Local Body By Election: 'കോലീബി' തൃപ്പൂണിത്തുറയിലെത്തിയപ്പോൾ 'കോബി' സഖ്യമായി; ഫലം, എൽഡിഎഫിന് സിറ്റിംഗ് സീറ്റുകളിലെ തോൽവി

തൃപ്പൂണിത്തുറ നഗരസഭയിലെ 11-ാം വാര്‍ഡ് ഇളമനത്തോപ്പില്‍, 46-ാം വാര്‍ഡ് പിഷാരി കോവിലില്‍ എന്നീ വാർഡുകളിലാണ് യുഡിഎഫ് വോട്ടുകൾ ബിജെപി പെട്ടിയിലെത്തിയത്

Written by - ടി.പി പ്രശാന്ത് | Last Updated : May 18, 2022, 02:50 PM IST
  • കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇളമനത്തോപ്പ് വാർഡിൽ യുഡിഎഫ് 144 വോട്ട് നേടിയിരുന്നു
  • ഇത്തവണ യുഡിഎഫ് സ്ഥാനാർത്ഥി ഷിബു മലയിലിന് 70 വോട്ടെ നേടാനായുള്ളു
  • 74 വോട്ടുകൾ ബിജെപിക്ക് മറിച്ചുവെന്നാണ് സിപിഎമ്മിന്റെ ആരോപണം
Local Body By Election: 'കോലീബി' തൃപ്പൂണിത്തുറയിലെത്തിയപ്പോൾ 'കോബി' സഖ്യമായി; ഫലം, എൽഡിഎഫിന് സിറ്റിംഗ് സീറ്റുകളിലെ തോൽവി

കൊച്ചി: തൃപ്പൂണിത്തുറ നഗരസഭാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് ബിജെപിക്ക് വോട്ട് മറിച്ചതോടെ രണ്ട് സിറ്റിംഗ് സീറ്റുകൾ എല്‍ഡിഎഫിന് നഷ്ടമായി. നഗരസഭയിലെ 11-ാം വാര്‍ഡ് ഇളമനത്തോപ്പില്‍, 46-ാം വാര്‍ഡ് പിഷാരി കോവിലില്‍ എന്നീ വാർഡുകളിലാണ് യുഡിഎഫ് വോട്ടുകൾ ബിജെപി പെട്ടിയിലെത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ  ഇളമനത്തോപ്പില്‍ വാർഡിൽ യുഡിഎഫ് 144 വോട്ട് നേടിയിരുന്നു. ഇത്തവണ യുഡിഎഫ് സ്ഥാനാർത്ഥി ഷിബു മലയിലിന്  70 വോട്ടെ  നേടാനായുള്ളു. ബാക്കിയുള്ള 74 വോട്ടുകൾ ബിജെപിക്ക് മറിച്ചുവെന്നാണ് ആരോപണം.  ഇതോടെ 38 വോട്ടിന്റെ ഭൂരിപക്ഷത്തിൽ  ബിജെപി സ്ഥാനാര്‍ഥി വള്ളി രവി ഇളമനത്തോപ്പില്‍ വിജയിച്ചു. 

2020ലെ തിരഞ്ഞെടുപ്പിൽ ആകെ പോള്‍ ചെയ്ത 680 വോട്ടില്‍  എല്‍ഡിഎഫ് 281 വോട്ടും ബിജെപി 255 വോട്ടും യുഡിഎഫ് 144 വോട്ടുമാണ് നേടിയത്. നഗരസഭാ സ്ഥിരംസമിതി അധ്യക്ഷനായ സിപിഐഎമ്മിലെ കെടി സൈഗാളായിരുന്നു ഈ വാർഡിന്റെ പ്രതിനിധി. അദ്ദേഹം അന്തരിച്ച ഒഴിവിലേക്കായിരുന്നു ഉപ തിരഞ്ഞെടുപ്പ് . എൽഡിഎഫിന് ഈ ഉപതെരഞ്ഞടുപ്പിൽ 44 വോട്ട് അധികം ലഭിച്ചു. പക്ഷെ യുഡിഎഫിന്റെ ബിജെപിക്ക് അനുകൂലമായ വോട്ടുമറിക്കലിൽ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രതീഷ് ഇടിയ്ക്ക് വിജയിക്കാനായില്ല.  പോളിങ് ഉയര്‍ന്നിട്ടും  ബിജെപിക്ക് വോട്ട് മറിച്ചതുകൊണ്ടാണ് കോണ്‍​ഗ്രസിന്‍റെ വോട്ട് കുറഞ്ഞതെന്ന് എൽഡിഎഫ് നേതാക്കൾ പറയുന്നു.
 
എൽഡിഎഫ്‌ അംഗം രാജമ്മ മോഹൻ അന്തരിച്ച ഒഴിവിൽ ഉപതിരഞ്ഞെടുപ്പ് നടന്ന പിഷാരി കോവില്‍ വാർഡിൽ ഇത്തവണ 1171 വോട്ടുകളാണ് പോൾ ചെയ്യപ്പെട്ടത്.  ഇവിടെ ബിജെപി സ്ഥാനാർത്ഥി രതി രാജു വിജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സം​ഗീത സുമേഷ് 452 വോട്ടും  യുഡിഎഫ് സ്ഥാനാര്‍ഥി ശോഭന തമ്പി 251 വോട്ടും നേടി.  പോളിംഗ് ഉയർന്നിട്ടും കോൺഗ്രസിന് അധികം നേടാനായത് 25 വോട്ടുകൾ മാത്രമാണ്.  2020ൽ  933 വോട്ട് പോൾ ചെയ്തു. എല്‍ഡിഎഫിന് 360 വോട്ടും ബിജെപിക്ക് 347 വോട്ടും യുഡിഎഫിന് 226 വോട്ടുമാണ് ലഭിച്ചതെന്ന കണക്കുകൾ നിരത്തിയാണ് സിപിഎം വോട്ടുകച്ചവടം ആരോപിക്കുന്നത്. 

ഉപതിരഞ്ഞെടുപ്പ് ഫലത്തോടെ എല്‍ഡിഎഫ് 23, ബിജെപി 17, കോണ്‍​ഗ്രസ് 8, സ്വതന്ത്രൻ 1 എന്നിങ്ങനെയാണ്  തൃപ്പൂണിത്തുറ നഗരസഭയിലെ കക്ഷി നില. തൃക്കാക്കര മണ്ഡലവുമായി അരികുപങ്കിടുന്ന തൃപ്പൂണിത്തുറയിലെ എൽഡിഎഫ് പരാജയം തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോയെന്നതാണ് പുതിയ ചോദ്യം.

Trending News