സംസ്ഥാനത്തെ ഒരു ഫാര്‍മസി കോളേജിനെ സംസ്ഥാന റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാക്കി ഉയര്‍ത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഔഷധ ഗവേഷണ രംഗത്ത് കേരളത്തിനുള്ളത് അനന്തമായ സാധ്യതകളാണ്. ഫാര്‍മസി മേഖലയില്‍ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കും. ഇതിന്റെ ഭാഗമായാണ് ഒരു ഫാര്‍മസി കോളേജിനെ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാക്കി മാറ്റുന്നതെന്നും മന്ത്രി തിരുവനന്തപുരത്ത് വ്യക്തമാക്കി.
പല രോഗങ്ങളും രാജ്യത്ത് ആദ്യമായി കണ്ടുപിടിക്കുന്നത് കേരളത്തിലാണ്. പുതിയ മരുന്നുകള്‍ നിര്‍മ്മിക്കുന്നതിനുള്ള പദ്ധതി വ്യവസായ വകുപ്പുമായി ആലോചിച്ചു വരുന്നു. കേരളത്തെ സംബന്ധിച്ച് ഔഷധ ഗവേഷണ മേഖലയില്‍ വലിയ പ്രാധാന്യമുണ്ട്. ഫാര്‍മസി മേഖലയില്‍ ഗവേഷണത്തില്‍ ഊന്നിയുള്ള വിദ്യാഭ്യാസം വളരെ പ്രധാനപ്പെട്ടതാണ്. ഡോക്ടര്‍മാര്‍ എഴുതുന്ന മരുന്നിനോടൊപ്പം തന്നെ പ്രധാനമാണ് ശരിയായ രീതിയിലുള്ള മരുന്നുകളുടെ ഉപയോഗവും. ഔപചാരികമായി ഫാര്‍മസി വിദ്യാഭ്യാസം നേടിയ കൂടുതല്‍ ഫാര്‍മസിസ്റ്റുകളുടെ സേവനം ആശുപത്രികളിലും ആരോഗ്യ മേഖലകളിലും ലഭ്യമാക്കുന്നത് ആലോചിക്കും - ആരോഗ്യമന്ത്രി പറഞ്ഞു.
പരിശോധനകള്‍ നടത്തി ഗുണനിലവാരമുള്ള മരുന്നുകള്‍ സംസ്ഥാനത്ത് ഉറപ്പുവരുത്തണമെന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. കൂടുതല്‍ പരിശോധനകള്‍ നടത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങളും മരുന്നുകള്‍ ഉപയോഗിക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തണം. ആന്റിബയോട്ടിക്കുകളുടെ അനാവശ്യ ഉപയോഗം തടയണം. ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സിന് സര്‍ക്കാര്‍ വളരെ പ്രാധാന്യം നല്‍കുന്നു. രോഗികളുടെ എണ്ണം കൂടുന്നത് മുന്നില്‍കണ്ട് മരുന്നുകളുടെ ഇന്‍ഡന്റ് കൃത്യമായി നല്‍കണമെന്ന് എല്ലാ ആശുപത്രികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ആഗോളതരത്തില്‍ തന്നെ ആരോഗ്യ മേഖല പുതിയ പുതിയ വെല്ലുവിളികള്‍ നേരിടുകയാണ്. കൂട്ടായ പരിശ്രമത്തിലൂടെ കോവിഡിനെ അതിജീവിച്ചു വരികയാണ്. കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതിനാല്‍ ശ്രദ്ധ തുടരണം. ലോകത്തിന്റെ മുമ്പില്‍ കേരളത്തിന്റെ ആരോഗ്യ മേഖല ബ്രാന്‍ഡഡാണ്. മാതൃശിശു മരണം ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. ആരോഗ്യ മേഖലയില്‍ ദീര്‍ഘവീക്ഷണത്തോടെ നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും മന്ത്രി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...