കൊച്ചി : ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജിവെക്കാൻ നിർദേശിച്ച സംസ്ഥാനത്തെ ഒമ്പത് യൂണിവേഴ്സിറ്റി വൈസ് ചാൻസലർമാർ ഹൈക്കോടതിയെ സമീപിച്ചു. ഗവർണറുടെ രാജി നിർദേശം ചോദ്യം ചെയ്തുകൊണ്ടാണ് വിസിമാർ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. ഒക്ടോബർ 24 ഇന്ന് അവധി ദിവസമാണെങ്കിലും പ്രത്യേക സിറ്റിങ്ങിലൂടെ സംസ്ഥാന ഹൈക്കോടതി വൈകിട്ട് നാല് മണിക്ക് ഹർജി പരിഗണിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് വിസിമാരുടെ ഹർജി പരിഗണിക്കുക. ഇന്ന് രാവിലെ 11.30ന് മുമ്പ് രാജി സമർപ്പിക്കണമെന്നായിരുന്നു സംസ്ഥാന ഗവർണർ ഒമ്പത് വിസിമാരോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഗവർണറുടെ നിർദശം തള്ളിയ വിസമാർ ആരും രാജി സമർപ്പിച്ചല്ല. സർക്കാർ പിന്തുണയോടെയാണ് വിസിമാർ ഹർജി സമർപ്പിച്ചിരിക്കുന്നത്.
അതേസമയം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർവകലാശാലകളുടെ ചാൻസലർ പദവി ദുരുപയോഗം ചെയ്യുന്നുവെന്നും നശീകരണ ബുദ്ധിയോടെ യുദ്ധം നടത്തുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പാലക്കാട് നടത്തിയ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഗവർണർ ചെയ്യുന്നത് ഭരണഘടനാ വിരുദ്ധം. സർവകലാശാലകളെ അസ്ഥിരപ്പെടുത്താൻ ചാൻസലർ ശ്രമിക്കുന്നു. ഭരണത്തെ അസ്ഥിരപ്പെടുത്താൻ കോടതി വിധി ആയുധമാക്കുന്നു. അസ്വാഭാവിക തിടുക്കവും അത്യുത്സാഹവുമാണ് ഗവർണറുടേത്. കെടിയു ഉത്തരവ് സാങ്കേതികം മാത്രം. ഗവർണർ സംഘപരിവാറിന്റെ ചട്ടുകമായ ഗവർണർ രാഷ്ട്രീയ ബുദ്ധിയോടെയാണ് പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി വിമർശിച്ചു.
ALSO READ : ഗവർണർ നിയമമാണ് നടപ്പാക്കുന്നത്; മുഖ്യമന്ത്രിയുടേത് പൊള്ളയായ വാദം : കെ സുരേന്ദ്രന്‍
കൂടാതെ സർവകലാശാല ചാൻസലർ കൂടിയായ ഗവർണർ ഫ്യൂഡൽ ഭൂതകാലത്തിൽ അഭിരമിച്ചിരിക്കുന്നുയെന്ന് പ്രോ ചാൻസലർ കൂടിയായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു കുറ്റപ്പെടുത്തി. വി.സിമാരെ പിൻവലിക്കാൻ മാനദണ്ഡങ്ങളുണ്ട്. ഗവർണറുടെ നിലപാട് സംസ്ഥാനത്തെ മനപൂർവം ഇകഴ്ത്തിക്കാണിക്കാനുള്ള നീക്കമാണ്. ചാൻസലർ പദവിയോട് ആദരവോടെയാണ് ഇത് വരെ പെരുമാറിയതെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു.
അതേസമയം ഗവർണറുടെ നിലപാടിനെ പിന്തുണ നൽകി പ്രതിപക്ഷം രംഗത്തെത്തി. സുപ്രീം കോടതി വിധി അനുസരിച്ച് വിസിമാരുടെ നിയമനം നിയമവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ഗവർണറുടെ പശ്ചാത്താപം മാത്രമാണ് പ്രതിപക്ഷവും കോൺഗ്രസും സ്വാഗതം ചെയ്തതെന്നും മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം കോഴിക്കോട് പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രിയാണ് ഗവർണർ സംസ്ഥാനത്തെ 9 യൂണിവേഴ്സിറ്റികളുടെ വിസിമാരോട് രാജിവെക്കാൻ നിർദേശം നൽകിയത്. ഇന്ന് രാവിലെ 11.30 നകം രാജി വെക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. കേരള സർവകലാശാല, എംജി സർവകലാശാല, കുസാറ്റ്, കേരള ഫിഷറീസ് സർവകലാശാല, കണ്ണൂർ സർവകലാശാല, കെടിയു, സംസ്‌കൃത സർവകലാശാല, കാലിക്കറ്റ് സർവകലാശാല, മലയാള സർവകലാശാല എന്നീ സർവകലാശാലകളിലെ വിസി മാരോടാണ് രാജിവെക്കാൻ ആവശ്യപ്പെട്ടിരുന്നത്. യുജിസി മാനദണ്ഡം ലംഘിച്ചുള്ള നിയമനം ആയതിനാലാണ് രാജി വെക്കാൻ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് രാജ്ഭവൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...