വീണ്ടുമൊരു അധ്യയന വർഷത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ രണ്ട് വർഷത്തിലധികമായി കോവിഡ് മഹാമാരിയെ തുടർന്ന് ഓൺലൈൻ വിദ്യാഭ്യാസം എന്ന രീതിയിലേക്ക് അധ്യാപകരും വിദ്യാർഥികളും മാറിക്കഴിഞ്ഞിരുന്നു. എന്നാൽ കോവിഡ് വ്യാപനം കുറഞ്ഞതോടെ സ്കൂളുകൾ വീണ്ടും പ്രവർത്തിച്ച് തുടങ്ങിയിരുന്നു. ജൂൺ ഒന്നിന് പുതിയൊരു അധ്യയന വർഷം കൂടി ആരംഭിക്കുകയാണ്. കോവിഡ് ഭീഷണി നിലനിൽക്കുന്നുവെങ്കിലും ഇത്തവണ സജീവമായ ഒരു അധ്യയന വർഷമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രതീക്ഷിക്കുന്നത്. അതിനുതകും വിധമുള്ള പദ്ധതികളാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്.
പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതികൾ.
1. മിക്സഡ് സ്കൂള്‍
ലിംഗസമത്വം, ലിംഗാവബോധം, ലിംഗനീതി എന്നിവ മുന്‍നിര്‍ത്തി ഗേള്‍സ്/ബോയ്സ് സ്കൂളുകള്‍ മിക്സഡ് സ്കൂളുകള്‍ ആക്കുന്നതിന് സര്‍ക്കാരിന് വളരെയധികം അപേക്ഷകള്‍ ലഭിക്കുന്നുണ്ട്. ലിംഗതുല്യത സംബന്ധിച്ച് പുരോഗമന ആശയങ്ങള്‍ മുന്‍ നിര്‍ത്തിയുള്ള തീരുമാനങ്ങളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ഏതെങ്കിലും സ്കൂള്‍ അധികൃതര്‍ക്ക് സ്കൂളിനെ മിക്സഡ് സ്കൂള്‍ ആക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ പി.ടി.എ, സ്കൂള്‍ നിലകൊള്ളുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയോടുകൂടി ആലോചിച്ച് യോജിച്ച തീരുമാനം എടുത്ത് സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യാവുന്നതാണ്.
Also Read: 40 വർഷത്തിന് ശേഷം പെൺകുട്ടികൾ എത്തും; മിക്സഡ് സ്കൂളാകാൻ ചാല ബോയ്സ്
2. സ്കൂള്‍ പ്രവേശനം
ഒന്നാം ക്ലാസ് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള 2022-23 അദ്ധ്യയന വര്‍ഷത്തെ പ്രവേശനം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ജൂണ്‍ ഒന്നിന് സംസ്ഥാന വ്യാപകമായി പ്രവേശനോത്സവം സംഘടിപ്പിച്ചുകൊണ്ടാവും പുതിയ അദ്ധ്യയന വര്‍ഷത്തിലേക്ക് കടക്കുന്നത്. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് വച്ച് നടക്കും.
3. പ്ലസ് വണ്‍ പരീക്ഷ
പ്ലസ് വണ്‍ മാതൃകാ പരീക്ഷ ജൂണ്‍ രണ്ട് മുതല്‍ ഏഴ് വരെയും പൊതുപരീക്ഷ ജൂണ്‍ 13 മുതല്‍ 30 വരെയും നടക്കും.
4. പ്ലസ് ടു ക്ലാസുകള്‍
രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി ക്ലാസുകള്‍ ജൂലൈ ഒന്നിന് ആരംഭിക്കും.
5. പാഠപുസ്തക വിതരണം
2022-23 അദ്ധ്യയന വര്‍ഷത്തെ ഒന്നാം വാല്യം പാഠപുസ്തകങ്ങളുടെ അച്ചടി കെ.ബി.പി.എസ്സ്-ല്‍ നടന്നുകൊണ്ടിരിക്കുന്നതും ജില്ലാ ഹബ്ബുകളിൽ വിതരണത്തിനായി എത്തിക്കുകയും ചെയ്തിട്ടുണ്ട്. നിലവിലെ കോവിഡ് സാഹചര്യങ്ങളിലും വളരെ മുന്‍കൂട്ടി തന്നെ പാഠപുസ്തകങ്ങള്‍ കുട്ടികള്‍ക്ക് ലഭ്യമാകുന്ന സാഹചര്യം വകുപ്പ് കൈകൊണ്ടിട്ടുണ്ട്.
288 റ്റൈറ്റിലുകളിലായി രണ്ട് കോടി എണ്‍പത്തി നാല് ലക്ഷത്തി ഇരുപത്തിരണ്ടായിരത്തി അറുപത്തി ആറ് എണ്ണം (2,84,22,066) ഒന്നാം വാല്യം പാഠപുസ്തകങ്ങളാണ് ഇപ്പോള്‍ വിതരണത്തിനായി തയ്യാറാകുന്നത്. നിലവില്‍ ജില്ലാ ഹബ്ബുകള്‍ക്ക് ലഭ്യമായ പാഠപുസ്തകങ്ങള്‍ 2022-23 അദ്ധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുന്നേ സ്കൂള്‍ സൊസൈറ്റികള്‍ വഴി കുട്ടികള്‍ക്ക് വിതരണം നടത്തുന്നതിന് എല്ലാ തയ്യാറെടുപ്പുകളും വകുപ്പ് മുഖേന ചെയ്തു കഴിഞ്ഞിട്ടുണ്ട്. നിലവില്‍ വിതരണം നടത്തുന്ന പാഠപുസ്തകങ്ങളില്‍ മൈനര്‍ വിഷയങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിഷയങ്ങളും ആക്ടിവിറ്റി പുസ്തകങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്.
സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകള്‍ക്ക് പുറമേ തുകയൊടുക്കി ചെലാന്‍ ഹാജരാക്കുന്ന അംഗീകൃത അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്കും തങ്ങള്‍ നല്‍കിയ ഇന്‍ഡന്‍റ് അടിസ്ഥാനപ്പെടുത്തി പാഠപുസ്തകം വിതരണം നടത്തുന്നതാണ്. പാഠപുസ്തക വിതരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രില്‍ 28 ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം കരമന ഹയര്‍ സെക്കന്‍ററി സ്കൂളില്‍ നടക്കും.
6. സ്കൂള്‍ യൂണിഫോം
2022-23 അധ്യയന വര്‍ഷം ഇനി പറയുന്ന സ്കൂളുകളിലാണ് കൈത്തറി യുണിഫോം നല്‍കുന്നത്.
സര്‍ക്കാര്‍ സ്കൂള്‍
1 മുതല്‍ 4 വരെയുള്ള എല്‍.പി സ്കൂള്‍
1 മുതല്‍ 5 വരെയുള്ള എല്‍.പി സ്കൂള്‍
1 മുതല്‍ 7 വരെയുള്ള യുപി സ്കൂള്‍
5 മുതല്‍ 7 വരെയുള്ള യുപി സ്കൂള്‍
എയിഡഡ് സ്കൂള്‍
1 മുതല്‍ 4 വരെയുള്ള എല്‍.പി സ്കൂള്‍ മൂവായിരത്തി എഴുന്നൂറ്റി പന്ത്രണ്ട് (3712) സര്‍ക്കാര്‍ സ്കൂളുകളിലും മൂവായിരത്തി മുന്നൂറ്റി അറുപത്തിയഞ്ച് (3365) എയിഡഡ് സ്കൂളുകളിലും അടക്കം ആകെ ഏഴായിരത്തി എഴുപത്തിയേഴ് (7077) സ്കൂളുകളിലെ ഒമ്പത് ലക്ഷത്തി അമ്പത്തിയെട്ടായിരത്തി അറുപത് (9,58,060) കുട്ടികള്‍ക്കാണ് കൈത്തറി യുണിഫോം നല്‍കുന്നത്. ആകെ 42.08 ലക്ഷം മീറ്റര്‍ തുണിയാണ് വിതരണം ചെയ്യുന്നത്. നൂറ്റി ഇരുപത് കോടി രൂപയാണ് കൈത്തറി യൂണിഫോം പദ്ധതിക്കായി ഈ വര്‍ഷം ചെലവഴിക്കുന്നത്. സ്കൂള്‍ യൂണിഫോം വിതരണം സംസ്ഥാനതല ഉദ്ഘാടനം മെയ് 6 ന് കോഴിക്കോട് വച്ച് നടത്തും.
7. എസ്.എസ്.എല്‍.സി പരീക്ഷാ മാന്വല്‍
കഴിഞ്ഞ അദ്ധ്യയനവര്‍ഷം ഹയര്‍ സെക്കണ്ടറി പരീക്ഷാ മാന്വല്‍ പരിഷ്കരിച്ച് പ്രസിദ്ധീകരിച്ചിരുന്നു. പതിനാറ് വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇത്തരത്തില്‍ പരീക്ഷാ മാന്വല്‍ പരിഷ്കരിച്ച് പുറത്തിറക്കിയത്. ഹയര്‍ സെക്കണ്ടറി പരീക്ഷാ മാതൃകയില്‍ വരും വര്‍ഷം എസ്.എസ്.എല്‍.സി. പരീക്ഷാ മാന്വല്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
8. സ്കൂള്‍ മാന്വല്‍
സ്കൂളുകളുടെ നടത്തിപ്പിനെയും പ്രവര്‍ത്തനത്തെയും സംബന്ധിച്ച കൃത്യമായ ഒരു മാന്വല്‍ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം സമഗ്രമായി പ്രതിപാദിക്കുന്ന ആധികാരിക രേഖയായിരിക്കണം അത്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ തലത്തില്‍ മാന്വല്‍ തയ്യാറാക്കുകയും വിശദമായി ചര്‍ച്ചകള്‍ക്ക് ഇവ വിധേയമാക്കുകയും ചെയ്യും. സ്കൂള്‍തലത്തില്‍ അധ്യാപകര്‍, പി.റ്റി.എ., ജനപ്രതിനിധികള്‍, തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും. സ്കൂള്‍ മാന്വലിന്‍റെ ഭാഗമായി പി.റ്റി.എ., എസ്.എം.സി., മദര്‍ പി.റ്റി.എ. എന്നിവയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകും. ഈ മാര്‍ഗ്ഗരേഖ സംസ്ഥാന സിലബസ് പിന്തുടരുന്ന എല്ലാ സ്കൂളുകള്‍ക്കും ബാധകമായിരിക്കും. എന്നാല്‍ ഇതര സിലബസ് പിന്തുടരുന്ന സ്കൂളുകള്‍ക്കും വിവിധ ഘട്ടങ്ങളില്‍ അവലംബിക്കാവുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സ്കൂള്‍ എന്ന് പറഞ്ഞാല്‍ എന്താണ്?
ഒരു സ്കൂളിന് എന്തെല്ലാം ഘടകങ്ങള്‍ ഉണ്ടാകും?
ഓരോ ഘടകവും വിഭാവനം ചെയ്തിരിക്കുന്നത് എങ്ങനെയാണ്?
ഓരോ ഘടകത്തിന്‍റെയും പ്രവര്‍ത്തനം എങ്ങനെയാണ്? എന്നു തുടങ്ങി സ്കൂളിന്‍റെ സമഗ്രമായ പ്രവര്‍ത്തനങ്ങളെ ആധികാരികമായി വിവരിക്കുന്നതായിരിക്കും സ്കൂള്‍ മാന്വല്‍.
9. ഉച്ചഭക്ഷണ പദ്ധതി
മുന്‍ വര്‍ഷങ്ങളിലെ പോലെ 2022-23 വര്‍ഷവും കൂടുതല്‍ മികവാര്‍ന്ന രീതിയില്‍ സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് മുന്നോട്ട് കൊണ്ടുപോകുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ആസൂത്രണം ചെയ്തിട്ടുണ്ട്.
സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന പന്ത്രണ്ടായിരത്തി മുന്നൂറ്റി ആറ് (12306) സ്പെഷ്യല്‍ സ്കൂളുകള്‍, എം.ജി.എല്‍.സികള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളിലെ ഏകദേശം മുപ്പത് ലക്ഷത്തോളം വരുന്ന എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് പോഷകപ്രദവും ഗുണമേന്മയുള്ളതുമായ ഉച്ചഭക്ഷണം നല്‍കുന്നതോടൊപ്പം ആഴ്ചയില്‍ രണ്ടു ദിവസം പാല്‍, ഒരു ദിവസം മുട്ട/നേന്ത്രപ്പഴം എന്നിവ നല്‍കുന്ന സമഗ്ര പോഷകാഹാര പദ്ധതിയും ഏറെ മികവാര്‍ന്ന രീതിയിലും കാര്യക്ഷമമായും 2022-23 വര്‍ഷം നടപ്പിലാക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.
വിഷരഹിത പച്ചക്കറികള്‍ ഉച്ചഭക്ഷണ മെനുവില്‍ ഉള്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടും കാര്‍ഷിക സംസ്ക്കാരം ജീവിതത്തിന്‍റെ ഭാഗമാക്കുവാന്‍ കുട്ടികളെ പഠപ്പിക്കുന്നതിനുമായി കൃഷി വകുപ്പിന്‍റെ സഹായ സഹകരണത്തോടെ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളിലും, ലഭ്യമായ സ്ഥല സൗകര്യം പ്രയോജനപ്പെടുത്തി, അടുക്കള പച്ചക്കറി തോട്ടങ്ങള്‍ സജ്ജീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണ്.
ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ മിഷന്‍ എന്നിവയുടെ സഹകരണത്തോടെ സ്കൂള്‍ ആരോഗ്യ പരിപാടിയുടെ ഭാഗമായി അയണ്‍ഫോളിക് ആസിഡ്, വിരനിവാരണ ഗുളികകളുടെ വിതരണം എന്നിവ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നതാണ്.
ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന മുഴുവന്‍ സ്കൂളുകളിലേയും ഭക്ഷണ, കുടിവെള്ള സാമ്പിളുകള്‍ മൈക്രോബയോളജിക്കല്‍/ കെമിക്കല്‍ പരിശോധനകള്‍ക്ക് വിധേയമാക്കുന്നതാണ്.
ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന മുഴുവന്‍ പാചകതൊഴിലാളികള്‍ക്കും സ്റ്റേറ്റ് ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ സഹായത്തോടെ പരിശീലനം നല്‍കുന്നതാണ്.
സ്കൂള്‍ പ്രഥമാദ്ധ്യാപകര്‍, ഉച്ചഭക്ഷണ പദ്ധതിയുടെ ചാര്‍ജ്ജുള്ള അദ്ധ്യാപകര്‍, പി.ടി.എ, എസ്.എം.എസ്.സി ഭാരവാഹികള്‍ എന്നിവര്‍ക്കും ജില്ലാ ഉപജില്ലാ തലങ്ങളില്‍ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പു ചുമതലയുളള ഉദ്യോഗസ്ഥര്‍ക്കും പദ്ധതി നടത്തിപ്പ് സംബന്ധിച്ച് കൃത്യമായ പരിശീലനം നല്‍കുന്നതാണ്.
സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി സംബന്ധിച്ച് രക്ഷകര്‍തൃ സമൂഹത്തിനും വിശിഷ്യ പൊതു സമൂഹത്തിനും മികച്ച അറിവും അവബോധവും ലഭിക്കുന്നതിനാവശ്യമായ ബോധവല്‍ക്കരണ പരിപാടികള്‍ നടപ്പാക്കുന്നതാണ്.
10. ബോധവല്‍ക്കരണം
വിദ്യാര്‍ത്ഥികള്‍ക്കിടയിലുള്ള ആത്മഹത്യാ നിരക്ക് സീറോ പേഴ്സെന്‍റേജിലേക്ക് എത്തിക്കാന്‍ ബോധവല്‍ക്കരണം നടത്തും. ഇക്കാര്യത്തില്‍ പി.റ്റി.എയുടെ ആഭിമുഖ്യത്തില്‍ രക്ഷകര്‍ത്താക്കളെയും വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തി സംയുക്ത പ്രവര്‍ത്തനങ്ങള്‍ നടത്തും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടു കൂടിയാകണം പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. വിദ്യാലയങ്ങളില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളുടെ സഹകരണം ഉറപ്പാക്കാനുള്ള പരിശ്രമം നടത്തണം.
11. മൂല്യനിർണ്ണയം
ഹയർ സെക്കണ്ടറി പരീക്ഷാ മൂല്യനിർണ്ണയത്തിനായി പുതുക്കിയ പരീക്ഷാ മാന്വൽ പ്രകാരം ഓരോ അധ്യാപകനും മൂല്യനിർണ്ണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണത്തിൽ മാറ്റംവരുത്തിയിട്ടുണ്ട്. ബോട്ടണി, സുവോളജി, മ്യൂസിക് ഒഴികെയുള്ള വിഷയങ്ങൾക്ക് ഓരോ ദിവസവും നോക്കേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം ഉച്ചയ്ക്ക് മുമ്പ് പതിമൂന്ന് ഉച്ചയ്ക്ക് ശേഷം പതിമൂന്ന്
എന്നിങ്ങനെ ആകെ ഇരുപത്തിയാറായിരുന്നു. ബോട്ടണി, സുവോളജി, മ്യൂസിക് എന്നീ വിഷയങ്ങൾക്ക് ഉച്ചയ്ക്ക് മുമ്പ് ഇരുപതും ഉച്ചയ്ക്ക് ശേഷം ഇരുപതും എന്നിങ്ങനെ നാൽപത് ആയിരുന്നു. അത് യഥാക്രമം 17 + 17 = 34, 25 + 25 = 50 ആയി വർദ്ധിപ്പിച്ചിരുന്നു. പരമാവധി മാർക്ക് 150 ആയിരുന്നപ്പോൾ നിശ്ചയിച്ചതാണ് ഉത്തരക്കടലാസുകളുടെയും എണ്ണം 26, 40 എന്നത്.
നിലവിൽ പരമാവധി മാർക്ക് 80/60/30 ആയികുറഞ്ഞപ്പോഴും നോക്കേണ്ട ഉത്തരക്കടലാസുകളുടെ എണ്ണത്തിൽ വർദ്ധനവ് വരുത്തിയിട്ടുണ്ടായിരുന്നില്ല. ഒരു വിദഗ്ദ്ധ സമിതിയുടെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് മൂല്യനിർണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം പുനർനിശ്ചയിച്ചത്. എന്നാൽ മൂല്യനിർണ്ണയം ആരംഭിക്കാൻ ഇരിക്കുന്ന വേളയിൽ ചില അധ്യാപക കൂട്ടായ്മകൾ വ്യത്യസ്തമായി അഭിപ്രായങ്ങൾ പ്രകടിപ്പിച്ചു.
അതുംകൂടി കണക്കിലെടുത്ത് ഓരോ ദിവസവും മൂല്യനിർണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം 15 + 15 = 30 ഉം 22 + 22 = 44 ഉം ആയി പുനർനിശ്ചയിക്കുന്നു. ഇതേ പാറ്റേണിലുള്ള തുല്യതാ പരീക്ഷകൾക്ക് ഇതേ അധ്യാപകർ നിശ്ചയിക്കപ്പെട്ടതിലധികം ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം നടത്താൻ തയ്യാറാകുന്നുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.