ഉഗാണ്ടയിലെ ആരാധകർ 'ഹരേ റാം' പാട്ടിന് ചുവട് വയ്ക്കുന്നു; വീഡിയോ പങ്ക് വച്ച് കാര്‍ത്തിക് ആര്യൻ

തനിക്കും ആ കുട്ടികൾക്കൊപ്പം നൃത്തം ചെയ്യാൻ തോന്നുന്നു എന്നാണ് കാർത്തിക് ആര്യൻ റീലിന് അടിക്കുറിപ്പ് എഴുതിയിരുന്നത്

Written by - Zee Malayalam News Desk | Last Updated : May 25, 2022, 06:14 PM IST
  • തനിക്കും ആ കുട്ടികൾക്കൊപ്പം നൃത്തം ചെയ്യാൻ തോന്നുന്നു
  • ഉഗാണ്ടയിലെ ഒരു പച്ചക്കറി മാർക്കറ്റിലാണ് കുട്ടികളുടെ ന‍ൃത്തം
  • കാർത്തിക് ആര്യന്‍റെ ഫാൻ ആയിരിക്കാൻ ഹിന്ദി പഠിച്ചിരിക്കേണ്ട ആവശ്യമില്ല
ഉഗാണ്ടയിലെ ആരാധകർ 'ഹരേ റാം' പാട്ടിന് ചുവട് വയ്ക്കുന്നു; വീഡിയോ പങ്ക് വച്ച് കാര്‍ത്തിക് ആര്യൻ

കാർത്തിക് ആര്യൻ നായകനായ ഭൂൽ ഭുലയ്യ 2 എന്ന ചലച്ചിത്രം ബോക്സ് ഓഫീസിൽ മികച്ച പ്രകടനവുമായി മുന്നേറുകയാണ്. ഈ ചിത്രത്തിന്‍റെ ടൈറ്റിൽ ട്രാക്ക് ആയ 'ഹരേ റാം' എന്ന ഗാനം ഇൻസ്റ്റാഗ്രാം റീലുകളിലും നിറ സാന്നിധ്യമാണ്. ലോകമെമ്പാടുമുള്ള നിരവധി പേരാണ് ഈ ഗാനത്തിന് ചുവട് വച്ച് അത് സാമൂഹിക മാധ്യമങ്ങൾ വഴി പങ്ക് വയ്ക്കുന്നത്. ഇന്ന് ഈ ഗാനത്തിന്‍റെ വളരെ കൗതുകമുണർത്തുന്ന ഒരു ഇൻസ്റ്റാഗ്രാം റീൽ കാര്‍ത്തിക് ആര്യൻ തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പങ്ക് വച്ചു. ഉഗാണ്ടയിലെ കുറച്ച് കൊച്ച് കുട്ടികൾ ഹരേ റാം എന്ന ഗാനത്തിന് ചുവട് വയ്ക്കുന്ന ഒരു റീലാണ് താരത്തിനന്‍റെ മനം കവർന്നത്. 

തനിക്കും ആ കുട്ടികൾക്കൊപ്പം നൃത്തം ചെയ്യാൻ തോന്നുന്നു എന്നാണ് കാർത്തിക് ആര്യൻ റീലിന് അടിക്കുറിപ്പ് എഴുതിയിരുന്നത്. ഉഗാണ്ടയിലെ ഒരു പച്ചക്കറി മാർക്കറ്റിലാണ് ഒരു കൂട്ടം കുട്ടികൾ ഈ ഗാനത്തിന് ആസ്വദിച്ച് ചുവട് വച്ചത്. കാർത്തിക് ആര്യൻ വീഡിയോ പങ്ക് വച്ചതോടെ നിരവധി പേരാണ് ഈ കുട്ടികളെ അഭിനന്ദിച്ച്കൊണ്ട് രംഗത്തെത്തിയത്. 'കാർത്തിക് ആര്യന്‍റെ ഫാൻ ആയിരിക്കാൻ ഹിന്ദി പഠിച്ചിരിക്കേണ്ട ആവശ്യമില്ലെന്നാണ്' ചില ആരാധകർ വീഡിയോയ്ക്ക് കമന്‍റ് ഇട്ടത്. 

കഴിഞ്ഞ വർഷം കാർത്തിക് ആര്യൻ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്‍റെ ആരാധകരെപ്പറ്റി അഭിപ്രായപ്പെട്ട്കൊണ്ട് രംഗത്തെത്തിയിരുന്നു.  'ലോകമെമ്പാട് നിന്നും തന്‍റെ ആരാധകർ തനിക്ക് നൽകുന്ന സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് നന്ദി ഉണ്ട്. പല ആരാധകരും തന്‍റെ പേരിനൊപ്പം പല ടൈറ്റിലുകളും നൽകി വിശേഷിപ്പിക്കാറുണ്ട്. മാത്രമല്ല പലരും എന്നെപ്പോലെ പോസ് ചെയ്ത് കൊണ്ട് ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പങ്ക് വയ്ക്കാറുണ്ട്. 

ഇവയെല്ലാം കാണുമ്പോൾ എനിക്ക് വളരെയധികം സന്തോഷം തോന്നുന്നുണ്ട്. ഇനിയും ആരാധകരുടെ ഭാഗത്ത് നിന്നും നിരവധി വിശേഷണങ്ങളും സ്നേഹവും ലഭിക്കണമെന്നാണ് ആഗ്രഹം. തന്‍റെ വരും ചിത്രങ്ങളിലും ആരാധകരുടെ പ്രതീക്ഷക്കൊപ്പം ഉയരാൻ സാധിക്കണമെന്നാണ് പ്രാർത്ഥന' എന്നാണ് കാർത്തിക് ആര്യൻ പ്രതികരിച്ചത്. ലവ് രാജൻ സംവിധാനം ചെയ്ത് 2011 ൽ പുറത്തിറങ്ങിയ 'പ്യാർ കാ പഞ്ച്നാമ' യിലൂടെയാണ് കാർത്തിക് ആര്യൻ ബോളീവുഡിൽ തന്‍റെ അരങ്ങേറ്റം കുറിച്ചത്. 

ഈ ചിത്രത്തിന്‍റെ വൻ വിജയത്തിന് ശേഷം  പ്യാർ കാ പഞ്ച്നാമ 2, സോമു കെ ടിറ്റു കി സ്വീറ്റി, പതി പത്നി ഓർ വോ, ലവ് ആജ് കൽ 2, ലുക്കാ ചുപ്പി, ധമാക്ക എന്നീ ചിത്രങ്ങളിലും കാർത്തിക് ആര്യൻ അഭിനയിച്ചു. രോഹിത് ധവാൻ സംവിധാനം ചെയ്യുന്ന 'ഷെഹ്സാദ' എന്ന ചിത്രമാണ് അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന കാർത്തിക് ആര്യൻ ചിത്രം. ലുക്കാ ചുപ്പിക്ക് ശേഷം കൃതി സനോൺ കാർത്തിക് ആര്യന്‍റെ നായികയായി എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

 

Trending News