കണ്ണൂർ: ഹോട്ടലിലേക്കുള്ള ഭക്ഷണസാധനങ്ങൾ സൂക്ഷിച്ചിരിക്കുന്നത് കക്കൂസിൽ. പച്ചക്കറികളും ഭക്ഷ്യ വസ്തുക്കളും കക്കൂസിൽ സൂക്ഷിച്ചിരിക്കുന്നത് കണ്ട് ഇത് ഫോട്ടോയെടുത്ത ഡോക്ടറെ മർദിച്ചു. സംഭവത്തിൽ ഹോട്ടൽ ഉടമയും സുരക്ഷാ ജീവനക്കാരനും ഉൾപ്പെടെ മൂന്ന് പേരെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തു. ഹോട്ടലിലെത്തിയ ബന്തടുക്ക പിഎച്ചിസിയിലെ മെഡിക്കൽ ഓഫീസർ ഡോ. സുബ്ബരായയെ ആക്രമിച്ചതിന് ഹോട്ടലുടമ ചുമടുതാങ്ങി കെ.സി ഹൗസിലെ മുഹമ്മദ് മൊയ്തീൻ (28), സഹോദരി സമീന (29) ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരൻ ടി.ദാസൻ (70) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
പിലാത്തറ കെഎസ്ടിപി റോഡിലുള്ള കെസി റസ്റ്റോറന്റിലാണ് സംഭവം നടന്നത്. ഞായറാഴ്ച രാവിലെ പത്തോടെയാണ് സംഭവം. കണ്ണൂരിലേക്ക് വിനോദയാത്ര പോകുന്നതിനിടെ ഡോ. സുബ്ബരായയും ആശുപത്രി ജീവനക്കാരും കുടുംബാംഗങ്ങളുമടക്കമുള്ള 31 പേർ റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ കയറി. ഭക്ഷണം കഴിച്ചശേഷം ശുചിമുറിയിൽ പോയപ്പോഴാണ് ശുചിമുറിയിൽ ഭക്ഷണസാധനങ്ങളും പച്ചക്കറികളും മറ്റും സൂക്ഷിച്ചതായി കണ്ടത്. ഡോ. സുബ്ബരായ ഇതിന്റെ ഫോട്ടോയും വീഡിയോയും എടുത്തു.
ഇതുകണ്ട് പ്രതികൾ ഡോക്ടറെ മർദിക്കുകയും മൊബൈൽ ഫോൺ പിടിച്ചുവാങ്ങുകയും ചെയ്തു. റസ്റ്റോറന്റിൽ നിന്ന് പുറത്ത് വിടില്ലെന്ന് ഭീഷണി മുഴക്കിയതായും പോലീസ് പറഞ്ഞു. ഇതോടെ വിനോദയാത്രാ സംഘത്തിലുണ്ടായിരുന്നവർ പോലീസിനെ വിളിച്ചു. സ്ഥലത്തെത്തിയ പരിയാരം ഇൻസ്‌പെക്ടർ കെ.വി.ബാബു, എസ്.ഐ. രൂപ മധുസൂദനൻ എന്നിവരടങ്ങിയ പോലീസ് സംഘം മൂവരെയും അറസ്റ്റ് ചെയ്തു. സംഭവത്തിൽ ഹോട്ടലിന് നോട്ടീസ് നൽകിയിട്ടുണ്ടെന്നും കർശന നടപടി സ്വീകരിക്കുമെന്നും അധികാരികൾ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...