കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ അന്തിമ ഫലം പുറത്ത് വരുന്നതിന് മുമ്പ് തന്നെ ഉമ തോമസ് വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. കോണ്‍ഗ്രസും യുഡിഎഫും വിജയാഘോഷം തുടങ്ങുകയും ചെയ്തു. അതിനിടയിലാണ് കോണ്‍ഗ്രസ് എംപിയായ ഹൈബി ഈഡന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് പുറത്ത് വരുന്നത്.
'പിന്നില്‍ ചേര്‍ന്ന് നില്‍ക്കാന്‍ ഇഷ്ടമാണ്...
ക്യാപ്റ്റന്‍ (ഒറിജിനല്‍)' എന്നായിരുന്നു ആ ഫേസ്ബുക്ക് പോസ്റ്റിലെ വരികള്‍. സതീശനൊപ്പമുള്ള ഒരു ചിത്രവും ഹൈബി പങ്കുവച്ചിട്ടുണ്ട്. എന്തായാലും ഇതിന് പിറകെ 'ക്യാപ്റ്റന്‍ (ഒറിജിനല്‍)' തരംഗമാവുകയായിരുന്നു.
ഇത്രയും കാലം ഇടതുപക്ഷം പിണറായി വിജയനെ ക്യാപ്റ്റന്‍ എന്നായിരുന്നു വിശേഷിപ്പിച്ചുകൊണ്ടിരുന്നത്. തൃക്കാക്കരയിലും എല്‍ഡിഎഫിന്റെ പ്രചാരണം നയിച്ചത് പിണറായി വിജയന്‍ തന്നെ ആയിരുന്നു. ക്യാപ്റ്റന്‍ പ്രയോഗം ഇവിടേയും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഉപയോഗിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ തൃക്കാക്കരയിലെ ക്യാപ്റ്റന്‍ പിണറായി വിജയന്‍ ആയിരുന്നില്ല എന്നാണ് തെളിയുന്നത്.
ഹൈബിയ്ക്ക് പിറകെ, ടിഎന്‍ പ്രതാപന്‍ എംപിയും 'ക്യാപ്റ്റന്‍ (ഒറിജനല്‍)' പ്രയോഗവുമായി രംഗത്ത് വന്നു. കേരളത്തിന്റെ മണ്ണിന്റേയും മനുഷ്യന്റേയും മനസ്സറിഞ്ഞ നേതാവാണ് എന്നും വിഡി. ഹരിതരാഷ്ട്രീയത്തിന്റെ കരുത്തുറ്റ നേതാവ് വിഡി സതീശന്‍ ഉറപ്പാക്കിയത് പിടി തോമസ് എന്ന നിലപാടിന്റെ രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണ് എന്നായിരുന്നു ഇതോടൊപ്പം പ്രതാപന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
കേരള ടീമിന്റെ ക്യാപ്റ്റന്‍ മാറി എന്നായിരുന്നു മുന്‍ എംഎല്‍എ അനില്‍ അക്കര ഫേസ്ബുക്കില്‍ എഴുതിയത്. വിഡി സതീശന്‍, ഒറ്റപ്പേര്. ഇനി സതീശന്റെ നിലപാടുകള്‍ എന്നും അനില്‍ അക്കര കുറിയ്ക്കുന്നുണ്ട്.
തിരഞ്ഞെടുപ്പിൽ വൻ വിജയത്തിലേക്ക് നീങ്ങുന്നതിന്റെ ആഹ്ലാദ തിമിർപ്പിലാണ് കോൺഗ്രസ് ഇപ്പോൾ. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ വലിയ ആഘോഷ പരിപാടികളും അരങ്ങേറിക്കൊണ്ടിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...