'സുധാകരൻ പറയുന്നത് നുണ, തന്നെ പുറത്താക്കേണ്ടത് എഐസിസി' ; ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് കെ വി തോമസ്

മാസങ്ങളായി നേതൃത്വത്തോട് ഇടഞ്ഞ് നിൽക്കുന്ന കെവി തോമസിനെ പുറത്താക്കിയതായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ  അറിയിച്ചിരുന്നു

Written by - Zee Malayalam News Desk | Last Updated : May 13, 2022, 12:10 PM IST
  • കോൺഗ്രസ് സംസ്ക്കാരത്തിൽ നിന്നും മാറാൻ തനിക്ക് കഴിയില്ല
  • താൻ എൽഡിഎഫിലേക്ക് പോകില്ല
  • സ്വതന്ത്രമായി നിൽക്കാനാണ് തീരുമാനം
'സുധാകരൻ പറയുന്നത് നുണ, തന്നെ പുറത്താക്കേണ്ടത് എഐസിസി' ; ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് കെ വി തോമസ്

കോൺഗ്രസിൽ നിന്നും തന്നെ പുറത്താക്കിയെന്ന തരത്തിൽ  ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് കെവി തോമസ്. തന്നെ പുറത്താക്കേണ്ടത് എഐസിസി ആണെന്നും കെപിസിസി അധ്യക്ഷൻ നുണ പറയുകയാണെന്നുമാണ്  കെവി തോമസിന്റെ പ്രതികരണം. കോൺഗ്രസ് സംസ്ക്കാരത്തിൽ നിന്നും മാറാൻ തനിക്ക് കഴിയില്ലെന്നും അതിനാൽ താൻ എൽഡിഎഫിലേക്ക് പോകില്ലെന്നും കെവി തോമസ് വ്യക്തമാക്കുകയും ചെയ്തു.  കോൺഗ്രസ് പ്രസക്തി നഷ്ടപ്പെട്ട്  അസ്തികൂടമായി മാറിയിരിക്കുകയാണ്.  താൻ എൽഡിഎഫിലേക്ക് പോകില്ല. സ്വതന്ത്രമായി നിൽക്കാനാണ് തീരുമാനമെന്നും കെ വി തോമസ് കൂട്ടിച്ചേര്‍ത്തു. 

മാസങ്ങളായി നേതൃത്വത്തോട് ഇടഞ്ഞ് നിൽക്കുന്ന കെവി തോമസിനെ പുറത്താക്കിയതായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ  അറിയിച്ചിരുന്നു. തൃക്കാക്കരയിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കൺവെൻഷനിൽ പങ്കെടുത്ത് ഇടത് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണം തുടങ്ങിയതിന് പിന്നാലെയായിരുന്നു നടപടി. ഇനി കാത്തിരിക്കാൻ കഴിയില്ലെന്നും തോമസിന് തൃക്കാക്കരയിൽ ഒരു ചുക്കും ചെയ്യാനാകില്ലെന്നുമായിരുന്നു  കെപിസിസി അധ്യക്ഷൻ പറഞ്ഞത്. 

പാർട്ടിയെ നിരന്തരം വെല്ലുവിളിച്ചിട്ടും തോമസിനെ ഇതുവരെ കെപിസിസി അവഗണിച്ചു വിടുകയായിരുന്നു . അച്ചടക്കലംഘനത്തിൻറെ എല്ലാ അതിരും ലംഘിച്ച് തൃക്കാക്കരയിൽ ഇടത് സ്ഥാനാർത്ഥിക്ക് വേണ്ടി ഇറങ്ങി മുഖ്യമന്ത്രിയെ പുകഴ്ത്തി കോൺഗ്രസ് നേതാക്കളെ വിമർശിച്ചതോടെയാണ് പുറത്താക്കാൽ നടപടിയിലേക്ക് നേതൃത്വം കടക്കുന്നത്. കെവി തോമസുമായി അവശേഷിച്ചിരുന്ന ബന്ധം കൂടിയായിരുന്നു  കോൺഗ്രസ് ഇതോടെ മുറിച്ചുമാറ്റിയത്.

സിപിഎം പാർട്ടി കോൺഗ്രസ്സ് സെമിനാറിൽ പങ്കെടുത്തത് മുതൽ തോമസും കോൺഗ്രസ്സും തമ്മിലെ ഭിന്നത രൂക്ഷമാകുകയായിരുന്നു. ഇതിന് പിന്നാലെ  പാർട്ടി പദവികളിൽ നിന്നൊഴിവാക്കിയ തോമസിനെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നില്ല. ഇടതിനായി പ്രചാരണത്തിനിറങ്ങുമെന്ന് തോമസ് പ്രഖ്യാപിച്ചിട്ടും പാർട്ടി കാത്തിരിക്കുകയും ചെയ്തു. ഒടുവിൽ തോമസ് സ്വയം എതിർചേരിയിലേക്ക് പോയതോടെ കെപിസിസിക്ക് കാര്യങ്ങൾ എളുപ്പമാകുകയായിരുന്നു. 

കെ വി തോമസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയെന്നും നടപടി കെ വി തോമസിനെ അറിയിച്ചതായും  കെ.സുധാകരൻ അറിയിച്ചിരുന്നു. കെ വി തോമസ് വിഷയത്തിൽ ഇനി കാത്തിരിക്കാൻ ആകില്ലെന്നും കെ പി സി സി പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. എൽ ഡി എഫ് തൃക്കാക്കര മണ്ഡലം കൺവെൻഷനിൽ പങ്കെടുത്ത മുൻ കേന്ദ്രമന്ത്രി കോൺഗ്രസിനെതിരെ രൂക്ഷമായ വിമർശനമായിരുന്നു ഉന്നയിച്ചിരുന്നത്. കോൺഗ്രസ് മൃതു ഹിന്ദുത്വ സമീപനം സ്വീകരിക്കുന്നെന്നും ഇത് രാജ്യത്തിന്റെ മതമൈത്രിയെ തകർക്കുമെന്നും കെ വി തോമസ് കുറ്റപ്പെടുത്തുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ
 
 

 

Trending News