തിരുവനന്തപുരം: സംസ്ഥാനത്ത് പഴകിയ ഭക്ഷണങ്ങൾ പിടികൂടാൻ ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന പരിശോധന ഊർജിതം. വൃത്തിഹീനമായ രീതിയിൽ പാചകം ചെയ്തിരുന്ന തലസ്ഥാനത്തെ മൂന്ന് ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. രാവിലെ മുതൽ ആരംഭിച്ച ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധന പുരോഗമിക്കുകയാണ്.കുറവൻകോണത്തെ ഒരു ഹോട്ടലിൽ അടുക്കളയിൽ ഭക്ഷണം പാചകം ചെയ്യുന്നത് വൃത്തിഹീനമായ സാഹചര്യത്തിലാണെന്ന് കണ്ടെത്തി. മാലിന്യം നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു ഇവിടത്തെ പാചകം. ഈ ഹോട്ടൽ ഉൾപ്പെടെയുള്ള രണ്ട് ഹോട്ടലുകൾക്ക് നോട്ടീസ് നൽകി.
ഫുഡ് സേഫ്റ്റി ഓഫീസർ അഗതയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പഴകിയ ഭക്ഷണപദാർത്ഥങ്ങളും ഭക്ഷ്യവസ്തുക്കൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന കേടായ എണ്ണയും, പാമോയിലുമടക്കം പിടിച്ചെടുത്തു. ശുചിത്വ പ്രശ്നങ്ങൾ കണ്ടെത്തിയ ഹോട്ടലുകൾക്ക് പിഴയും ചുമത്തി. മെഡിക്കൽ കോളേജ് പരിസരത്ത് നടത്തിയ പരിശോധനയിൽ ഭക്ഷ്യവസ്തുക്കൾ ഉണ്ടാക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തിലാണെന്നും കണ്ടെത്തിയിട്ടുണ്ട്. കേടായ ഭക്ഷണപദാർത്ഥങ്ങൾ വിതരണം ചെയ്യുന്ന ഹോട്ടലുകൾ അടപ്പിച്ചു. മെഡിക്കൽ സർട്ടിഫിക്കറ്റും ലൈസൻസുമില്ലാത്ത ഹോട്ടലുകൾക്ക് നോട്ടീസും നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന ഊർജിതമായി തന്നെ നഗര-ഗ്രാമ വ്യത്യാസങ്ങളില്ലാതെ നടക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...