തിരുവനന്തപുരം: പാർട്ടി വിലക്ക് ലംഘിച്ച് സിപിഎം സെമിനാറിൽ പങ്കെടുത്ത കെ.വി.തോമസിനെ രാഷ്ട്രീയ കാര്യ സമിതിയിൽ നിന്ന് ഒഴിവാക്കണമെന്ന ശക്തമായ വികാരമാണ് മുതിർന്ന കോൺഗ്രസ് നേതാക്കൾക്കിടയിൽ നിലനിൽക്കുന്നത്.ഇപ്പോഴും സമിതി അംഗമാണെങ്കിലും തിങ്കളാഴ്ച ചേരുന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിലേക്ക് കെ.വി.തോമസിനെ ക്ഷണിക്കില്ല.സമിതിയിൽ നിന്ന് കെ.വി തോമസിനെ പുറത്താക്കണമെന്ന നിർദേശം യോഗം മുന്നോട്ട് വക്കാനാണ് സാധ്യത.എന്നാൽ രാഷ്ട്രീയ കാര്യ സമിതിയെ നിയമിച്ചത് എഐസിസി ആയതിനാൽ അംഗങ്ങളെ നീക്കാനുള്ള അവകാശവും എഐസിസിക്ക് മാത്രമാണ്.
സിപിഎം സെനിമാറിൽ സിൽവർലൈൻ പദ്ധതിയെ അനുകൂലിച്ച് കൊണ്ട് കെ.വി തോമസ് നടത്തിയ പ്രസംഗം ഉയർത്തികാട്ടി അദ്ദേഹത്തിനെതിരെ പുതിയ നീക്കത്തിന് കൂടി തയ്യാറെടുക്കുകയാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വം.സിൽവർലൈൻ പദ്ധതിക്കെതിരെ കോൺഗ്രസ് ശക്തമായ സമരവുമായി മുന്നോട്ട് പോകുന്ന ഘട്ടത്തിൽ സിപിഎം വേദിയിൽ പോയി പദ്ധതിയെ അനുകൂലിച്ച് പ്രസംഗിച്ച കെ.വി തോമസിന്റെ നടപടി ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് പാർട്ടി വിലയിരുത്തുന്നു.കെ.വി തോമസിനെ രാഷ്ട്രീയ കാര്യ സമിതിയിൽ നിന്ന് നീക്കണമെന്ന ആവശ്യത്തിനൊപ്പം ഇക്കാര്യവും കെപിസിസി ദേശീയ നേതൃത്വത്തെ അറിയിക്കും.കെ.വി തോമസിനെതിരെ നടപടി ആവശ്യപ്പെട്ട് നേരത്തെ സോണിയാഗാന്ധിക്ക് നൽകിയ കത്തിൽ പ്രസംഗവുമായി ബന്ധപ്പെട്ട് കാര്യങ്ങൾ പരാമർശിച്ചിരുന്നില്ല.
പാർട്ടി ദേശീയ അച്ചടക്ക സമിതിയുടെ കാരണം കാണിക്കൽ നോട്ടീസിന് കെ.വി തോമസ് ചൊവ്വാഴ്ച മറുപടി നൽകും.വി.എം.സുധീരൻ ഉൾപ്പെടെയുള്ള നേതാക്കൾ നേരത്തെ കോൺഗ്രസിന് എതിരെ നടത്തിയ പ്രസ്താവനകൾ അടക്കം ഉൾപ്പെടുത്തിയാകും അദ്ദേഹം ദേശീയ നേതൃത്വത്തിന് മറുപടി നൽകുക.കെ.വി.തോമസിന്റെ മറുപടി ചർച്ച ചെയ്യുന്നതിനായി അച്ചടക്ക സമിതിയോഗം അടുത്തയാഴ്ച വീണ്ടും ചേരും. കെ.വി.തോമസിനെതിരായ നടപടിയുടെ കാര്യത്തിൽ പാർട്ടി അധ്യക്ഷ സോണിയാഗാന്ധിയായിരിക്കും അന്തിമ തീരുമാനം കൈക്കാള്ളുക.കെവി തോമസിനെതിരെ ശക്തമായ നടപടി വേണമെന്നാണ് കെ.സുധാകരൻ സോണിയാഗാന്ധിയോട് ആവശ്യപ്പട്ടിരിക്കുന്നത്.