BPCL Projects: അറുവുശാലയിലേക്ക് നയിക്കും മുന്‍പ് കാടിവെള്ളം നല്‍കുന്നതുപോലെ! രണ്ട് മാസത്തിനുള്ളില്‍ BPCL വിറ്റുതുലയ്ക്കും, രൂക്ഷ വിമര്‍ശനവുമായി K C Venugopal

  കൊച്ചിയിലുള്‍പ്പെടെ നാല് റിഫൈനറികളുള്ള  BPCL പ്ലാന്‍റും അതിനോടനുബന്ധിച്ചുള്ള 2000 ഏക്കറിനടുത്ത് ഭൂമിയും കുത്തകകള്‍ക്ക് തീറെഴുതുവാനുള്ള നീക്കമാണ് നടക്കുന്നതെന്ന്   AICC ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. 

Written by - Zee Malayalam News Desk | Last Updated : Feb 14, 2021, 08:26 PM IST
  • കേന്ദ്ര സർക്കാർ തന്നെ വില്പനയ്ക്ക് വെച്ച ഭാരത് പെട്രോളിയം കമ്പനി ലിമിറ്റഡിലെ പുതിയ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പ്രഹസനത്തിനാണ് കേരളം ഇന്ന് സാക്ഷ്യം വഹിച്ചതെന്ന് കെ സി വേണുഗോപാൽ
  • കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കങ്ങള്‍ക്ക്‌ കുട പിടിക്കുന്ന സംസ്ഥാന സർക്കാര്‍ കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും വേണുഗോപാൽ പറഞ്ഞു.
BPCL Projects: അറുവുശാലയിലേക്ക് നയിക്കും മുന്‍പ് കാടിവെള്ളം നല്‍കുന്നതുപോലെ!  രണ്ട് മാസത്തിനുള്ളില്‍  BPCL വിറ്റുതുലയ്ക്കും,  രൂക്ഷ വിമര്‍ശനവുമായി  K C Venugopal

തിരുവനന്തപുരം:  കൊച്ചിയിലുള്‍പ്പെടെ നാല് റിഫൈനറികളുള്ള  BPCL പ്ലാന്‍റും അതിനോടനുബന്ധിച്ചുള്ള 2000 ഏക്കറിനടുത്ത് ഭൂമിയും കുത്തകകള്‍ക്ക് തീറെഴുതുവാനുള്ള നീക്കമാണ് നടക്കുന്നതെന്ന്   AICC ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. 

കേന്ദ്ര സർക്കാർ തന്നെ വില്പനയ്ക്ക് വെച്ച ഭാരത് പെട്രോളിയം കമ്പനി ലിമിറ്റഡിലെ (BPCL)  പുതിയ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പ്രഹസനത്തിനാണ് കേരളം ഇന്ന്  സാക്ഷ്യം വഹിച്ചതെന്ന് കെ സി വേണുഗോപാൽ അഭിപ്രായപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കങ്ങള്‍ക്ക്‌  കുട പിടിക്കുന്ന സംസ്ഥാന സർക്കാര്‍ കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും  വേണുഗോപാൽ  (K C Venugopal)  പറഞ്ഞു. 

രണ്ടുമാസത്തിനുള്ളില്‍  BPCL തന്നെ വിറ്റുതുലയ്ക്കാനാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ഉദ്ദേശ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.  രാജ്യത്തെ സമ്പദ് ഘടനയ്ക്ക് സുപ്രധാന സംഭാവന നല്‍കുന്ന മഹാരത്ന, നവരത്ന, മിനി രത്ന കമ്പനികളെ സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുത്ത ശേഷം ബിപിസിഎല്ലിലെ പുതിയ പദ്ധതി ഉദ്ഘാടനം ചെയ്യുന്നു, അത് കേരളത്തിന് സമര്‍പ്പിക്കുന്നുവെന്നെല്ലാം കൊട്ടിഘോഷിക്കുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ രാജ്യത്തെയും ജനങ്ങളെയും വിഡ്ഢികളാക്കുകയാണെ്ന്നും അദ്ദേഹം പറയുന്നു.  ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കേന്ദ്രസര്‍ക്കാരിനെതിരെയുള്ള രൂക്ഷ വിമര്‍ശനം

കെ സി വേണു​ഗോപാലിന്‍റെ  ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണ രൂപം 

കേന്ദ്ര സര്‍ക്കാര്‍ തന്നെ വില്പനയ്ക്ക് വെച്ച ഭാരത് പെട്രോളിയം കമ്ബനി ലിമിറ്റഡിലെ പുതിയ പദ്ധതി പ്രധാനമന്ത്രി കേരളത്തിലെത്തി ഉദ്ഘാടനം ചെയ്യുന്ന പ്രഹസനത്തിനാണ് നാം സാക്ഷ്യം വഹിക്കുന്നത്! അറുവുശാലയിലേക്ക് നയിക്കും മുമ്ബ് കാടിവെള്ളം നല്‍കുന്നതുപോലെ. അതിനു കുട പിടിച്ചു കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാരും.

കേരളത്തിലേക്ക് വലിയ പദ്ധതി കൊണ്ടുവരുന്നു എന്ന വിധത്തില്‍ സംസ്ഥാനത്തെ തെറ്റിദ്ധരിപ്പിച്ചാണ് കൊച്ചി റിഫൈനറിയോട് ചേര്‍ന്നുള്ള പ്രൊപെലെന്‍ ഡെറിവേറ്റീവ്സ് പെട്രോകെമിക്കല്‍ പദ്ധതി(പിഡിപിപി)ക്കു വേണ്ടി സ്ഥലം ഏറ്റെടുപ്പിച്ചത്.

ഇന്ത്യയിലെ ആദ്യത്തേതും ലോകത്തിലെ ഏറ്റവും വലുതുമായ പദ്ധതി 132 ഏക്കറില്‍ യാഥാര്‍ത്ഥ്യമാവുമ്പോള്‍  കേരളംആഹ്ളാദിക്കേണ്ടതാണ്. രാജ്യാന്തര നിലവാരമുള്ള റിഫൈനറിയെന്ന മേന്മയ്‌ക്കൊപ്പം ബിഎസ് 6 നിലവാരമുള്ള പരിസ്ഥിതി സൗഹൃദ പെട്രോള്‍, ഡീസല്‍ ഇന്ധനങ്ങള്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നതാണ് ഐആര്‍ഇപിയുടെ തുടര്‍ച്ചയായി സ്ഥാപിക്കുന്ന പെട്രോകെമിക്കല്‍ കോംപ്ലക്‌സിന്‍റെ സുപ്രധാന നേട്ടം.

ആദ്യ ഘട്ടത്തില്‍ മുതല്‍ മുടക്ക് 5500 കോടി രൂപയും മൊത്ത നിക്ഷേപം 16,800 കോടിയുമാണ്. അസംസ്‌കൃത എണ്ണ (ക്രൂഡ്) ശുദ്ധീകരിച്ച്‌ ഇന്ധനമാക്കുമ്പോള്‍ ഉപോല്‍പന്നമായി അഞ്ച് ലക്ഷം ടണ്‍ പ്രൊപ്പിലീന്‍ ലഭിക്കും. ഇതുപയോഗിച്ച്‌ അക്രിലിക് ആസിഡ്, അക്രിലേറ്റ്‌സ്, ഓക്‌സോ ആല്‍ക്കഹോള്‍സ്, പോളിയോള്‍സ് തുടങ്ങിയവ ഉല്‍പാദിപ്പിക്കുക എന്ന ലക്ഷ്യവും പെട്രോകെമിക്കല്‍ കോംപ്ലക്‌സിനുണ്ടായിരുന്നു.

എന്നാല്‍ രണ്ടുമാസത്തിനുള്ളില്‍ ബിപിസിഎല്‍ തന്നെ വിറ്റുതുലയ്ക്കാനാണ് കേന്ദ്രത്തിന്‍റെ ഉദ്ദേശ്യമെന്ന് തിരിച്ചറിയുമ്പോഴാണ് ഉദ്ഘാടന ചടങ്ങ് ചോദ്യം ചെയ്യപ്പെടുന്നത്. തിരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തില്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ മാത്രമാണ് ഉദ്ഘാടനവും മോദിയുടെ പ്രഖ്യാപനങ്ങളുമെന്ന് കാണാം.

രാജ്യത്തിന്‍റെ ഭാവിയിലേക്കുള്ള പ്രയാണത്തില്‍ നാഴികക്കല്ലാവേണ്ട വിധമാണ് മുന്‍കാല കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് അടിത്തറ പാകിയത്. ബിപിസിഎല്ലിനെ കൂടാതെ ഇന്ന് പ്രധാനമന്ത്രി പദ്ധതി സമര്‍പ്പണം നടത്തുന്ന കൊച്ചി റിഫൈനറി, കൊച്ചി പോര്‍ട്ട് ട്രസ്റ്റ്, ഷിപ്പ് യാര്‍ഡ്, ഫാക്‌ട് എന്നിവയും കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ ഈ രാജ്യത്തിന് നല്‍കിയ കരുത്തുറ്റ പൊതുമേഖലാ സ്ഥാപനങ്ങളാണെന്നോര്‍ക്കണം.

Also read: PM Modi In Kochi : നമസ്കാരം കൊച്ചി, നമസ്ക്കാരം കേരളം 6100 കോടി രൂപയുടെ പദ്ധതികൾ സമ‌ർപ്പിച്ച് Prime Minister Narendra Modi

ദീര്‍ഘവീക്ഷണത്തോടെ വിഭാവനം ചെയ്ത ഇത്തരം പൊതുമേഖലാ സ്ഥാപനങ്ങളെ കുത്തകകള്‍ക്ക് തീറെഴുതുന്ന സമീപനമാണ് ബിജെപി സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. രണ്ടാം മോദി സര്‍ക്കാര്‍ അതിന്‍റെ വേഗം കൂട്ടി. പൊതുമുതല്‍ മുടക്കി സ്ഥാപിച്ച രാജ്യത്തിന്‍റെ അഭിമാനമായ സ്ഥാപനങ്ങളെ സ്വകാര്യ കമ്പനികളുടെ ലാഭത്തിനു വിറ്റൊഴിക്കുന്ന കേട്ടുകേള്‍വിയില്ലാത്ത നടപടികള്‍ ആരുടെ താല്പര്യം സംരക്ഷിക്കാനാണെന്ന് വ്യക്തമാണ്.

ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വകാര്യവത്കരണ പ്രഖ്യാപനമാണ് കേന്ദ്രബജറ്റ് അവതരിപ്പിച്ച്‌ ധനമന്ത്രി നടത്തിയത്. രാജ്യത്തിന്‍റെ അഭിമാനസ്തംഭങ്ങളായ ഭാരത് പെട്രോളിയം കമ്പനി ഉള്‍പ്പെടെയുള്ള അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കാന്‍ 2019-ല്‍ തന്നെ തീരുമാനിച്ചിരുന്നു. നവംബര്‍ 20ന് കേന്ദ്ര മന്ത്രിസഭാ യോഗം ചേര്‍ന്ന് ബിപിസിഎല്ലും ഷിപ്പി൦ഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും കണ്ടെയ്നര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും ടിഎച്ച്‌ഡിസി ഇന്ത്യയും നോര്‍ത്ത് ഈസ്റ്റേണ്‍ ഇലക്‌ട്രിക് പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡും വിറ്റഴിക്കാന്‍ ഔദ്യോഗിക അംഗീകാരം നല്‍കി.

Also read: PM Modi Tweet: കേരളത്തിലേക്ക് എത്തുന്നത് ഞാൻ ഉറ്റു നോക്കുകയാണെന്ന് പ്രധാനമന്ത്രിയുടെ മലയാളം Tweet Viral

കൊച്ചിയിലുള്‍പ്പെടെ നാല് റിഫൈനറികളുള്ള ബിപിസിഎല്‍  പ്ലാന്‍റും  അതിനോടനുബന്ധിച്ചുള്ള 2000 ഏക്കറിനടുത്ത് ഭൂമിയും കുത്തകകള്‍ക്ക് തീറെഴുതുകയാണ്. രാജ്യത്തെ സമ്പദ്ഘടനയ്ക്ക് സുപ്രധാന സംഭാവന നല്‍കുന്ന മഹാരത്ന, നവരത്ന, മിനി രത്ന കമ്പനികളെ സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുത്ത ശേഷം ബിപിസിഎല്ലിലെ പുതിയ പദ്ധതി ഉദ്ഘാടനം ചെയ്യുന്നു, അത് കേരളത്തിന് സമര്‍പ്പിക്കുന്നുവെന്നെല്ലാം കൊട്ടിഘോഷിക്കുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ രാജ്യത്തെയും ജനങ്ങളെയും വിഡ്ഢികളാക്കുകയാണ്…. 

Trending News