സർവ്വകലാശാലകളിലെ ചട്ട ലംഘനങ്ങളിൽ കടുത്ത നടപടിക്കൊരുങ്ങി ഗവർണ്ണർ. പ്രിയ വർഗീസിന്റെ വിവാദ നിയമനത്തിൽ കണ്ണൂർ വിസിക്ക് എതിരെ ഉടൻ നടപടിയിലേക്ക് നീങ്ങുമെന്നാണ് റിപ്പോർട്ട്. വിസിക്ക് ഷോ കോസ് നോട്ടീസ് നല്കിയ ശേഷം നടപടിയെടുക്കുന്നതിനാണ് നീക്കം. സ്റ്റേ നടപടിക്ക് എതിരായ സർവകലാശാലയുടെ നിയമ നടപടിയും രാജ് ഭവൻ നിരീക്ഷിക്കുന്നതായാണ് റിപ്പോർട്ട്. വി സി അപ്പീൽ പോകുമെന്ന് നേരത്തെ അറിയിച്ചെങ്കിലും ഗവർണ്ണർക്ക് എതിരെ അപ്പീൽ നില നിൽക്കുമോ എന്ന സംശയം ഉയർന്നിരുന്നു.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിന്‍റെ നിയമനത്തിൽ ഗുരുതര വീഴ്ച വിസിയുടെ ഭാഗത്തുനിന്ന് ഉണ്ടായെന്നാണ് രാജ്ഭവന് ലഭിച്ചിരിക്കുന്ന നിയമോപദേശം. പ്രിയാ വര്‍ഗ്ഗീസിന്‍റെ നിയമന വിവാദത്തിൽ ഒരിഞ്ച് വിട്ടുകൊടുക്കാനില്ലെന്നാണ് തന്നെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ നിലപാട്. സ്വജന പക്ഷപാതവും ചട്ടവിരുദ്ധ നടപടികളും സര്‍വകലാശാലയിൽ ഉണ്ടായെന്ന് തുറന്നടിച്ചതിന് പിന്നാലെയാണ് ഗവര്‍ണര്‍ കടുത്ത നടപടിയിലേക്ക് കടക്കാനൊരുങ്ങുന്നത്. ചാൻസലറും സർവകലാശാലയും തമ്മിൽ നിയമപോരാട്ടത്തിലേക്ക് ഇതിനോടകം നീങ്ങിയ സംഭവവികാസങ്ങളെ, കൂടുതൽ സങ്കീർണമാക്കുന്ന നടപടിയിലേക്ക് ഗവർണർ കടന്നേക്കുമെന്നത് ഇതോടെ ഉറപ്പാകുകയാണ്.
അതേ സമയം, കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനത്തില്‍ ചട്ടങ്ങൾ ലംഘിക്കപ്പെട്ടിട്ടില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസ് രംഗത്തെത്തുകയും ചെയ്തു. വിമർശനം ഉന്നയിക്കുന്നവർക്ക് യുജിസി ചട്ടത്തെപ്പറ്റി അറിവില്ലെന്നാണ് പ്രിയ ഉന്നയിക്കുന്ന വാദം. എഫ്‍ഡിപി കാലയളവ് അധ്യാപന പരിചയമായി കണക്കാക്കാമെന്നാണ് ചട്ടമെന്നും എഫ്‍ഡിപി സ്റ്റഡീ ലീവ് അല്ലെന്ന് സർവ്വകലാശാല രക്ഷാ"സംഘ"ക്കാർക്ക് മനസ്സിലായിട്ടില്ലെന്നും യുജിസി ചട്ടം പകുതി മാത്രം വായിച്ചാണ് വിമർശനമെന്നും പ്രിയ വർഗീസ് ഫേസ്ബുക്കില്‍ കുറിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...