THrissur : അന്തരിച്ച മലയാളികളുടെ പ്രിയ നടി കെപിഎസി ലളിതയുടെ സംസ്ക്കാര ചടങ്ങുകൾ പൂർത്തിയായി. പൂർണമായ ഔദ്യോഗിക ബഹുമതികളോട് കൂടിയാണ് കെപിഎസി ലളിതയുടെ സംസ്ക്കാര ചടങ്ങുകൾ നടത്തിയത്. തൃശ്ശൂര്‍ വടക്കാഞ്ചേരി എങ്കക്കാട്ടുള്ള ഓര്‍മ എന്ന വീട്ടില്‍ വൈകീട്ട് ആറ് മണിയോടെ ചടങ്ങുകൾ നടത്തിയത്, ആചാരപരമായ ചടങ്ങുകൾ നടത്തിയതിന് ശേഷമാണ് സംസ്ക്കാരം നടത്തിയത്.
പ്രിയതാരത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ സിനിമ താരങ്ങൾ അടക്കം നിരവധി പേരാണ് വീട്ടിൽ തടിച്ച് കൂടിയത്. കൂടാതെ നാടക രംഗത്തെ നിരവധി സഹപ്രവർത്തകരും കെപിഎസ്‌സി ലളിതക്ക് അന്ത്യോപചാരം അറിയിക്കാൻ എത്തിയിരുന്നു. സംസ്കാരത്തിനായി തൃശ്ശൂരിൽ എത്തിക്കുന്നതിന് മുമ്പ് തൃപ്പൂണിത്തുറയിലെ ഫ്ലാറ്റ് ഓഡിറ്റോറിയത്തിലും ലായം കൂത്തമ്പലത്തിലും പൊതുദർശനത്തിന് മൃതശരീരം വെച്ചിരുന്നു.
മലയാള സിനിമയ്ക്ക് ഒരു അമ്മയെ തന്നെയാണ് നഷ്ടമായിരിക്കുന്നത്. അഭിനയത്തിലെ സ്ത്രീക്കരുത്ത് തന്നെയായിരുന്നു കെപിഎസി ലളിത. ഏറ്റെടുക്കുന്ന ഏതൊരു കഥാപാത്രവും സാധാരണത്വം തോന്നിക്കും വിധം അഭിനയിച്ചു ഫലിപ്പിക്കാൻ കഴിയുന്ന നടി. ലളിതയ്ക്ക് വേണ്ടി എഴുതിയ പോലെ പല കഥാപാത്രങ്ങളും മലയാള സിനിമയിലുണ്ടായി. ലളിത അഭിനയിച്ച അമ്മ വേഷങ്ങൾ തന്നെ ഉദാഹരണങ്ങളാണ്.
കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറയിൽ വസതിയിൽ വെച്ചായിരുന്നു അന്ത്യം. 74 വയസായിരുന്നു. സംസ്ഥാന സംഗീത നാടക അക്കാദമി ചെയർപേഴ്സണായിരുന്നു. മലയാളത്തിലും തമിഴിലുമായി 550ൽ ഏറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ കായംകുളത്തായിരുന്നു ജനനം. 10 വയസ്സുള്ളപ്പോൾ നാടകത്തിൽ അഭിനയിച്ചു തുടങ്ങി. മഹേശ്വരി അമ്മ എന്നാണ് ശരിയായ പേര്.
പിതാവ് കടയ്ക്കത്തറൽ വീട്ടിൽ കെ അനന്തൻ നായർ ആണ്. വളരെ ചെറുപ്പ കാലത്ത് തന്നെ കലാമണ്ഡലം ഗംഗാധരനിൽ നിന്ന് നൃത്തം പഠിച്ച ലളിതയുടെ ആദ്യ നാടകം ഗീതയുടെ ബലി ആയിരുന്നു. പിന്നീട് അക്കാലത്തെ പ്രമുഖ നാടക സംഘടന ആയിരുന്ന കെ പി എ സിയിൽ ചേർന്നു. പിന്നീട് ലളിത എന്ന പേര് സ്വീകരിക്കുകയും പിന്നീട് സിനിമയിൽ വന്നപ്പോൾ കെ പി എ സി എന്ന് പേരിനോട് ചേർക്കുകയും ആയിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.