പാരസെറ്റാമോള്‍ ഉള്‍പ്പെടെ സാധാരണയായി ഉപയോഗിക്കുന്ന 16 മരുന്നുകള്‍ കുറിപ്പടിയില്ലാതെ ലഭ്യമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. പരമാവധി അഞ്ചു ദിവസത്തേയ്ക്കുള്ള മരുന്നുകളാണ് കുറിപ്പടിയില്ലാതെ ലഭിക്കുന്നത്. തുടര്‍ന്ന് രോഗം ഭേദമായില്ലെങ്കില്‍ ഡോക്ടറുടെ സേവനം തേടണമെന്നും കരടു നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
കഫത്തിന്റെ ബുദ്ധിമുട്ട് മാറുന്നതിനുള്ള മരുന്നുകൾ, വയറിളക്കത്തിന് ഉപയോഗിക്കുന്ന മരുന്നുകൾ, ചില മൗത്ത് വാഷുകള്‍, മുഖക്കുരു മാറ്റുന്നതിനുള്ള ക്രീമുകള്‍, ക്രീം രൂപത്തിലുള്ള വേദനസംഹാരികള്‍ എന്നിവയുള്‍പ്പെടെയാണ് കുറിപ്പടിയില്ലാതെ ലഭ്യമാകുന്ന മരുന്നുകൾ. അണുബാധയ്‌ക്കെതിരെ നല്‍കുന്ന പോവിഡോണ്‍ അയോഡിന്‍, മൗത്ത് വാഷായി ഉപയോഗിക്കുന്ന ക്ലോറെക്‌സിഡൈന്‍, ഫംഗസ് ബാധയ്‌ക്കെതിരെ പുരട്ടുന്ന ക്ലോട്രിമസോള്‍ തുടങ്ങി വിവിധ മരുന്നുകളാണ് കുറിപ്പടിയില്ലാതെ ലഭ്യമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.
ഇതിനായി, 1945ലെ ഡ്രഗ്‌സ് റെഗുലേഷന്‍ ആക്ടില്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം മാറ്റങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കുറിപ്പടിയില്ലാതെ ഉപയോഗിക്കുന്ന മരുന്ന് അഞ്ച് ദിവസത്തില്‍ കൂടുതല്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന ചില വ്യവസ്ഥകളോടെയാണ് മാറ്റം നിര്‍ദേശിച്ചിരിക്കുന്നത്. രോഗം മാറിയില്ലെങ്കില്‍ ഡോക്ടറെ സമീപിക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.