തിരുവനന്തപുരം: ഐഎസ്ഐഎസിന് വേണ്ടി ലിബിയയിൽ ഇന്ത്യയിൽ നിന്നുള്ള ആദ്യ ചാവേറായി മലയാളി. ഐഎസ്ഐഎസ് തീവ്രവാദികളുടെ മാസികയായ "വോയിസ് ഓഫ് ഖുറാസനി"ലെ ഏറ്റവും പുതിയ ലക്കത്തിലാണ് ഐഎസ്ഐഎസിന് വേണ്ടി ചാവേറായ ആദ്യത്തെ ഇന്ത്യക്കാരൻ ഒരു മലയാളിയാണെന്ന വെളിപ്പെടുത്തലുള്ളത്. കേരളത്തിൽ ജനിച്ച ക്രിസ്ത്യൻ യുവാവാണ് ഗൾഫിൽ ജോലി ചെയ്യവേ ഇസ്ലാം മതം സ്വീകരിക്കുകയും തുടർന്ന് ഐഎസ്ഐഎസിൽ ചേർന്ന് ലിബിയയിൽ ചാവേറാക്രമണം നടത്തുകയും ചെയ്തത്. എന്നാൽ ഇയാളുടെ പേരോ സംഭവം നടന്ന വർഷമോ വോയ്സ് ഓഫ് ഖുറാസനിൽ പരാമർശിക്കുന്നില്ല.
കേരളത്തിലെ ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചയാൾ എന്നാണ് ലേഖനത്തിൽ കൊല്ലപ്പെട്ടയാളെപ്പറ്റി പറയുന്നത്. അബുബക്കർ അൽ ഹിന്ദി എന്ന പേരിൽ വിശേഷിപ്പിക്കുന്ന ഇയാൾ കുടുംബത്തിലെ ഏക മകനാണെന്നും ലേഖനത്തിൽ പറഞ്ഞിട്ടുണ്ട്. മികച്ച വിദ്യാഭ്യാസം നേടിയ അബുബക്കർ അൽ ഹിന്ദി ബാംഗ്ലൂരിൽ എഞ്ചിനീയർ ആയി ജോലി ചെയ്തു വരികയായിരുന്നു. പിന്നീടാണ് ഗൾഫിൽ ജോലിക്കായി പോയത്. മാർക്കറ്റിൽ നിന്ന് ലഭിച്ച ഒരു കടലാസിൽ നിന്നാണ് ഇസ്ലാമിനെക്കുറിച്ച് വായിക്കാൻ ഇടയായതെന്നും അതിന് ശേഷം ഇസ്ലാമിനെക്കുറിച്ച് കൂടുതൽ പഠിച്ചുവെന്നും ലേഖനത്തിന്‍റെ ആദ്യ ഖണ്ഡികയിൽ പറയുന്നു. ഇന്‍റർനെറ്റിൽ നിന്നും ഇസ്ലാമിക കേന്ദ്രങ്ങളിൽ നിന്നും മതത്തെ കുറിച്ച് ആഴത്തിൽ പഠിച്ചു. ശേഷം ജിഹാദിനെ കുറിച്ചും ഇസ്ലാമിക് സ്റ്റേറ്റിനെ കുറിച്ചും പഠിച്ചെന്നും ലേഖനത്തിൽ പറയുന്നു.
ALSO READ: Salman Rushdie: സൽമാൻ റുഷ്ദിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; റുഷ്ദി സംസാരിച്ചതായി റിപ്പോർട്ട്
ഇന്‍റർനെറ്റിലൂടെയുള്ള തിരച്ചിലിലൂടെ ചില അറബ് സഹോദരങ്ങളെ പരിചയപ്പെട്ടുവെന്നും അങ്ങനെ യമനിലെ ആഭ്യന്തര യുദ്ധത്തിൽ ഇസ്ലാമിനായി പ്രവർത്തിച്ചുവെന്നും ലേഖനത്തിൽ വ്യക്തമാക്കുന്നുണ്ട്. യമനിൽ സ്ഥിതിഗതികൾ മോശമായതോടെ ഇയാൾ നാട്ടിലെത്തി. നാട്ടിലെത്തിയ അബുബക്കറിന് വീട്ടിൽ വിവാഹം ആലോചിച്ചതോടെ താൻ ഇസ്ലാം മതത്തിലേക്ക് മാറിയതായി ഇയാൾ വെളിപ്പെടുത്തി. തുടർന്ന് വിദേശികളായ ഇസ്ലാമിക സുഹൃത്തുക്കളുടെ നിർദ്ദേശ പ്രകാരം ഇയാൾ ലിബിയയിലേക്ക് പോയി. ലിബിയയിൽ വച്ച് ഇയാൾ ഇസ്ലാമിക് സ്റ്റേറ്റിന്‍റെ പരിശീലനം നേടിയെന്നും ലേഖനത്തിൽ പറയുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്‍റെ ശക്തികേന്ദ്രമായിരുന്ന ലിബിയയിലെ സിർത്തെ നഗരത്തിൽ നടന്ന ആക്രമണത്തിൽ ഐഎസിന് തിരിച്ചടിയുണ്ടായതോടെ ചാവേറാകാൻ അബുബക്കർ അൽ ഹിന്ദി തയ്യാറായെന്നും ഇഷ്തിഹാദി ഓപ്പറേഷന്‍റെ ഭാഗമായി ചാവേറായി കൊല്ലപ്പെട്ടുവെന്നും ലേഖലനത്തിൽ വ്യക്തമാക്കുന്നു.
എന്നാണ് ആക്രണം നടന്നതെന്നോ ഇയാൾ കൊല്ലപ്പെട്ടതെന്നോ ലേഖനത്തിൽ പറയുന്നില്ല. ഇയാള്‍ ഇസ്ലാം മതം സ്വീകരിക്കുന്നതിന് മുമ്പുള്ള പേരോ മറ്റ് വിവരങ്ങളോ ലേഖനത്തിൽ പറഞ്ഞിട്ടില്ല. കേരളത്തിൽ നിന്ന് ഐഎസിൽ ചേർന്ന നജീബ് അൽ ഹിന്ദി 2022 മാർച്ചില്‍ കൊല്ലപ്പെട്ട വാർത്ത വോയിസ് ഓഫ് ഖുറാസൻ പുറത്തുവിട്ടിരുന്നു. അന്ന് നജീബിന്‍റെ ചിത്രമടക്കമാണ് വാർത്ത നൽകിയത്. എന്നാൽ, അബുബക്കർ അൽ ഹിന്ദിയുടെ വാർത്തയിൽ കാര്യമായ വിവരങ്ങളൊന്നും തന്നെ നല്‍കിയിട്ടില്ല. മെമ്മറീസ് ഓഫ് ഷുഹാദ: അബുബക്കർ അൽ ഹിന്ദി എന്ന തലക്കെട്ടിലാണ് ലേഖനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...