ഇടുക്കി: തേയിലക്കാടുകൾക്കിടിയിലൂടെ ഓഫ് റോഡ് റേസിങ്ങ് നടത്തിയ സംഭവത്തിൽ ജോജു ജോർജിന് ഉൾപ്പടെ 17 പേർക്ക് പോലീസ് നോട്ടീസ് അയച്ചു. ഓഫ് റോഡ് ഡ്രൈവിൽ പങ്കെടുത്ത വാഹനങ്ങളും അതിന്റെ രേഖകളുമായി 15 ദിവസത്തിനുള്ളിൽ ഹാജരാകണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് മുമ്പ് നോട്ടീസ് നൽകിയിരുന്നു. ജോജു ജോർജ് വാഹനത്തിന്റെ രേഖകളുമായി ചൊവ്വാഴ്ച്ച, മെയ് 24 ന് ആർടിഓയ്ക്ക് മുമ്പിൽ ഹാജരാവുകയും ചെയ്തിരുന്നു.
ഇപ്പോൾ അലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കാൻ ശ്രമിച്ചുവെന്ന കേസിലാണ് പൊലീസ് നോട്ടീസ് നൽകിയിരിക്കുന്നത്. സംഭവത്തിൽ കെഎസ്യു നൽകിയ പരാതിയിന്മേലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതിന് മുമ്പും പോലീസ് ഓഫ് റോഡ് റേസിൽ പങ്കെടുത്തവരോട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും നാല് പേർ മാത്രമാണ് ഹാജരായത്. വണ്ടികളുടെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഹാജരാക്കാൻ കഴിയില്ലെന്നും സമയം വേണമെന്നും അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് വീണ്ടും നോട്ടീസ് നൽകിയത്.
വളരെ രഹസ്യമായി ആണ് ജോജു ജോർജ് ഇടുക്കി ആർടിഒയ്ക്കു മുന്നിൽ ഹാജരായത്. ലൈസൻസ് റദ്ദാക്കുന്നതിന് മുമ്പ് വിശദീകരണം ആവശ്യപ്പെട്ടാണ് മോട്ടോർ വാഹന വകുപ്പ് ജോജു ജോർജിന് നോട്ടീസ് നൽകിയത്. എന്നാൽ അനുമതിയില്ലാതെയാണ് റേസ് നടത്തിയതെന്ന് അറിയില്ലായിരുന്നുവെന്ന് ജോജു ജോർജ് വ്യക്തമാക്കി. മാത്രമല്ല അപകടമുണ്ടാക്കുന്ന തരത്തിലല്ല വാഹനമോടിച്ചതെന്നും ജോജു പറഞ്ഞു.
ലൈസൻസ് ആറ് മാസം വരെ റദ്ദാക്കാവുന്ന കുറ്റമാണ് ജോജു ചെയ്തത്. കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ ജില്ല കലക്ടറും മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകിയിരുന്നു. മെയ് 10ാം തിയതിയാണ് വാഗമണ്ണിലെ ഓഫ് റോഡ് റെയ്സിൽ പങ്കെടുത്ത് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് നടൻ ജോജു ജോർജിന് നോട്ടീസ് അയച്ചത്. എന്നാൽ ജോജു ജോർജ് ഹാജരായിരുന്നില്ല. തുടർന്ന് മോട്ടോർ വാഹന വകുപ്പ് വീണ്ടും നോട്ടീസ് നൽകുകയായിരുന്നു
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...