Kochi Metro: കൊച്ചി മെട്രോ പ്രവർത്തന ലാഭം നേടി: വികസനക്കുതിപ്പിന് ശക്തി പകരുമെന്ന് മുഖ്യമന്ത്രി

CM Pinarayi vijayan about Kochi Metro: 145% വർദ്ധനവ് വഴി പ്രവർത്തന ലാഭം നേടിയെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.  

Written by - Zee Malayalam News Desk | Last Updated : Sep 22, 2023, 09:43 PM IST
  • 2017 ജൂണിലാണ് മെട്രോ പ്രവർത്തനം ആരംഭിക്കുന്നത്.
  • 2020-21 വർഷത്തിലെ ലാഭം 54.32 കോടിയായിരുന്നു.
  • ഈ വർഷം ശരാശരി യാത്രക്കാരുടെ എണ്ണം 80,000കടന്നുവെന്നും മുഖ്യമന്ത്രി
Kochi Metro: കൊച്ചി മെട്രോ പ്രവർത്തന ലാഭം നേടി: വികസനക്കുതിപ്പിന് ശക്തി പകരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊച്ചി മെട്രോയുടെ പ്രവർത്തന വരുമാനത്തിൽ വൻ വർധനവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2022-23 സാമ്പത്തിക വർഷത്തിൽ വരുമാനത്തിലുണ്ടായ 145% വർദ്ധനവു വഴി പ്രവർത്തന ലാഭം നേടിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഏതൊരു നാടിന്റെയും വികസനമുന്നേറ്റത്തിന് ഊർജ്ജം പകരുന്ന കാര്യമാണ് അവിടത്തെ പൊതുഗതാഗത രംഗത്തിന്റെ വളർച്ചയെന്നത്. കേരളത്തിന്റെ സ്വന്തം കൊച്ചി മെട്രോ 2022-23 സാമ്പത്തിക വർഷത്തിൽ വരുമാനത്തിലുണ്ടായ 145% വർദ്ധനവുവഴി പ്രവർത്തന ലാഭം നേടിയിരിക്കുന്നു. 2017 ജൂണിൽ സർവ്വീസ് ആരംഭിച്ച കൊച്ചി മെട്രോ കോവിഡ് മഹാമാരി കാലത്തെ പ്രതിസന്ധികളെയും മറികടന്നാണ് പ്രവർത്തന ലാഭം കൈവരിച്ചിരിക്കുന്നത്. 

ALSO READ: പാലക്കയത്ത് ഉരുൾപൊട്ടി; കടകളിലും വീടുകളിലും വെള്ളം കയറി

കൊച്ചി മെട്രോയുടെ പ്രവർത്തന വരുമാനം 2020-21 വർഷത്തിലെ 54.32 കോടി രൂപയിൽ നിന്ന് 2022-23 സാമ്പത്തിക വർഷത്തിൽ 134.04 കോടി രൂപയായി ഉയർന്നിരിക്കുന്നു. യാത്രക്കാരുടെ എണ്ണത്തിൽ വന്ന വർദ്ധനവാണ് ഇതിനു കാരണം. കൊച്ചി മെട്രോ ആരംഭിച്ച 2017 ൽ 59,894 ആളുകളാണ് ഇതിലൂടെ യാത്ര ചെയ്തത്. കൊവിഡ് കാലത്ത് യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡി (കെഎംആർഎൽ) ന്റെ പരിശ്രമങ്ങളുടെ ഫലമായി പിന്നീട് കൂടുതൽ യാത്രക്കാരെ മെട്രോയിലേക്കെത്തിക്കാൻ സാധിച്ചു. ഇതിന്റെ ഭാഗമായി 2023 ജനുവരിയിൽ ശരാശരി യാത്രക്കാരുടെ എണ്ണം 80,000 കടക്കുകയും ഇത് ഒരു ലക്ഷത്തിലധികം എന്ന സംഖ്യയിലേക്കുമെത്തുകയുണ്ടായി. 

അത്യാധുനിക പശ്ചാത്തല സൗകര്യങ്ങൾ ഏതൊരു വികസിത സമൂഹത്തിനും അനിവാര്യമായ കാര്യമാണ്. ഒരു വിജ്ഞാന സമൂഹമായി കേരളത്തെ വാർത്തെടുക്കാൻ വിവിധ നടപടികളുമായി മുന്നോട്ടുപോകുകയാണ് എൽഡിഎഫ് സർക്കാർ. കാര്യക്ഷമവും വികസിതവുമായ പൊതുഗതാഗത സംവിധാനങ്ങളൊരുക്കാനും സർക്കാർ പദ്ധതികൾ ആവിഷ്‌കരിച്ചുവരുന്നു. കേരളത്തിന്റെ അഭിമാന സംരംഭമായ കൊച്ചി മെട്രോ പ്രവർത്തന ലാഭം കൈവരിച്ചിരിക്കുന്നുവെന്നത് നമ്മുടെ ഈ വികസനക്കുതിപ്പിന് ശക്തി പകരും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News