തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുകയാണ്. ഇഞ്ചിക്ക് കിലോയ്ക്കുള്ള വില ട്രിപ്പിൾ സെഞ്ച്വറി പിന്നിട്ട് മുന്നോട്ടു കുതിക്കുന്നു. തക്കാളിക്കും വെളുത്തുള്ളിക്കും ചെറിയ ഉള്ളിക്കും വില വർധിച്ചിട്ടുണ്ട്. ഉത്പാദനക്കുറവും പ്രതികൂല കാലാവസ്ഥയുമാണ് പച്ചക്കറി വില ഉയരാൻ കാരണമെന്ന് വ്യാപാരികൾ പറഞ്ഞു. അതേസമയം, നിത്യോപയോഗ സാധനങ്ങളിൽ ഉണ്ടാകുന്ന വിലക്കയറ്റത്തിൽ എങ്ങനെ ജീവിതം മുന്നോട്ടു കൊണ്ടുപോകുമെന്ന് ആശങ്കയിലാണ് സാധാരണക്കാർ.
ഉപ്പ് തൊട്ട് കർപ്പൂരം വരെ എല്ലാ സാധനങ്ങൾക്കും വില ഉയരുമ്പോൾ പച്ചക്കറി വിലയും കുതിക്കുകയാണ്. അച്ചാറുകളിലും തൊട്ടുകൂട്ടാനിലും പ്രഥമസ്ഥാനത്തുള്ള ഇഞ്ചിക്ക് തീവിലയാണ്. മൊത്തവ്യാപാര വില 270 രൂപയാണെങ്കിലും ചില്ലറ വിൽപ്പനശാലകളിൽ പല വിലയാണ്. 300 മുതൽ 340 രൂപ വരെ ഈടാക്കുന്നുണ്ട്. നാരങ്ങയ്ക്കും മാങ്ങയ്ക്കും നേരിയ വിലക്കുറവ് മാത്രമാണുള്ളത്. തക്കാളിക്ക് കിലോ 100 രൂപയും ചെറിയ ഉള്ളിക്ക് 180 രൂപയുമാണ് വില. സവാളയ്ക്ക് വില 28നും 30നും ഇടയിലാണ്. ജൂണിൽ 50 രൂപ വരെ സവാളയ്ക്ക് വില കുറഞ്ഞിരുന്നു. തൊണ്ടൻ മുളകിന് കിലോ 240 രൂപയുമാണ് ഇന്നത്തെ വില.
ALSO READ: മന്ത്രിമാരെ തടഞ്ഞതിനും കലാപാഹ്വാനത്തിനും ഫാ. യൂജിന്‍ പെരേരക്കെതിരെ കേസെടുത്തു
വെളുത്തുള്ളി വിലയും രണ്ടാഴ്ചയ്ക്കുള്ളിൽ 140ൽ എത്തി. ക്യാരറ്റ്, ബീൻസ്, പടവലം, ക്യാബേജ്, ബീറ്റ്റൂട്ട് എന്നിവയ്ക്കും വലിയ വിലക്കുറവൊന്നുമില്ല. ചേനയ്ക്കും ചേമ്പിനും മിതമായ വിലയും ഈടാക്കുന്നുണ്ട്. കോളിഫ്ലവറിന് കിലോക്ക് 60 രൂപ നൽകണം. പടവലത്തിനും പൈനാപ്പിളിനും വിലയിൽ ചെറിയ കുറവുണ്ട്. പച്ചമുളകിന് കിലോയ്ക്ക് 85 രൂപയും നൽകണം.
കർക്കിടക വാവുബലിയും ഓണവുമൊക്കെ വരാനിരിക്കുന്ന സാഹചര്യത്തിൽ ഇനിയും പച്ചക്കറിക്ക് വില കൂടാനുള്ള സാധ്യതയാണുള്ളത്. ഓണത്തോട് അടുക്കുമ്പോൾ സാധാരണ പതിവ് വിലക്കയറ്റം ഉണ്ടാകാറുണ്ട്. വില കുതിച്ചുയർന്നാൽ എങ്ങനെ കച്ചവടം നടക്കുമെന്നുള്ള ആശങ്കയും കച്ചവടക്കാർക്കുണ്ട്.
ഇഞ്ചി, തക്കാളി എന്നിവയിലുണ്ടായ വിലക്കയറ്റമാണ് സാധാരണക്കാരെ കൂടുതൽ തകിടം മറിക്കുന്നത്. ഡിമാൻഡ് അനുസരിച്ച് ഇഞ്ചി കിട്ടാനില്ലാത്തതിനാൽ 3 മാസമായി ഇഞ്ചിവില വർധിക്കുകയാണ്. പച്ചക്കറിക്ക് പുറമേ പഴവർഗ്ഗങ്ങൾക്കും വില ചെറുതായെങ്കിലും ഉയർന്നിട്ടുണ്ട്. ബീഫിനും ചിക്കനും മത്സ്യത്തിനും തുടങ്ങി സർവ്വത്ര സാധനങ്ങൾക്കും വില ചെറുതായിട്ടെങ്കിലും ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ എങ്ങനെ ജീവിക്കും എന്ന് ആശങ്കയും ജനം പങ്കുവെയ്ക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...