മഴക്കെടുതി രൂക്ഷം, ഡാമുകളിൽ ജലനിരപ്പുയരുന്നു; ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമാകണമെന്ന് ഡിജിപി

അടിയന്തര സാഹചര്യം നേരിടാന്‍ തയ്യാറായിരിക്കാന്‍ എല്ലാ പോലീസ് സ്റ്റേഷനുകളിലെയും ദുരന്തനിവാരണ സംഘങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Aug 1, 2022, 05:56 PM IST
  • മണ്ണിടിച്ചില്‍ പോലെയുള്ള അപകടങ്ങള്‍ സംഭവിക്കാനിടയുള്ള സ്ഥലങ്ങളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തും.
  • അവശ്യഘട്ടങ്ങളില്‍ പോലീസിന്‍റെ എല്ലാ വിഭാഗങ്ങളുടെയും സേവനം പൊതുജനങ്ങള്‍ക്ക് താമസം കൂടാതെ ലഭ്യമാക്കാന്‍ യൂണിറ്റ് മേധാവിമാര്‍ നടപടി സ്വീകരിക്കും.
  • റോഡരികില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് മാറ്റാന്‍ ഫയര്‍ഫോഴ്സുമായി ചേര്‍ന്ന് നടപടി സ്വീകരിക്കും.
മഴക്കെടുതി രൂക്ഷം, ഡാമുകളിൽ ജലനിരപ്പുയരുന്നു; ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമാകണമെന്ന് ഡിജിപി
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ അതിശക്തമാകുന്ന സാഹചര്യത്തിൽ ജില്ലാ പോലീസ് മേധാവിമാർക്ക് ജാ​ഗ്രതാ നിർദ്ദേശം നൽകി സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്. ഏത് അടിയന്തര സാഹചര്യവും നേരിടുന്നതിനായി ജില്ലകളിൽ കൺട്രോൾ റൂം തുടങ്ങാനും നിർദ്ദേശം നൽകിയിട്ടുണ്ട്. മഴ കനക്കുന്നതിനെ തുടർന്ന് ഇന്നും നാളെയുമായി ഏഴ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിലാണ് അലർട്ടുള്ളത്. 
 
അടിയന്തര സാഹചര്യം നേരിടാന്‍ തയ്യാറായിരിക്കാന്‍ എല്ലാ പോലീസ് സ്റ്റേഷനുകളിലെയും ദുരന്തനിവാരണ സംഘങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിമാര്‍ ജില്ലാ കളക്ടര്‍മാരുമായും ജില്ലാതല ദുരന്തനിവാരണ സമിതിയുമായും നിരന്തരം സമ്പര്‍ക്കം പുലര്‍ത്തും. പോലീസ് സ്റ്റേഷനുകളിൽ എല്ലാം ‍ജെസിബി, ബോട്ടുകള്‍, മറ്റു ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഒക്കെ തയ്യാറാക്കി വെയ്ക്കും. തീരപ്രദേശങ്ങളിലും സുരക്ഷാ ബോട്ടുകള്‍ ഉള്‍പ്പെടെയുള്ളവ ഒരുക്കാന്‍ തീരദേശ പോലീസ് സ്റ്റേഷനുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. എമര്‍ജന്‍സി റെസ്പോണ്‍സ് നമ്പരായ 112 ലേയ്ക്ക് വരുന്ന എല്ലാ കോളുകളും 24 മണിക്കൂറും അടിയന്തര പ്രാധാന്യത്തോടെ കൈകാര്യം ചെയ്യും. 
 
 
     
മണ്ണിടിച്ചില്‍ പോലെയുള്ള അപകടങ്ങള്‍ സംഭവിക്കാനിടയുള്ള സ്ഥലങ്ങളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തും. അവശ്യഘട്ടങ്ങളില്‍ പോലീസിന്‍റെ എല്ലാ വിഭാഗങ്ങളുടെയും സേവനം പൊതുജനങ്ങള്‍ക്ക് താമസം കൂടാതെ ലഭ്യമാക്കാന്‍ യൂണിറ്റ് മേധാവിമാര്‍ നടപടി സ്വീകരിക്കും. റോഡരികില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍  മുറിച്ച് മാറ്റാന്‍ ഫയര്‍ഫോഴ്സുമായി ചേര്‍ന്ന് നടപടി സ്വീകരിക്കും. അപകടമേഖലകളില്‍ നിന്ന് ജനങ്ങളെ അതിവേഗം മാറ്റി പാര്‍പ്പിക്കുന്നതിന് പോലീസ് സഹായം ഉറപ്പാക്കും. ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുന്ന മുറയ്ക്ക് അന്തേവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വനിതാ പോലീസ് ഉള്‍പ്പെടെയുളളവരുടെ സേവനം ലഭ്യമാക്കും.
 
പോലീസ് വിന്യാസത്തിന്‍റെ ചുമതലയുള്ള നോഡല്‍ ഓഫീസറായി സായുധ പോലീസ് ബറ്റാലിയന്‍ വിഭാഗം എഡിജിപി എം.ആര്‍.അജിത്കുമാറിനെയും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ നോഡല്‍ ഓഫീസറായി ക്രമസമാധാന വിഭാഗം എഡിജിപി വിജയ് എസ്.സാക്കറെയെയും നിയോഗിച്ചിട്ടുണ്ടെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.
 
അതേസമയം സംസ്ഥാനത്ത് മഴക്കെടുതി വളരെ രൂക്ഷമാണ്. മൂന്ന് മരണം സംഭവിച്ചു. വ്യാപക നാശനഷ്ടവുമുണ്ടായി. മണ്ണിടിഞ്ഞും വെള്ളം കയറിയുമൊക്കെ പലയിടങ്ങളിലും ​ഗതാ​ഗതം തടസപ്പെട്ടു. അതിശക്തമായ മഴയെ തുടർന്ന് എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. 
 
ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് സംസ്ഥാനത്ത് അഞ്ച് ഡാമുകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കല്ലാർകുട്ടി, പൊന്മുടി, കുണ്ടള, ലോവർ പെരിയാർ, ഇരട്ടയാർ ഡാമുകളിലാണ് ജാ​ഗ്രത നിർദേശം നൽകിയിരിക്കുന്നത്. മീങ്കര, മംഗലം ഡാമുകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിക്കുകയും നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകളും അഞ്ചു സെന്റിമീറ്റർ വീതം ഉയർത്തുകയും ചെയ്തു. പേപ്പാറ ഡാമിന്റെ നാലു ഷട്ടറുകളും തുറന്നു. അരുവിക്കര ഡാമിന്റെ ഷട്ടറുകൾ 140 സെ. മീ ഉയർത്തി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News