പേപ്പാറയുടെ വശ്യസൗന്ദര്യവും, കാട്ടിലെ കടയുടെ രുചി വിശേഷങ്ങളും

നഗരത്തിന്റെ തിരക്കിൽ നിന്നൊഴിഞ്ഞ് തികച്ചും ശാന്തസുന്ദരമായ വനസ്ഥലികളിലൂടെയുള്ള യാത്ര മനസിനും ശരീരത്തിനും ഉന്മേഷം പകരും

Written by - നയന ജോർജ് | Edited by - M Arun | Last Updated : Apr 4, 2022, 12:43 PM IST
  • വിരസതയകറ്റി ശരീരത്തിനും മനസിനും നവോന്മേഷം നൽകുന്നതാണ് ഓരോ യാത്രയും
  • ഒരു ദിവസത്തെ യാത്ര പ്ലാൻ ചെയ്യുന്നവർക്ക് എന്തുകൊണ്ടും മികച്ച ഒരു ഡെസ്റ്റിനേഷനായിരിക്കും പേപ്പാറ
  • ഇരുവശവും കാട് നിറഞ്ഞ റോഡിലൂടെയുള്ള യാത്ര ഒരു പ്രത്യേക അനുഭവം തന്നെ
പേപ്പാറയുടെ വശ്യസൗന്ദര്യവും,  കാട്ടിലെ കടയുടെ രുചി വിശേഷങ്ങളും

തിരുവനന്തപുരം: നഗരക്കാഴ്ചകളിൽ നിന്ന് അൽപം മാറി വന സൗന്ദര്യവും കാട്ടിലെ വൈവിധ്യമാർന്ന രുചികളും ആസ്വദിച്ച് ഒരു യാത്ര പോവണമെങ്കിൽ നേരെ പേപ്പാറക്ക് വിട്ടോളു.  തിരുവനന്തപുരം നഗരത്തിൽ നിന്ന് ഏകദേശം 37 കിലോമീറ്ററേയുള്ളൂ പേപ്പാറ ഡാമിലേക്ക്. തിരുവനന്തപുരം-പൊന്മുടി റൂട്ടിൽ വിതുരയിൽ നിന്ന് തിരിഞ്ഞാൽ ഇവിടേക്ക് എത്താം.

നഗരത്തിന്റെ തിരക്കിൽ നിന്നൊഴിഞ്ഞ് തികച്ചും ശാന്തസുന്ദരമായ വനസ്ഥലികളിലൂടെയുള്ള യാത്ര മനസിനും ശരീരത്തിനും ഉന്മേഷം പകരും.  ഇരുവശവും മരങ്ങൾ തിങ്ങി നിറഞ്ഞ  റോഡിലൂടെ പേപ്പാറ  ഡാമിലേക്ക് നീളുന്ന വഴിയിലെ കാഴ്ചകൾ കണ്ണുകളെ കുളിരണിയിപ്പിക്കും. എവിടെ നോക്കിയാലും പച്ചപ്പിന്റെ നിറവ്. യാത്രക്കിടയിൽ മയിലുകളും കുരങ്ങുകളും പേരറിയുന്നതും അറിയാത്തതുമായ പലതരം പക്ഷികളും. ഇരുനൂറിലേറെ തരത്തിലുള്ള പക്ഷികൾ ഇവിടെയുണ്ടെന്നാണ് കണക്ക്. അതുകൊണ്ടുതന്നെ പക്ഷി ഗവേഷകർക്കും പ്രിയപ്പെട്ട ഇടമാണ് പേപ്പാറ. 

ദൂരേക്ക് നോക്കിയാൽ തലയുയർത്തി നിൽക്കുന്ന അഗസ്ത്യാർകൂട മലനിരകൾ തെളിഞ്ഞു കാണാം. തെക്കൻ കേരളത്തിലെ പ്രധാനപ്പെട്ട  ട്രെക്കിംഗ് കേന്ദ്രമാണിത്. പൊടിയക്കാല ആദിവാസി സെറ്റിൽമെന്റ് പേപ്പാറയ്ക്ക് പരിസരത്തായുണ്ട്. അവിടേക്ക് പ്രവേശിക്കണമെങ്കിൽ ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റിന്റെ അനുമതി വേണം. ഇങ്ങനെ മനം നിറയ്ക്കുന്ന കാഴ്ചകൾ കണ്ട്, വഴികൾ പിന്നിട്ട് പേപ്പാറ ഡാമിലേക്ക് എത്തുക. രാവിലെ 8 മുതൽ വൈകുന്നേരം 5 മണി വരെയാണ് സന്ദർശകർക്ക് ഡാമിലേക്കുള്ള പ്രവേശനസമയം. 

peppara1

ഇനി പേപ്പാറ വന്യജീവി സങ്കേതത്തിന്റെ ചില പ്രത്യേകതകൾ പറയാം. തലസ്ഥാന നഗരിക്ക് പുറത്ത് ഏകദേശം  53 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ബോണക്കാട് ഫോറസ്റ്റ് റേഞ്ചിന് കീഴിലാണ് പേപ്പാറ ഡാം ഉൾപ്പെടുന്ന വനമേഖല. പാരിസ്ഥിതികമായി ഏറെ പ്രാധാന്യമുള്ള പ്രദേശമാണിത്. ജൈവ വൈവിധ്യങ്ങളാലും പ്രകൃതിവിഭവങ്ങളാലും സമ്പന്നം. 1983 ലാണ് പേപ്പാറ ഡാം കമ്മീഷൻ ചെയ്യുന്നത്. 

വിതുരയ്ക്ക് സമീപം ആര്യനാട് ഗ്രാമപഞ്ചായത്തിലെ ആദിവാസി മലയോര മേഖലയായ മീനാങ്കലിൽ കരമനയാറിന് കുറുകെയാണ് ഈ അണക്കെട്ട് നിർമിച്ചിരിക്കുന്നത്.  ഇവിടുത്തെ വനമേഖലയുടെ പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത് ഇതിനെ സംരക്ഷിത മേഖലയായി 1983 ൽ തന്നെ പ്രഖ്യാപിച്ചിരുന്നു. സിംഹവും കടുവയും ഒഴിച്ചുള്ള മിക്ക ജീവജാലങ്ങളും ഇവിടെയുണ്ട്. വിവിധ തരം സസ്തനികളും ഉരഗങ്ങളും ഉഭയജീവികളും മത്സ്യങ്ങളും എല്ലാം ഇവിടെയുണ്ട്. 

ഇരുനൂറിലേറെ തരം പക്ഷികൾ ഇവിടെയുണ്ടെന്നാണ് കണക്കുകൾ പറയുന്നത്.  ആനയും കരടിയും കാട്ടുപോത്തും ഉൾപ്പെടെയുള്ളവ ഡാമിന്റെ പരിസരങ്ങളിൽ എത്താറുണ്ട്. ഫോറസ്റ്റ് ഔട്ട്‌പോസ്റ്റിന്റെ തൊട്ടടുത്ത് മിക്കവാറും രാത്രികളിൽ ഇവയെ കാണാനാകുമെന്ന് ഗാർഡുമാർ പറയുന്നു. സന്ധ്യാസമയത്താണ് മൃഗങ്ങൾ സാധാരണ എത്തുക. സന്ദർശകർക്ക് ഭാഗ്യമുണ്ടെങ്കിൽ പകൽ സമയങ്ങളിലും കാട്ടുപോത്തിനെയും ആനക്കൂട്ടത്തെയുമൊക്കെ കാണാൻ കഴിയും. കുട്ടികളും വലിയവരുമൊത്തുള്ള കുരങ്ങൻ ഫാമിലിയെ ഏതു സമയത്തും ഇവിടെ കാണാനാകും.

കൂവയിലയിൽ ഒരു ഗംഭീര സദ്യ

പേപ്പാറയുടെ വശ്യഭംഗി കണ്ട് മനം നിറഞ്ഞു. പക്ഷേ വയർ കൂടി നിറയ്ക്കണമല്ലോ. അതിനും വഴിയുണ്ട്. പേപ്പാറ കാണാനെത്തുന്നവർക്ക് രുചികരമായ ഭക്ഷണമൊരുക്കി കാത്തിരിക്കുകയാണ് കാട്ടിലെ കട. ഡാമിലേക്കുള്ള വഴിയിൽ പട്ടൻകുളിച്ചപാറ എന്ന സ്ഥലത്താണ് രുചികരമായ ഭക്ഷണമൊരുക്കുന്ന കാട്ടിലെ കടയുള്ളത്. കൂവയിലയിൽ വിളമ്പുന്ന ഊണാണ് ഇവിടുത്തെ സ്പെഷ്യൽ. 

നാവിൽ രുചിയുടെ രസക്കൂട്ട് വിരിയിക്കുന്നതാണ് ഇവിടുത്തെ ഭക്ഷണം. കൂവയിലയിൽ വിളമ്പുന്ന ചോറും കറികളും അത്ര സ്വാദിഷ്ടമാണ്. ആറു വർഷങ്ങൾക്ക് മുമ്പ് മണിയൻ ചേട്ടനും ഭാര്യ ശശി കുമാരിചേച്ചിയും കൂടിയാണ് കാട്ടിലെ കട ആരംഭിക്കുന്നത്. പാചകം ഉൾപ്പെടെ എല്ലാ കാര്യങ്ങൾക്കും സഹായവുമായി മകനും ഭാര്യയും ഇവർക്കൊപ്പമുണ്ട്. പച്ചടി, സാലഡ്, അവിയൽ, തോരൻ, അച്ചാർ, മരച്ചീനി വേവിച്ചത്, പുളിശേരി, സാമ്പാർ, മീൻ കറി, മീൻ വറുത്തത് എന്നിവയ്ക്ക് പുറമെ ചിക്കൻ തോരൻ ഉൾപ്പെടെയുള്ള വിഭവങ്ങളും ഊണിന് ഒപ്പമുണ്ട്. ഞായറാഴ്ച ദിവസങ്ങളിൽ ബീഫ് ആണ് സ്‌പെഷ്യൽ.

peppara2

 ലഭ്യത അനുസരിച്ച് കാട്ടിലെ കിഴങ്ങ്-ഫല വർഗങ്ങളും ഊണിനൊപ്പം വ്യത്യസ്തങ്ങളായ രുചിക്കൂട്ടൊരുക്കും. തനി നാടൻ രീതിയിലാണ് എല്ലാ വിഭവങ്ങളും ഒരുക്കുന്നത്.  ഊണിനുള്ള തയാറെടുപ്പുകൾ കണ്ടപ്പോൾ തന്നെ വിശപ്പ് കൂടി. ഭക്ഷണം കഴിക്കാനിരുന്നു. നാല് കൂവയിലകൾ മുന്നിൽ നിരത്തി. അതിലേക്ക് ചൂട് ചോറ് വിളമ്പി. കറികൾ ഒന്നൊന്നായി രുചിച്ചു. ഓരോന്നും ഒന്നിനൊന്ന് മികച്ചത്. രുചിയുടെ കാര്യത്തിൽ ഇവിടെ നോ കോംപ്രമൈസ്. എന്തായാലും വയറും മനസും നിറച്ച ഊണിന് നന്ദി പറഞ്ഞ് കാട്ടിലെ കടയിൽ നിന്നിറങ്ങി. സന്ദർശകർ മുൻകൂട്ടി വിളിച്ചുപറഞ്ഞാൽ ആവശ്യമായ ഭക്ഷണം ഇവർ കരുതിവെക്കുകയും ചെയ്യും. കാട്ടിലെ കടയുടെ ഫോൺ നമ്പർ ഇതാണ് - 9745405821.

peppara3

വിരസതയകറ്റി ശരീരത്തിനും മനസിനും നവോന്മേഷം നൽകുന്നതാണ് ഓരോ യാത്രയും. ഒരു ദിവസത്തെ യാത്ര പ്ലാൻ ചെയ്യുന്നവർക്ക് എന്തുകൊണ്ടും മികച്ച ഒരു ഡെസ്റ്റിനേഷനായിരിക്കും പേപ്പാറ ഡാമിലേക്കുള്ള യാത്ര. കാടിനെ അറിഞ്ഞ്, കാടിന്റെ സംഗീതം ആസ്വദിച്ച്, കാട്ടിലെ കടയുടെ  രുചിയും നുകർന്ന് മനോഹരമായ കാഴ്ചകൾ കണ്ടൊരു യാത്ര. ഇവിടേക്കെത്തുന്നവർ കാഴ്ചകൾ കണ്ട് സന്ധ്യയ്ക്ക് മുമ്പ് തന്നെ തിരിച്ചിറങ്ങാൻ ശ്രദ്ധിക്കണം. കാരണം ആനയും കാട്ടുപോത്തും കരടിയുമൊക്കെ സൈര്യവിഹാരം നടത്തുന്ന വഴികളാണിത്. 

ഇരുവശവും കാട് നിറഞ്ഞ റോഡിലൂടെയുള്ള യാത്ര ഒരു പ്രത്യേക അനുഭവം തന്നെയാണ് നമുക്ക് സമ്മാനിക്കുന്നത്. തിരക്കും ബഹളങ്ങളുമില്ലാതെ കാടിന്റെ സൗന്ദര്യം മാത്രം ആസ്വദിച്ച് ഇങ്ങനെ പോകാം... വഴിയിലിറങ്ങി ഒരുനിമിഷം ഒന്ന് കണ്ണടച്ച് കാതോർത്താൽ നമ്മൾ ഇതുവരെ കേട്ടിട്ടില്ലാത്ത കിളികളുടെ മധുരമായ ശബ്ദം കേൾക്കാം... ചുറ്റും കാടിന്റെ സംഗീതം മാത്രം.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News