Arikkomban: അരിക്കൊമ്പന് ചികിത്സ നൽകണം, കേരളത്തിന് കൈമാറണം: സാബു എം ജേക്കബ് ഹൈക്കോടതിയിൽ ഹർജി നൽകി

Sabu M Jacob about Arikkomban: തമിഴ്നാട് പിടികൂടിയാൽ കേരളത്തിന് കൈമാറണമെന്നാണ് സാബു എം ജേക്കബ് ഹർജിയിലൂടെ ആവശ്യപ്പെട്ടു.

Written by - Zee Malayalam News Desk | Last Updated : May 30, 2023, 05:22 PM IST
  • ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്ന് പെരിയാർ വന്യജീവി സങ്കേതത്തിലേയ്ക്ക് മാറ്റിയത്.
  • കേരള സർക്കാർ ഇക്കാര്യത്തിൽ ഇടപെടണമെന്ന് സാബു എം ജേക്കബ് ആവശ്യപ്പെട്ടു.
  • കുങ്കിയാനകളെ ഉപയോഗിച്ച് അരിക്കൊമ്പനെ മാറ്റാൻ തമിഴ്‌നാട് വനം വകുപ്പ് ശ്രമം നടത്തുന്നുണ്ട്.
Arikkomban: അരിക്കൊമ്പന് ചികിത്സ നൽകണം, കേരളത്തിന് കൈമാറണം: സാബു എം ജേക്കബ് ഹൈക്കോടതിയിൽ ഹർജി നൽകി

കൊച്ചി: അരിക്കൊമ്പന് ചികിത്സ നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടിയിൽ ഹർജി. ട്വൻറി ട്വൻറി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബാണ് ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. അരിക്കൊമ്പൻറെ സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

അരിക്കൊമ്പന് ആവശ്യമായ ചികിത്സ നൽകണമെന്നും തമിഴ്നാട് പിടികൂടിയാലും കേരളത്തിന് കൈമാറണമെന്നുമാണ് സാബു എം ജേക്കബിൻറെ ഹർജിയിലെ ആവശ്യം. അരിക്കൊമ്പൻ കേരളത്തിന്റെ സ്വത്താണ് എന്നും കേരളത്തിന്റെ വനമേഖലയിലുള്ള ആനയാണ് അരിക്കൊമ്പൻ എന്നും സാബു എം ജേക്കബ് ഹർജിയിൽ പറഞ്ഞു. കേരള ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്ന് പെരിയാർ വന്യജീവി സങ്കേതത്തിലേയ്ക്ക് മാറ്റിയത് എന്നും കേരള സർക്കാർ ഇക്കാര്യത്തിൽ ഇടപെടണമെന്നും സാബു എം ജേക്കബ് ചൂണ്ടിക്കാട്ടി. 

ALSO READ: അരിക്കൊമ്പനെ പൂട്ടണം; പ്രത്യേക പരിശീലനം നേടിയ ആനപിടിത്ത സംഘത്തെ ഇറക്കി തമിഴ്‌നാട് വനം വകുപ്പ്

ആനയുടെ ജീവന് ഭീഷണിയുണ്ടാകുന്ന തരത്തിൽ എന്തെങ്കിലും സംഭവിച്ചാൽ കോടതി ഇടപെടണം. കുങ്കിയാനകളെ ഉപയോഗിച്ച് അരിക്കൊമ്പനെ മാറ്റാൻ തമിഴ്‌നാട് വനം വകുപ്പ് ശ്രമം നടത്തുന്നുണ്ട്. ഈ സമയത്ത് അരിക്കൊമ്പന് അപകടം പറ്റാൻ സാധ്യത ഉള്ളതിനാൽ ഹൈക്കോടതി ഉടൻ ഇടപെടണമെന്നും കേരള വനം വകുപ്പിന് ചുമതല കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരിനൊപ്പം തമിഴ്നാട് സർക്കാരിനെയും എതിർ കക്ഷിയാക്കിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ഹർജി നാളെ ജസ്റ്റിസ് ജയശങ്കരൻനമ്പ്യാരുടെ ബെഞ്ച് പരിഗണിച്ചേക്കും.

അതേസമയം, അരിക്കൊമ്പനെ പിടികൂടാനൊരുങ്ങുകയാണ് തമിഴ്നാട് വനം വകുപ്പ്. ഇതിൻറെ ഭാഗമായി പ്രത്യേക പരിശീലനം നേടിയ അഞ്ചംഗ ആദിവാസി സംഘത്തെ വനം വകുപ്പ് നിയോഗിച്ചു. മുതുമല കടുവാ സങ്കേതത്തിലെ മീൻ കാളൻ, ബൊമ്മൻ, ശിവ, ശ്രീകാന്ത്, സുരേഷ് എന്നിവരാണ് ആനപിടിത്ത സംഘത്തിലുള്ളത്. വെറ്ററിനറി സർജൻ ഡോ. രാജേഷും സംഘത്തിലുണ്ട്. മൂന്ന് കുങ്കിയാനകളും 150ഓളം പേരടങ്ങിയ ദൗത്യസംഘവും കഴിഞ്ഞ രണ്ട് ദിവസമായി ഇവിടെ ക്യാമ്പ് ചെയ്ത് വരികയാണ്.

ഇന്ന് രാവിലെ അരിക്കൊമ്പൻ ഷണ്മുഖ നദി ഡാമിൻറെ ജല സംഭരണിയ്ക്ക് സമീപം എത്തിയതായി സിഗ്നൽ ലഭിച്ചിരുന്നു. അരിക്കൊമ്പനെ പിടികൂടാൻ സൗകര്യപ്രദമായ സ്ഥലം ലഭിച്ചാൽ ഉടൻ മയക്കുവെടി വെച്ച് പിടികൂടാനാണ് തീരുമാനം. ഇതിൻറെ ഭാഗമായി അരിക്കൊമ്പൻറെ ഓരോ നീക്കങ്ങളും വനം വകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷിച്ചു വരികയാണ്. 

ഇതിനിടെ, കഴിഞ്ഞ ദിവസം കമ്പം ജനവാസ മേഖലയിലിറങ്ങിയ അരിക്കൊമ്പൻറെ ആക്രമണത്തിൽ ചികിത്സയിലിരുന്നയാൾ മരിച്ചു. കമ്പം സ്വദേശി പാൽരാജ് ആണ് മരിച്ചത്. അരിക്കൊമ്പൻ ആക്രമിച്ച ബൈക്കിൽ ഉണ്ടായിരുന്ന പാൽരാജിന് ബൈക്കിൽ നിന്ന് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് പാൽരാജ് മരിച്ചത്.  ബൈക്കിൽ നിന്നുള്ള വീഴ്ചയിൽ പാൽരാജിൻറെ ആന്തരികാവയവങ്ങൾക്കും പരിക്ക് പറ്റിയിരുന്നു. എല്ലുകൾ ഒടിയുകയും ആന്തരിക രക്തസ്രാവം ഉണ്ടാവുകയും ചെയ്തിരുന്നുവെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. 

കമ്പം ടൗണിലൂടെ അരിക്കൊമ്പൻ വിരണ്ടോടുന്നതും വാഹനങ്ങൾ കുത്തിമറിക്കുന്നതിൻറെയുമൊക്കെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. കമ്പം ടൗണിൽ വലിയ പരാക്രമം നടത്തിയ അരിക്കൊമ്പൻറെ തുമ്പിക്കൈയ്ക്ക് പരിക്കേറ്റതായി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. വാഹനങ്ങൾ കുത്തിമറിച്ച് ഇടുകയും ജനങ്ങളെ വിരട്ടിയോടിക്കുകയും ചെയ്ത അരിക്കൊമ്പൻ മേഖലയിൽ വലിയ പരിഭ്രാന്തി പരത്തിയ ശേഷമാണ് കാട് കയറിയത്. ഈ സമയം അരിക്കൊമ്പനെ പിടികൂടാൻ വെറ്റിനറി വിദ​ഗ്ധനും കുങ്കിയാനകളും ഉൾപ്പെടെ കമ്പത്ത് എത്തിയിരുന്നു. തിരികെ ഉൾവനത്തിലേയ്ക്ക് പോയ അരിക്കൊമ്പൻ നിലവിൽ ഷണ്മുഖ നദി ഡാമിന്റെ ജല സംഭരണിക്ക് സമീപത്തേക്ക് നീങ്ങുന്നുവെന്നാണ് വിവരം. ഇതോടെയാണ് പ്രത്യേക പരിശീലനം നേടിയ ആനപിടിത്ത സംഘത്തെ തമിഴ്‌നാട് വനം വകുപ്പ് നിയോഗിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News