തിരുവനന്തപുരം: ഇൻറലിജൻസ് സംവിധാനം കൂടുതൽ ശക്തിപ്പെടുത്താൻ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹമാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചരണങ്ങൾക്കെതിരെ ശക്തമായ നടപടികളെടുക്കും. കളമശേരി സംഭവത്തിൽ പഴുതടച്ച അന്വഷണം നടത്തും. പരിക്കേറ്റവരുടെ ചികിത്സയ്ക്കാവശ്യ നടപടി കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കളമശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ വിളിച്ച സർവകക്ഷി യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കളമശേരി സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച സർവ്വകക്ഷി യോഗത്തിൽ സർക്കാർ സ്വീകരിച്ച നടപടികൾക്ക് പൂർണ പിന്തുണ. എല്ലാ കക്ഷി നേതാക്കളും സർക്കാരിൻറെ സമയോചിതമായ ഇടപെടലിനെ അഭിനന്ദിക്കുകയും സമാധാനപ്രവർത്തനങ്ങൾക്ക് പിന്തുണ ഉറപ്പു നൽകുകയും ചെയ്തു.
കേരളത്തിൻറെ മതേതര സ്വഭാവം കാത്തു സംരക്ഷിക്കാൻ എല്ലാവരും ഒത്തൊരുമിച്ച് നിന്നതിൽ മുഖ്യമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു. ജനങ്ങളിൽ ഭീതി ജനകമായ സാഹചര്യം സൃഷ്ടിക്കുമെന്ന വസ്തുത മുന്നിൽ കണ്ട് ജാഗ്രത പുലർത്താൻ മാധ്യമങ്ങൾക്ക് കഴിഞ്ഞു. കേരളത്തിൻറെ മതസൗഹാർദ്ദവും സമാധാന അന്തരീക്ഷവും തകർക്കുന്ന തരത്തിൽ വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കും. ഇത്തരം പ്രചാരണങ്ങളിൽ നിന്ന് വിട്ടു നിൽക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
ALSO READ: കളമശേരി സ്ഫോടനം; സംസ്ഥാനം ഒറ്റക്കെട്ടായി നിൽക്കണമെന്ന് പ്രമേയം പാസാക്കി സർവ്വകക്ഷിയോഗം
കേന്ദ്രമന്ത്രിയുടെ പ്രസ്താവന അപകടകരമായിരുന്നു എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. കേരളത്തിൻറെ മതനിരപേക്ഷ സ്വഭാവത്തെ സംശയ നിഴലിലാക്കുന്ന ഒന്നും അനുവദിക്കാൻ പാടില്ലെന്നും സമൂഹമാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചാരവേലക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. സർക്കാർ സമയോചിത ഇടപെടലാണ് നടത്തിയതെന്ന് കോൺഗ്രസ് പ്രതിനിധി വിടി ബൽറാം പറഞ്ഞു. സമൂഹത്തെ ഭിന്നിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും ഉരുക്കുമുഷ്ടി ഉപയോഗിച്ച് ജനങ്ങൾക്ക് ആത്മവിശ്വാസം പകരണമെന്നും മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.