൻ. ഈ മാസം ഒമ്പതിനാണ് സുഹൃത്തിൻറേതെന്ന പേരിൽ ഫോൺ എത്തിയത്. മുമ്പ് കൂടെ ജോലി ചെയ്തിരുന്നയാളാണെന്ന് പറഞ്ഞാണ് സുഹൃത്തിൻറെ പേരിൽ ത‌‌‍‌‌‌‌ട്ടിപ്പുകാരൻ വീഡിയോ കോൾ ചെയ്തത്. രാത്രി പലവട്ടം കോൾ വന്നിരുന്നെങ്കിലും എടുത്തില്ല. അ‌ടുത്ത ദിവസം രാവിലെ നെറ്റ് ഓൺ ചെയ്ത ശേഷം ഫോൺ നോക്കിയപ്പോഴാണ് അതേ നമ്പറിൽ നിന്ന് തന്നെ വാട്സ്ആപ്പ് സന്ദേശങ്ങളും വന്നതായി കണ്ടെത്തിയത്. 

ALSO READ: പിഎസ്സി 22-ാം റാങ്ക്;റാങ്ക് പട്ടിക, അഡ്വൈസ് എല്ലാം വ്യാജം; താലൂക്ക് ഓഫീസില്‍ ജോലിക്കെത്തിയ യുവതിയെ അറസ്റ്റ് ചെയ്തു

മുമ്പ് ഒരുമിച്ച് ജോലി ചെയ്തിരുന്ന ആന്ധ്രാ സ്വദേശിയാണെന്ന് പറഞ്ഞാണ് തട്ടിപ്പുകാരൻ പരിചയപ്പെടുത്തിയത്. വാട്സ്ആപ്പിൽ ഇതിനായി ഫോ‌ട്ടോ സഹിതം അയച്ചിരുന്നു. പിന്നാലെ വീണ്ടും കോൾ വന്നു. പഴയ സുഹൃത്തുക്കളേക്കുറിച്ചും മക്കളെക്കുറിച്ചുമെല്ലാം ഇയാൾ സംസാരിച്ചതോടെ രാധാകൃഷ്ണൻ വിശ്വസിച്ചു. ഇതോടെ ഭാര്യാ സഹോദരിയുടെ ശസ്ത്രക്രിയക്കായി കൂടെയുള്ള ആൾക്ക് 40,000 രൂപ അയക്കാൻ തട്ടിപ്പുകാരൻ ആവശ്യപ്പെട്ടു. 

താൻ ദുബായിലാണെന്നും തിരികെ എത്തിയാൽ ഉടൻ പണം തിരികെ നൽകാമെന്നും ഇയാൾ പറഞ്ഞു. പണം അയച്ച ശേഷം വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് രാധാകൃഷ്ണന് സംശയം തോന്നിയത്. അവസാനം സുഹൃത്തിന്റെ പഴയ നമ്പർ കണ്ടെത്തി വിളിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങളൊന്നും അറിഞ്ഞിട്ടില്ലെന്ന് മനസിലായത്. മറ്റ് സുഹൃത്തുക്കളോടും ഇതേ രീതിയിൽ തട്ടിപ്പുകാരൻ പണം ആവശ്യപ്പെട്ടതായി മനസിലായതോടെ രാധാകൃഷ്ണൻ സൈബർ പോലീസിൽ പരാതി നൽകി. ഡീപ് ഫെയ്ക് ടെക്നോളജി ഉപയോഗിച്ച് ആളുകളുടെ മുഖവും ശബ്ദവുമൊക്കെ വ്യാജമായി നിർമിച്ച് നടത്തിയ തട്ടിപ്പാണിതെന്ന് പോലീസ് സംശയിക്കുന്നു. ഹൈദരാബാദിലെ അക്കൗണ്ടിലേക്കാണ് പണം പോയതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News