കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് നാൾക്കുനാൾ വർധിച്ച് വരികയാണ്. ഈ വർഷം ഇതുവരെ 82 കേസുകളിൽ നിന്നായി 65 കിലോ ഗ്രാമോളം സ്വർണമാണ് കരിപ്പൂരിൽ നിന്ന് മാത്രം കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഇതിന് ഏകദേശം 35 കോടിയോളം രൂപ വിലമതിക്കും.
പിടികൂടിയ 82 കേസുകളിൽ 25 എണ്ണം രഹസ്യവിവരത്തിൻറെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനകളാണ്. മറ്റുള്ളവ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് പിടികൂടിയത്. സ്വർണക്കടത്തിന് പുറമെ 12 കേസുകളിലായി വിദേശത്തേയ്ക്ക് കടത്താൻ ശ്രമിച്ച 90 ലക്ഷം രൂപയുടെ വിദേശ കറൻസിയും കസ്റ്റംസ് പിടികൂടിയിരുന്നു.
സ്വർണക്കടത്ത് വർധിച്ച് വരുന്ന സാഹചര്യത്തിൽ ഇതിന് തടയാൻ പുതിയ നീക്കവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കസ്റ്റംസ്. സ്വർണം കടത്തുന്നവരെ കുറിച്ച് രഹസ്യവിവരം നൽകുന്നവർക്ക് വമ്പൻ പാരിതോഷികമാണ് കസ്റ്റംസ് പ്രഖ്യാപിച്ചിരിക്കുന്നത്. വിവരം കൈമാറുന്നവർക്ക് കിലോഗ്രാമിന് 1.5 ലക്ഷം രൂപ വീതം പ്രതിഫലം നൽകുമെന്നും വിവരം നൽകുന്നവരുടെ വിശദാംശങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുമെന്നും കസ്റ്റംസ് അറിയിച്ചിട്ടുണ്ട്. ഫോൺ: 0483 2712369
READ ALSO: ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; ക്യാബിനിൽ കുടുങ്ങിയ മൂന്ന് പേർ മരിച്ചു
കഴിഞ്ഞ ദിവസങ്ങളിലും കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ടയാണ് നടന്നത്. വിമാനത്താവളം വഴി ഒളിച്ച് കടത്താൻ ശ്രമിച്ച 1.1 കോടി രൂപയുടെ സ്വർണവും 8 ലക്ഷം രൂപയുടെ വിദേശ കറൻസിയും കസ്റ്റംസ് പിടികൂടിയിരുന്നു. താമരശ്ശേരി രായരുകണ്ടി റാഷിക് (27), മലപ്പുറം അരീക്കോട് പാമ്പോടൻ മുനീർ (27), വടകര മാദലൻ സെർബീൽ (26) എന്നിവരാണ് വിവിധ കേസുകളിൽ കസ്റ്റംസിൻറെ പിടിയിലായത്.
ദോഹയിൽ നിന്ന് സ്പൈസ്ജെറ്റ് വിമാനത്തിലാണ് റാഷിക് കോഴിക്കോട് എത്തിയത്. തുടർന്ന് കസ്റ്റംസ് നടത്തിയ പരിശോധനയിൽ റാഷിക്കിൽ നിന്ന് 1066 ഗ്രാം സ്വർണ സംയുക്തം പിടികൂടുകയായിരുന്നു. മറ്റൊരു കേസിൽ സ്പൈസ് ജെറ്റ് എയർലൈൻസ് വിമാനത്തിൽ ദുബായിൽ നിന്ന് എത്തിയ പാമ്പോടൻ മുനീറിൽ നിന്ന് 1078 ഗ്രാം സ്വർണ മിശ്രിതവും കണ്ടെടുത്തു. ഇരുവരും ക്യാപ്സ്യൂളുകളാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.
ദുബായിലേയ്ക്ക് സ്പൈസ് ജെറ്റ് വിമാനത്തിൽ പോകാനെത്തിയ സെർബീലിൽ നിന്നാണ് വിദേശ കറൻസി പിടികൂടിയത്. 2585 ഒമാൻ റിയാലും 1035 കുവൈത്ത് ദിനാറുമാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. ബാഗിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. പരിശോധനയിൽ ഇയാളുടെ പക്കൽ മതിയായ രേഖകളില്ലെന്ന് കണ്ടെത്തുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...