കൊച്ചി: കോസ്റ്റ് ഗാർഡിൻ്റെ പരിശീലന വിമാനം തകർന്ന് വീണതിനെ തുടർന്ന് താത്ക്കാലികമായി അടച്ചിട്ട നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവെ വീണ്ടും തുറന്നു. അപകടം നടന്ന് ഏകദേശം രണ്ട് മണിക്കൂറിന് ശേഷമാണ് റൺവെ തുറക്കാനായത്. ഇതോടെ വിമാന സർവീസുകൾ പുന:രാരംഭിച്ചു.
ഹെലികോപ്ടർ അപകടത്തെ തുടർന്ന് കൊച്ചിയിൽ ഇറങ്ങേണ്ട രണ്ട് വിമാനങ്ങൾ വഴിതിരിച്ചു വിട്ടിരുന്നു. റൺവെ തുറന്ന ശേഷം വിസ്താരയുടെ വിമാനമാണ് ആദ്യ സർവീസ് നടത്തിയത്. അപകടത്തിൽപ്പെട്ട ഹെലികോപ്ടർ ക്രെയിൻ ഉപയോഗിച്ചാണ് നീക്കിയത്. ഇതിന് പിന്നാലെ റൺവെ സജ്ജമാക്കുകയും സുരക്ഷാ പരിശോധനകൾ നടത്തുകയും ചെയ്തിരുന്നു.
ALSO READ: ബ്രഹ്മപുരം പ്ലാന്റിൽ വീണ്ടും തീപിടിത്തം
ഉച്ചയ്ക്ക് 12.30ഓടെയാണ് നെടുമ്പാശേരിയിൽ കോസ്റ്റ് ഗാർഡിൻ്റെ ഹെലികോപ്റ്റർ തകർന്ന് വീണത്. അപകട സമയത്ത് ഹെലികോപ്റ്ററിൽ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. ഇവരിൽ ഒരാൾക്കാണ് കാര്യമായി പരിക്കേറ്റത്. മറ്റ് രണ്ട് പേർക്കും കാര്യമായ പരിക്കുകളില്ല. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായതെന്നും വിവരമുണ്ട്. പരിശീലന പറക്കലിനിടെ തകർന്ന് വീണ ഹെലികോപ്ടറിന് കേടുപാടുകൾ സംഭവിച്ചെങ്കിലും തീപിടിത്തമുണ്ടാകാതിരുന്നത് ആശ്വാസമായി.
പരിശീലന പറക്കലിൻ്റെ ഭാഗമായി പറന്നുയരാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. അധികം മുകളിലേയ്ക്ക് പറന്ന് ഉയരുന്നതിന് മുമ്പ് തന്നെ അപകടമുണ്ടായതും കാര്യങ്ങൾ ഗുരുതര സാഹചര്യത്തിലേയ്ക്ക് നീങ്ങാതിരുന്നതിന് പ്രധാന കാരണമായി മാറി. റൺവെയ്ക്ക് അഞ്ച് മീറ്റർ അകലെയാണ് ഹെലികോപ്റ്റർ തകർന്ന് വീണത്. ഹെലികോപ്ടർ തകർന്ന് വീണതിന് പിന്നാലെ പരിക്കേറ്റ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
മാർച്ച് 8ന് ഇതേ ഹെലികോപ്ടർ തന്നെ മുംബൈ തീരത്ത് വെച്ച് അപകടത്തിൽപ്പെട്ടിരുന്നു എന്നാണ് റിപ്പോർട്ട്. തുടർന്ന് അറ്റകുറ്റപ്പണികൾ നടത്തിയ ശേഷമാണ് വീണ്ടും പരിശീലന പറക്കലിന് ഹെലികോപ്ടർ സജ്ജമായത്. ഇതിനിടെയാണ് വീണ്ടും അപകടമുണ്ടായത്. അപകടം കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കോസ്റ്റ് ഗാർഡും വിമാനത്താവളത്തിന്റെ ഭാഗത്ത് നിന്നും പരിശോധന ഉണ്ടാകുമെന്ന് സിയാലും അറിയിച്ചിട്ടുണ്ട്.
പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...