പാലക്കാട്: പാലക്കാട് മണ്ണാർക്കാട് വീണ്ടും പുലിയിറങ്ങിയതായി സംശയം. തത്തേങ്ങലത്ത് പുളിഞ്ചോടിൽ മണികണ്ഠന്റെ വളർത്ത് നായയെ പുലി കടിച്ച് കൊന്നു. ഇന്നലെ (ജനുവരി 30) രാത്രി ഒൻപതരയോടെയാണ് സംഭവം. നായയുടെ കഴുത്തിൽ പുലി കടിച്ച് ചോരകുടിക്കുന്നത് കണ്ടു വെന്നാണ് മണികണ്ഠൻ പറയുന്നത്. ഈ ജനവാസ മേഖലയിൽ മാസങ്ങളായി പുലിയുടെ സാന്നിധ്യമുണ്ട്. ഒരു മാസം മുൻപാണ് പുലിയേയും പുലി കുഞ്ഞുങ്ങളെയും കാർ യാത്രക്കാർ കണ്ടത്. പ്രദേശവാസിയായ നാസറിന്റെ വളർത്ത് നായയേയും പുലി കടിച്ച് കൊന്നിരുന്നു. വനം വകുപ്പിനെ വിവരമറിയിച്ചാലും വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് വരുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
കഴിഞ്ഞ ദിവസം മണ്ണാര്‍ക്കാട് കോഴിക്കൂട്ടിൽ കുടുങ്ങി പുലി ചത്ത സംഭവം വാർത്തയായിരുന്നു. കോഴിക്കൂട്ടിലെ ഇരുമ്പ് വലയിൽ കുടുങ്ങിയ പുലിയാണ് ചത്തത്. ആറ് മണിക്കൂറോളം പുലി വലയിൽ കുടുങ്ങിക്കിടന്നു. വയനാട്ടിൽ നിന്ന് വിദഗ്ധ സംഘം എത്തി മയക്കുവെടിവച്ച് പുലിയെ പിടികൂടാനുള്ള നടപടികൾ നടത്തുന്നതിനിടെയാണ് പുലി ചത്തത്. മണ്ണാര്‍ക്കാട് കുന്തിപ്പാടം ഫിലിപ്പിന്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് പുലി കുടുങ്ങിയത്.
കോഴിക്കൂട്ടില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ പുലിയുടെ കാൽ കമ്പി വലയിൽ കുടുങ്ങുകയായിരുന്നു. പുലി ചത്തത് ഹൃദയാഘാതം മൂലമെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഹൃദയാഘാതവും ആന്തരിക അവയവങ്ങളുടെ പ്രവർത്തനം നിലക്കുകയും ചെയ്തതാണ് മരണകാരണമെന്ന് ഡോ.അരുണ്‍ സക്കറിയ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...