Lok Sabha Election 2024: തിരഞ്ഞെടുപ്പില്‍ പട്ടികവര്‍ഗ പങ്കാളിത്തം ഉറപ്പാക്കാന്‍ 'നങ്ക വോട്ട് ക്യാമ്പയിന്‍'

Election campaign: ദേവികുളം തഹസില്‍ദാരുടെ നേതൃത്വത്തില്‍ വിവിധ കുടികളിലെ 30 ഓളം പേരെ പരിപാടിയോടനുബന്ധിച്ച് വോട്ടര്‍പട്ടികയില്‍ ചേര്‍ത്തു.

Written by - Zee Malayalam News Desk | Last Updated : Mar 15, 2024, 10:18 PM IST
  • വോട്ടര്‍പട്ടികയില്‍ പേരില്ലാത്ത മുഴുവന്‍ പട്ടികവര്‍ഗ വിഭാഗക്കാരെയും വോട്ടര്‍പട്ടികയില്‍ ചേര്‍ക്കുകയാണ് 'നങ്ക വോട്ട്' ക്യാമ്പയിന്റെ ലക്ഷ്യം
  • ഊരിലെ മുഴുവന്‍ ആളുകളെയും തിരഞ്ഞെടുപ്പില്‍ പങ്കാളികളാക്കാന്‍ ഊരു മൂപ്പന്‍മാരുടെ കോണ്‍ക്ളേവും വിളിച്ചു ചേര്‍ത്തു
Lok Sabha Election 2024: തിരഞ്ഞെടുപ്പില്‍ പട്ടികവര്‍ഗ പങ്കാളിത്തം ഉറപ്പാക്കാന്‍ 'നങ്ക വോട്ട് ക്യാമ്പയിന്‍'

ഇടുക്കി: ലോക്സഭ തിരഞ്ഞെടുപ്പില്‍ പട്ടികവര്‍ഗ വിഭാഗത്തിന്റെ സമ്പൂര്‍ണ്ണ പങ്കാളിത്തം ഉറപ്പാക്കാന്‍ ഇന്ത്യയിലെ ആദ്യത്തെ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ 'നങ്ക വോട്ട് കാമ്പയ്ന്‍'. ജില്ലാഭരണകൂടവും ജില്ലാ ഇലക്ഷന്‍ വിഭാഗവും തിരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയായ സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) ഭാഗമായി ആവിഷ്‌കരിച്ച കാമ്പയ്ന്‍ ഇടമലക്കുടിയല്‍ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.

വോട്ടര്‍പട്ടികയില്‍ പേരില്ലാത്ത മുഴുവന്‍ പട്ടികവര്‍ഗ വിഭാഗക്കാരെയും വോട്ടര്‍പട്ടികയില്‍ ചേര്‍ക്കുകയാണ് 'നങ്ക വോട്ട്' ക്യാമ്പയിന്റെ ലക്ഷ്യം. 'നങ്ക വോട്ട്' എന്നാല്‍ മന്നാന്‍ ഭാഷയില്‍ നമ്മുടെ വോട്ട് എന്നാണ് അര്‍ത്ഥം. പരിപാടിയില്‍ ദേവികുളം സബ്കളക്ടര്‍ ജയകൃഷ്ണന്‍ വി.എം., ഇടുക്കി സബ്കളക്ടര്‍ ഡോ.അരുണ്‍ എസ്.നായര്‍ എന്നിവര്‍ കുടിനിവാസികളുമായി സംവദിക്കുകയും തെരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുകയും ചെയ്തു.

തുടര്‍ദിവസങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സമാനമായ കാമ്പയ്നുകള്‍ സംഘടിപ്പിക്കുകയും എല്ലാ പട്ടിക വര്‍ഗക്കാരുടെയും പേര് വോട്ടര്‍പട്ടികയില്‍ ചേര്‍ത്ത ജില്ലയായി മാറുകയും ചെയ്യുകയാണ് ലക്ഷ്യം. ദേവികുളം തഹസില്‍ദാരുടെ നേതൃത്വത്തില്‍ വിവിധ കുടികളിലെ 30 ഓളം പേരെ പരിപാടിയോടനുബന്ധിച്ച് വോട്ടര്‍പട്ടികയില്‍ ചേര്‍ത്തു.

ഊരിലെ മുഴുവന്‍ ആളുകളെയും തിരഞ്ഞെടുപ്പില്‍ പങ്കാളികളാക്കാന്‍ ഊരു മൂപ്പന്‍മാരുടെ കോണ്‍ക്ളേവും ജില്ലാ കളക്ടര്‍ ഇടമലക്കുടിയില്‍ വിളിച്ചു ചേര്‍ത്തു. എല്ലാ താലൂക്കിലും ഇത്തരത്തില്‍ മൂപ്പന്‍മാരുടെ കോണ്‍ക്ലേവ് വിളിച്ചു ചേര്‍ക്കാനും തിരഞ്ഞെടുപ്പില്‍ ഊരുകളിലെ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പുവരുത്താനും ജില്ലാ ഭരണകൂടം പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. തങ്ങളുടെ ഊരുകളിലെ 18 വയസ്സു തികഞ്ഞ മുഴുവന്‍ ആളുകളെയും വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുകയും അവരില്‍ 100 ശതമാനം വോട്ടിംഗ് ഉറപ്പു വരുത്തുകയും ചെയ്യുന്ന മൂപ്പന്‍മാര്‍ക്ക് ജില്ലാ കളക്ടര്‍ പ്രത്യേക സമ്മാനം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

സ്വീപ് പരിപാടിയുടെ ഭാഗമായി ഇടുക്കി ജില്ലയില്‍ കന്നി വോട്ടു ചെയ്യുന്നവര്‍ക്കായി കോളേജുകള്‍ കേന്ദ്രീകരിച്ച് 'ഫസ്റ്റ് വോട്ട് ചലഞ്ച്' കാമ്പയ്നും നടന്നു വരുന്നുണ്ട്. ആര്‍ട്ട് ഇന്‍സ്റ്റലേഷന്‍, മീം, പോസ്റ്റര്‍, റീല്‍സ് തുടങ്ങി വിവിധ പ്രായക്കാര്‍ക്കുളള നിരവധി മത്സരങ്ങളും തിരഞ്ഞെടുപ്പ് ബോധവത്ക്കരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News