ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂര്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുൻ ഇപ്പോഴും കാണാമറയത്ത്. എട്ടാം ദിവസത്തെ തിരച്ചിലും ഫലം കണ്ടില്ല. ഗംഗാവലി പുഴയിലെ ഇന്നത്തെ തിരച്ചിലാണ് അവസാനിപ്പിച്ചിരിക്കുന്നത്. പുഴയിലെ അതിശക്തമായ അടിയൊഴുക്കാണ് രക്ഷാദൗത്യത്തിന് വെല്ലുവിളിയാകുന്നത്.
അര്‍ജുനും ലോറിയും എവിടെയാണെന്നത് സംബന്ധിച്ച ഇതുവരെ ഒരു സൂചന പോലും ലഭിച്ചിട്ടില്ല എന്നതാണ് ആശങ്കയാകുന്നത്. കഴിഞ്ഞ ദിവസം ഉച്ചയോടെ റോഡിന് സമീപം മണ്ണിടിഞ്ഞ സ്ഥലത്ത് ശക്തമായ സിഗ്നല്‍ ലഭിച്ചെങ്കിലും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നിരാശയായിരുന്നു ഫലം. ഇതോടെ കരയില്‍ ലോറിയില്ല എന്ന നിഗമനത്തിലേയ്ക്ക് സൈന്യം എത്തുകയും ചെയ്തു. ഇതോടെയാണ് പുഴ മാത്രം കേന്ദ്രീകരിച്ചുള്ള തിരച്ചിലിലേയ്ക്ക് ദൗത്യസംഘം കടന്നത്.
ALSO READ: 24 മണിക്കൂറിനിടെ മുംബൈയിലെ വിവിധ പ്രദേശങ്ങളില്‍ പെയ്തത് 200 മില്ലിമീറ്ററിലധികം മഴ
നദിക്കരയില്‍ നിന്ന് 40 മീറ്റര്‍ അകലെ മറ്റൊരു സിഗ്നല്‍ കൂടി ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ചായിരുന്നു ഇന്നത്തെ തിരച്ചില്‍. എന്നാല്‍, പ്രതികൂല കാലാവസ്ഥ കടുത്ത വെല്ലുവിളിയായി. ഗംഗാവലി പുഴയിലെ അതിശക്തമായ അടിയൊഴുക്ക് കാരണം നാവിക സേനയ്ക്ക് പുഴയിലേയ്ക്ക് ഇറങ്ങാന്‍ പോലും കഴിയാത്ത സാഹചര്യമാണ് ഇന്നുണ്ടായത്. തിരച്ചിൽ പൂർണമായും അവസാനിപ്പിച്ചിട്ടില്ലെന്നും ദുരന്ത മേഖലയിൽ തുടരുമെന്നും സൈന്യം അറിയിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ 16ന് രാവിലെ 8.30 ഓടെയാണ് ഷിരൂരിലെ ദേശീയപാതയില്‍ വന്‍ മണ്ണിടിച്ചില്‍ ഉണ്ടായത്. കുന്നില്‍ നിന്ന് ഇടിഞ്ഞുവീണ മണ്ണ് ദേശീയപാതയും കടന്ന് സമീപമുള്ള ഗംഗാവലി പുഴയിലേയ്ക്ക് പതിക്കുകയായിരുന്നു. കുന്നിടിഞ്ഞു വീണ മണ്ണിനൊപ്പം അര്‍ജുനും ലോറിയും പുഴയിലേയ്ക്ക് വീണിരിക്കാമെന്ന നിഗമനത്തിലാണ് തിരച്ചില്‍ നടക്കുന്നത്. 25 അടിയിലേറെ ആഴമുള്ള പുഴയില്‍ ടണ്‍ കണക്കിന് മണ്ണ് അടിഞ്ഞുകൂടി വലിയ മണ്‍കൂനകള്‍ തന്നെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അപകടത്തില്‍പ്പെട്ട പാചക വാതക ടാങ്കര്‍ ലോറി അപകട സ്ഥലത്ത് നിന്ന് 7 കിലോ മീറ്റര്‍ മാറി പുഴയില്‍ നിന്നാണ് ലഭിച്ചത്.
അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം ഗൗരവമുള്ള വിഷയമാണെന്ന് കര്‍ണാടക ഹൈക്കോടതി അറിയിച്ചു. നാളെയ്ക്കകം മറുപടി നല്‍കണമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയക്കുകയും ചെയ്തു. നേരത്തെ, ദുരന്തത്തില്‍ 7 പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഇന്ന് ഒരു സ്ത്രീയുടെ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്. ഇനി അര്‍ജുന്‍ ഉള്‍പ്പെടെ 3 പേരെയാണ് കണ്ടെത്താനുള്ളത്. അർജുനുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു വിവരവും ലഭിക്കാത്തതിൽ കുടുംബം അതീവ ദു:ഖത്തിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.