തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധന കർശനമാക്കുമെന്ന് മന്ത്രി ജി.ആർ അനിൽ. ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്തൽ ശോചനീയമായ രീതിയിൽ പ്രവർത്തിക്കുന്ന കടകൾ അടപ്പിക്കൽ എന്നിവയിൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി. ലീഗൽ മെട്രോളജി വകുപ്പിനായി കെഎസ്എഫ്ഡിസി നിർമ്മിച്ച പരസ്യ ചിത്രങ്ങളുടെ പ്രദർശനോദ്ഘാടനവും വകുപ്പിന്റെ ഇ-ഓഫീസ് സംവിധാനത്തിന്റെ ഉദ്ഘാടനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സർക്കാർ സേവനങ്ങൾ സാധാരണ ജനങ്ങളിലേക്ക് അനായാസം എത്തിക്കുന്നതിനും ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ലീഗൽ മെട്രോളജി വകുപ്പിൽ വലിയ പരിഷ്‌കാരങ്ങളാണ് നടക്കുന്നത്. പായ്ക്കറ്റ് ഉത്പന്നങ്ങൾ, ഗ്യാസ് സിലിണ്ടർ, ഇന്ധന പമ്പുകൾ, സ്വർണ്ണക്കടകൾ തുടങ്ങി ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന കബളിപ്പിക്കലുകൾ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്എഫ്ഡിസിയുടെ സഹായത്തോടെ പരസ്യ ചിത്രങ്ങൾ തയ്യാറാക്കിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. വകുപ്പിനെ കടലാസ് രഹിത ഓഫീസാക്കി മാറ്റുക എന്ന ഉദ്ദേശത്തോടെയാണ് ഇ-ഓഫീസ് സംവിധാനം നടപ്പിലാക്കുന്നത്.
ALSO READ: കാസർകോട് ഷവർമ സാമ്പിളുകളിൽ സാൽമൊണല്ല, ഷിഗല്ല ബാക്ടീരിയാ സാന്നിധ്യമെന്ന് വീണാ ജോർജ്
സിവിൽ സപ്ലൈസ് വകുപ്പിന്റെ 101 ഓഫീസുകളിലും ഇതിനോടകം ഇ- സേവനങ്ങൾ ഏർപ്പെടുത്തി കഴിഞ്ഞു. സമാനമായ രീതിയിൽ ലീഗൽ മെട്രോളജി വകുപ്പിനെ ആധുനികവത്കരിക്കാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ നിയമങ്ങളെ മറികടന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ചിലർ പ്രവർത്തിക്കുന്നതായും ഇത്തരക്കാരെ തുറന്നു കാണിക്കാനുള്ള ഉത്തരവാദിത്തം സമൂഹത്തിനുണ്ടെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ലീഗൽ മെട്രോളജി കൺട്രോളർ കെ.ടി വർഗീസ് പണിക്കർ, അഡീഷണൽ സെക്രട്ടറി അബ്ദുൾ മജീദ് കക്കോട്ടിൽ എന്നിവർ സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...