എന്താണ് കെഎസ്ആർടിസിയുടെ യഥാർത്ഥ ടാർജറ്റ് ?

അര ചക്രം എന്ന മിനിമം ചാർജിൽ നിന്നും 10 രൂപ എന്ന ഫെയറിലേക്ക് കെഎസ്ആർടിസിക്ക് എത്താൻ 85 വർഷം വേണ്ടി വന്നു, ഇനി കടത്തിൽ നിന്ന് കേറാൻ എത്രകാലം വേണം

Written by - M.Arun | Last Updated : Feb 21, 2023, 03:57 PM IST
  • അര ചക്രം എന്ന മിനിമം ചാർജിൽ നിന്നും 10 രൂപ എന്ന ഫെയറിലേക്ക് എത്താൻ 85 വർഷം വേണ്ടി വന്നു
  • ബജറ്റുകളിലെ എല്ലാം കണക്കെടുത്താൽ 4000 കോടിയെങ്കിലും ഇതുവരെ കെഎസ്ആർടിസിക്ക് ലഭിച്ചിട്ടുണ്ട്
  • 100% ടാര്‍ഗറ്റ് നേടുന്ന ഡിപ്പോകളിലെ ജീവനക്കാര്‍ക്ക് അഞ്ചാം തീയതിക്ക് തന്നെ മുഴുവന്‍ ശമ്പളം കൊടുക്കും
എന്താണ് കെഎസ്ആർടിസിയുടെ യഥാർത്ഥ ടാർജറ്റ് ?

1965-ലാണ് ട്രാവൻകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെൻറിനെ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനാക്കി പ്രഖ്യാപിച്ചത്. അന്ന് കോർപ്പറേഷന് സ്വന്തം വെറും 901 ബസുകളും 51 ലോറികളും മാത്രം. 17822 കിലോ മീറ്റർ മാത്രം ദൈർഘ്യമുള്ള റൂട്ടിൽ നിന്ന് കിട്ടുന്നത് കഷ്ടിച്ച് 1.5 ലക്ഷം രൂപ- കെഎസ്ആർടിസിയുടെ ചരിത്രം അവരുടെ വെബ്സൈറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങിനെ.

അര ചക്രം എന്ന മിനിമം ചാർജിൽ നിന്നും 10 രൂപ എന്ന ഫെയറിലേക്ക് കെഎസ്ആർടിസിക്ക് എത്താൻ 85 വർഷം വേണ്ടി വന്നു.  അര ചക്രം 10 രൂപ ആയിട്ടും 1.5 ലക്ഷം 100 കോടി കടന്നിട്ടും. കെഎസ്ആർടിസി ഇപ്പോഴും 90-കളിലെ അണക്കുന്ന ലെയ്ലാൻറ് എഞ്ചിനായി തന്നെ തുടരുന്നു.  മാർച്ച് 2022 മുതൽ ഒക്ടോബർ 2022 വരെയുള്ള വരവ് ചിലവ് കണക്കുകൾ മാത്രമെടുത്താൽ ഇതിൻറെ ഭീകരത മനസ്സിലാക്കാം. 1477 കോടിയാണ് ഇക്കാലയളവിലെ വരുമാനം, ചിലവാകട്ടെ 2240 കോടിയും 887 കോടി ശമ്പളത്തിനും 987 കോടി പെൻഷനും കെഎസ്ആർടിസിക്ക് ഈ കാലയളവിൽ ലഭിച്ചു. എന്നിട്ടും 12,463 കോടിയാണ് കോർപ്പറേഷൻറെ കടം.

സിഎംഡി നടപ്പാക്കുന്ന കേന്ദ്ര നയം

അങ്ങനെയിരിക്കെ കെഎസ്ആർടിസി സിഎംഡി കൂടിയായ ബിജു പ്രഭാകർ തിരുവനന്തപുരത്ത് വെച്ച് നടന്ന ഒരു പരിപാടിയിൽ നീട്ടി കുറുക്കാതെ ആ കാര്യമങ്ങ് പറഞ്ഞു കെഎസ്ആർടിസി സ്വകാര്യ വത്കരിക്കണം എന്നാണ് തൻറെ അഭിപ്രായം. പല കേന്ദ്ര പൊതുമേഖാ സ്ഥാപനങ്ങളിലും ഇത് ആരംഭിച്ച് കഴിഞ്ഞു. അതൊരു വെറും പറച്ചിലോ എന്തോ? പിന്നെ അഭിപ്രായങ്ങളുടെ കുത്തൊഴുക്കായിരുന്നു. സിഎംഡി നടപ്പാക്കുന്നത് കേന്ദ്ര നയമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി മാധ്യമങ്ങളോട് തുറന്നടിച്ചു. ഒട്ടും വൈകിയില്ല കെഎസ്ആർടിസിക്കുള്ള സാമ്പത്തിക സഹായം ഇനി നൽകാൻ സാധിക്കില്ലെന്ന് സർക്കാർ പ്രഖ്യാപിച്ചു. പിന്നെ വീണ്ടും കഥ മാറി സിഎംഡി ടാർജറ്റ് എന്ന് ഡെമോക്ലസിൻറെ വാളെടുത്തത് തൂക്കി.

ആരാണ് ' ടാർജറ്റ്'

അതാതു ഡിപ്പോകളുടെ അടിസ്ഥാനത്തിലാണ് കെഎസ്ആർടിസി ടാര്‍ഗറ്റ് നിശ്ചയിക്കുക. ഇതിൽ  100% ടാര്‍ജറ്റ് നേടുന്ന ഡിപ്പോകളിലെ ജീവനക്കാര്‍ക്ക് അഞ്ചാം തീയതിക്ക് തന്നെ മുഴുവന്‍ ശമ്പളം കൊടുക്കും. 90 ശതമാനം എങ്കില്‍ ശമ്പളത്തിന്റെ 90 ശതമാനം നല്‍കും.  50 ശതമാനം എങ്കിൽ 50 ശതമാനം മാത്രമായിരിക്കും ശമ്പളവും.ദിവസം 8 കോടി വച്ച് മാസം 240 കോടി രൂപയാണ് ഇതിൽ പ്രതീക്ഷ. 

2022 ജുലൈ മുതൽ സർക്കാർ 50 കോടി രൂപ ശമ്പളത്തിനും പെൻഷനുമായി നൽകി കഴിഞ്ഞു. ഇനി എവിടുന്നെടുത്ത് കൊടുക്കണം എന്ന് ഫലത്തിൽ സർക്കാർ ചോദിച്ചതിന് തുല്യമാണ് പുതിയ നിലപാട്.  ബ്യൂറോ ഒാഫ് പബ്ലിക്ക് എൻറർ പ്രൈസസ് റിപ്പോർട്ടിൽ 2021-22-ൽ നഷ്ടത്തിൽ ഒന്നാമതുള്ള സർക്കാർ പൊതുമേഖലാ സ്ഥാപനം കെഎസ്ആർടിസിയാണ്. വരുമാനത്തിൽ 46 ശതമാനം വർധന ഉണ്ടായപ്പോൾ നഷ്ടം 1787 കോടിയായി ഉയർന്നു. 

അയൽപ്പക്കകാരനെ കണ്ട് പഠിച്ചാൽ?

ഓരോ മാസവും  1200 കോടി സബ്സിഡിയായി സ്റ്റേറ്റ് ട്രാൻസ്പോർട്ടിന് നൽകിയാണ് തമിഴ്നാട് തങ്ങളുടെ ട്രാൻസ്പോർട്ട് കോർപ്പറേഷൻറെ നഷ്ടം മറികടക്കുന്നത്. ഇത് കൊണ്ട് തന്നെ 2 കോടി ജനങ്ങൾ ആശ്രയിക്കുന്ന ബസ്സുകൾക്ക് യാത്രാ പ്രതിസന്ധികളൊന്നും തന്നെ വരാറുമില്ല. ഇനി വന്നാൽ തന്നെ അതെല്ലാം എങ്ങനെ മറികടക്കണം എന്ന് സർക്കാരിന് അറിയാമെന്ന് ജനങ്ങളും പറയുന്നു.

2020-21 -കാലഘട്ടത്തിൽ Rs 42,143.69 കോടിയായിരുന്ന തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷൻറെ നഷ്ടം. നമ്മുടെ കെഎസ്ആർടിസിക്ക് മാത്രം ഇക്കാലയളവിലെ നഷ്ടം  Rs 1,976.03 കോടിയാണ്. ചുരുക്കി പറഞ്ഞാൽ നഷ്ടത്തിൽ കുറവ് കെഎസ്ആർടിസി തന്നെ എന്നിട്ടും പക്ഷെ?
 

ശമ്പളം നൽകാൻ കഴിഞ്ഞില്ലെങ്കിൽ

ശമ്പളം നൽകാൻ കഴിയുന്നില്ലെങ്കിൽ അടച്ച പൂട്ടണം എന്ന് ജീവനക്കാരുടെ ഹർജി പരിഗണിക്കവെ ഹൈക്കോടതി പച്ചക്ക് പറഞ്ഞു. സ്ഥാപനം പൂട്ടിയാൽ യാത്രക്കാർ വേറെ വഴി നോക്കുമെന്ന് പരിഹാസ രൂപേണ ഒരു കൂട്ടി ചേർക്കലും. എല്ലാം കേട്ട് കെഎസ്ആർടിസി അഭിഭാഷകൻ കയ്യും കെട്ടി നിന്നു. പ്രതിഷേധങ്ങൾ കൊണ്ട് നിറഞ്ഞ് പകലുകൾ കടന്നു പോകുന്നു. ഒരു പക്ഷെ വരാനിരിക്കുന്ന ഭീകാരാവസ്ഥയാകാം ഇതെന്ന് സാമ്പത്തിക വിദഗ്ധർ പോലും ചൂണ്ടിക്കാണിക്കുന്നു. 26 ലക്ഷം പേർ ദിവസവും ആശ്രയിക്കുന്ന കെഎസ്ആർടിസി അടച്ച് പൂട്ടാതിരിക്കട്ടെയെന്ന പ്രതീക്ഷയോടെ നിർത്തുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News