കൊച്ചി: തൊണ്ടിമുതല്‍ മോഷണക്കേസില്‍ മന്ത്രി ആന്റണി രാജുവിനെതിരായ എഫ്‌ഐആര്‍ റദ്ദാക്കി. കേസ് റദ്ദാക്കണമെന്ന മന്ത്രി ആന്റണി രാജുവിന്റെ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് തൊണ്ടിമുതൽ കേസിലെ എഫ്‌ഐആര്‍ റദ്ദാക്കിയത്.
1994ലെ കേസിനെ തുടർന്നാണ് ആന്റണി രാജുവിനെതിരെ തൊണ്ടിമുതല്‍ മോഷണക്കേസ് രജിസ്റ്റർ ചെയ്തത്. വിദേശിയായ ഒരാൾ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് ലഹരിമരുന്ന് കടത്തിയെന്നായിരുന്നു കേസ്. ആന്റണി രാജുവായിരുന്നു കേസില്‍ പ്രതിക്ക് വേണ്ടി ഹാജരായത്. തൊണ്ടിമുതലായ അടിവസ്ത്രം മാറ്റി മറ്റൊന്ന് കോടതിയില്‍ സമര്‍പ്പിച്ചെന്നായിരുന്നു ആന്റണി രാജുവിനെതിരായ കുറ്റം.
ലഹരിമരുന്ന് കേസിന്റെ തൊണ്ടിമുതല്‍ ഒരു അഭിഭാഷകന്‍ നശിപ്പിച്ചുവെന്ന് കാണിച്ച്, കേസെടുക്കാനോ അന്വേഷിക്കാനോ പൊലീസിന് സാധിക്കില്ലെന്നും പൊലീസിന്റെ അധികാര പരിധിയില്‍പ്പെടാത്ത ഒരന്വേഷണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചാല്‍ വിചാരണ നടത്താന്‍ മജിസ്‌ട്രേറ്റ് കോടതിക്ക് ചുമതലയില്ലെന്നുമാണ് കേസില്‍ ആന്റണി രാജുവിന്റെ വാദം.
തീ എപ്പോള്‍ അണയ്ക്കാനാകുമെന്ന് പറയാനാകില്ല; അണച്ചാലും വീണ്ടും തീപിടിക്കുമെന്ന് പി. രാജീവ്
ബ്രഹ്മപുരം പ്ലാന്റിലെ തീ എപ്പോള്‍ അണയ്ക്കാന്‍ സാധിക്കുമെന്ന് പറയാൻ കഴിയില്ലെന്ന് മന്ത്രി പി. രാജീവ്. അണച്ചാലും വീണ്ടും തീ പിടിക്കുന്ന സാഹചര്യമാണുള്ളത്. ആറടി താഴ്ചയില്‍ തീയുണ്ടായിരുന്നു. കത്തിയ മാലിന്യം പുറത്തെടുത്താണ് തീ അണച്ചത്. കൂടാതെ നഗരത്തിലെ മാലിന്യം നീക്കി തുടങ്ങിയെന്നും മന്ത്രി പറഞ്ഞു.
അതേസമയം പുക പൂര്‍ണമായും നിയന്ത്രണവിധേയമാക്കാന്‍ ഇനിയും സാധിച്ചിട്ടില്ല. മാലിന്യ പ്ലാന്റിൽ നിന്നുയരുന്ന വിഷപ്പുക കൊച്ചിക്കാരെ ഒന്നടങ്കം കാര്യമായിത്തന്നെ ബാധിക്കുന്നുണ്ട്. രാത്രിയിലും തുടര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കലക്ടര്‍ എൻ.എസ്.കെ. ഉമേഷ് നേരിട്ടെത്തി വിലയിരുത്തി. മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് മാലിന്യം ഇളക്കിയ ശേഷം അടിയിലെ കനൽ വെള്ളമൊഴിച്ചു കെടുത്താനാണ് ശ്രമിക്കുന്നത്. ഇതിനായി 30 ഫയർ എഞ്ചിനാണ് ബ്രഹ്മപുരത്ത് ക്യാമ്പ് ചെയ്യുന്നത്. കൂടാതെ ഹെലിക്കോപ്റ്ററിൽ നിന്ന് ആകാശമാർഗവും വെള്ളം ഒഴിക്കുന്നുണ്ട്.
കൊച്ചിയിലും സമീപ പ്രദേശങ്ങളിലും വിഷപ്പുക വ്യാപിച്ച സാഹചര്യത്തില്‍ ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ക്കും പരിശോധനയ്ക്കുമായി കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. നഗരവാസികള്‍ക്കായി ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശവും പുറത്തിറക്കിയിട്ടുണ്ട്. പ്ലാന്റിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പുകയുന്നതിനാലാണ് വിഷപ്പുകയ്ക്ക് ശമനമില്ലാത്തതിന്നാൻ റിപ്പോർട്ട്. പ്ലാന്റിലെ 30ശതമാനം പ്രദേശങ്ങളിലും ഇപ്പോഴും കനത്ത പുക റിപ്പോർട്ട് ചെയ്യുന്നുണ്ട്. അഗ്നിരക്ഷാസേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പ്രവർത്തനങ്ങളിലൊന്നാണ് ബ്രഹ്മപുരത്ത് നടക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...