കെപിസിസി എക്‌സിക്യുട്ടീവില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം : നേതൃത്വത്തില്‍ തലമുറമാറ്റം വേണമെന്ന് വി .ഡി സതീശന്‍

Last Updated : Jun 4, 2016, 08:20 PM IST
കെപിസിസി എക്‌സിക്യുട്ടീവില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം : നേതൃത്വത്തില്‍ തലമുറമാറ്റം വേണമെന്ന് വി .ഡി സതീശന്‍

തിരുവനന്തപുരം∙ തെരഞ്ഞെടുപ്പു തോൽവി വിലയിരുത്താൻ ചേർന്ന കെ.പി.സി.സി ക്യാമ്പ് എക്സിക്യൂട്ടീവ് യോഗത്തിൽ നേതൃത്വത്തിന് രൂക്ഷവിമർശം. സംസ്ഥാനത്തെ മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, വി.എം സുധീരൻ എന്നിവർക്കെതിരെയും എ.കെ. ആന്‍റണിക്കെതിരെയും കടുത്ത വിമർശങ്ങളാണ് യോഗത്തിൽ ഉയർന്നത്.സംസ്ഥാന നേതൃത്വത്തിൽ മാറ്റം വേണമെന്നും പരാജയത്തിന്‍റെ ഉത്തരവാദിത്വം നേതൃത്വത്തിനാണെന്നും അംഗങ്ങൾ പറഞ്ഞു.. നേതൃത്വത്തില്‍ തലമുറമാറ്റം വേണം. തെരഞ്ഞെടുപ്പ് അടുത്ത സമയത്തുണ്ടായ വിവാദ ഉത്തരവുകള്‍ ജനവിധിയെ സ്വാധിനീച്ചെന്ന് വി.ഡി സതീശന്‍ യോഗത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് സംഘടനാപരമായ മുന്നൊരുക്കം ഉണ്ടായില്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. 

പാര്‍ട്ടിയുടെ ഭരണ നേതൃത്വത്തില്‍ ജനങ്ങള്‍ക്കുളള വിശ്വാസം നഷ്ടപ്പെട്ടു. പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തിന് ഒരു സമരം പോലും നടത്താനുളള ത്രാണി ഉണ്ടായിരുന്നില്ല. മതേതര നിലപാടില്‍ ആത്മാര്‍ഥതയുണ്ടെന്ന് പോലും ജനങ്ങള്‍ക്ക് തോന്നിയില്ല. മദ്യനയം കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടായില്ല. ആദര്‍ശം പറയാനെ കൊള്ളു പ്രാവര്‍ത്തികമാക്കാന്‍ പറ്റില്ല. തങ്ങള്‍ക്കാര്‍ക്കും തോല്‍വിയുടെ ഉത്തരവാദിത്വം ഇല്ലെന്നും തീരുമാനങ്ങള്‍ എടുത്തവര്‍ക്കാണ് തോല്‍വിയുടെ ഉത്തരവാദിത്വമെന്നും പറഞ്ഞു. വി.എം. സുധീരനെതിരെ കടുത്ത ആരോപണങ്ങളാണ് എം.എം. ഹസൻ ഉന്നയിച്ചത്.ഹൈക്കമാന്‍റിനെതിരെയും യോഗത്തിൽ വിമർശമുണ്ടായി. സ്ഥാനാർഥി നിർണയ ചർച്ചകൾ നീണ്ടുപോയത് പരാജയത്തിന് കാരണമായി. യു.ഡി.എഫ് സർക്കാറിന്‍റെ മദ്യനയം ഗുണം ചെയ്തില്ലെന്നും ചില അംഗങ്ങൾ കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ രണ്ടുദിവസം നീളുന്ന യോഗമാണ് കെ.പി.സി.സി നടത്തുന്നത്. കെ.പി.സി.സി സെക്രട്ടറിമാർ, ജനറൽ സെക്രട്ടറിമാർ, വൈസ് പ്രസിഡന്‍റുമാർ, ഡി.സി.സി പ്രസിഡന്‍റുമാർ, വക്താക്കൾ, ക്ഷണിതാക്കൾ, പോഷക സംഘടനകളുടെ അധ്യക്ഷൻമാർ, എം.എൽ.എമാർ, തോറ്റ സ്ഥാനാർഥികൾ എന്നിവരാണ് നെയ്യാർ ഡാമിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരുന്ന ക്യാമ്പ് എക്സിക്യൂട്ടിവിൽ പങ്കെടുക്കുന്നത്.

Trending News