തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് മാർച്ച് മാസത്തെ ശമ്പളം ഇതുവരെ വിതരണം ചെയ്യാൻ കെ.എസ്.ആർ.ടി.സി മാനേജ്മെന്റിന് കഴിയാത്തത്. വിഷുവിന് മുമ്പ് സർക്കാർ മുപ്പത് കോടി രൂപ അനുവദിച്ചെങ്കിലും ബാങ്ക് അവധി മൂലം തുക അക്കൗണ്ടിൽ എത്തിയിരുന്നില്ല.എന്നാൽ സർക്കാർ അനുവദിച്ച തുക ഉടൻ കെ.എസ്.ആർ.ടി.സിയുടെ അക്കൗണ്ടിൽ എത്തുമെങ്കിലും അത് കൊണ്ട് മുഴുവൻ ജീവനക്കാർക്കും ശമ്പളം നൽകാൻ കഴിയില്ല.ഈ സാഹചര്യത്തിൽ 50 കോടി രൂപ ബാങ്കിൽ നിന്ന് ഓവർ ഡ്രാഫ്റ്റ് എടുക്കാനാണ് തീരുമാനം.കുറച്ച് തുക നിലവിൽ കെ.എസ്.ആർ.ടി.സിയുടെ അക്കൗണ്ടിൽ ഉണ്ട്. ഇത് കൂടി ചേർത്താൽ മുഴുവൻ ജീവനക്കാർക്കും ശമ്പളം നൽകാൻ കഴിയും. നാളെ ഉച്ചയോടെ ശമ്പള വിതരണം അരംഭിക്കാനാകുമെന്നാണ് മാനേജ്മെന്റിന്റെ പ്രതീക്ഷ. ചൊവ്വഴ്ചയോടെ മുഴുവൻ ജീവനക്കാർക്കും ശമ്പളം നൽകാനാണ് തീരുമാനം.
ശമ്പളം മുടങ്ങിയതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി തൊഴിലാളി യൂണിയനുകൾ ഓരോ ദിവസവും സമരം ശക്തമാക്കുകയാണ്.ഈ മാസം 28 ന് ഭരണാനുകൂല സംഘടനയായ സിഐടിയുവും മെയ് ആറിന് പ്രതിപക്ഷ സംഘടനയായ ടിഡിഎഫ് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.ചീഫ് ഓഫീസിന് മുന്നിലും യൂണിറ്റ് ഓഫീസുകളിലും ഇടത് സംഘടനകളുടെ നേതൃത്വത്തിൽ ഇപ്പോഴും പ്രതിഷേധസമരം തുടരുകയാണ്.ശമ്പളം നൽകുന്നത് നീണ്ടുപോയാൽ ഡ്യൂട്ടി ബഹിഷ്കരണമടക്കമുള്ള പ്രതിഷേധ പരിപാടികൾ സിപിഐ അനുകൂല സംഘടനയായ എഐറ്റിയുസിയും പ്രഖ്യാപിച്ചിട്ടുണ്ട്.ശമ്പളം ലഭിക്കുന്ന സാഹചര്യത്തിൽ ഇടത് സംഘടനകൾ സമരത്തിൽ നിന്ന് പിൻമാറാനാണ് സാധ്യത.എന്നാൽ എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നൽകുമെന്ന് നേരത്തെ നൽകിയിട്ടുള്ള ഉറപ്പ് പാലിക്കണമെന്ന ആവശ്യം യൂണിയനുകൾ മാനേജ്മെൻഡറിന് മുമ്പാകെ വക്കും.അതേ സമയം നേരത്തെ പ്രഖ്യാപിച്ച സൂചനാ പണിമുടക്കുമായി മുന്നോട്ട് പോകാനുള്ള തീരുമാനമാകും പ്രതിപക്ഷ സംഘടന കൈക്കൊള്ളുക.ശമ്പള പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരമാണ് വേണ്ടതെന്ന് പ്രതിപക്ഷ സംഘടനാ നേതാക്കൾ ചൂണ്ടികാട്ടുന്നു.
ഈ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ 202 കോടി രൂപ സർക്കാർ കെ.എസ്ആർടിസിക്ക് അനുവദിച്ചിരുന്നു. പെൻഷൻ വിതണത്തിന് 142 കോടി,ബാങ്ക് കൺസോഷ്യത്തിന് നൽകാനായി 60 കോടി എന്നിങ്ങൻെയായിരുന്നു തുക അനുവദിച്ചത്.ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ ശമ്പള വിതരണത്തിനായി 30 കോടി കൂടി അനുവദിച്ചത്.ആയിരം കോടി രൂപയാണ് ഇത്തവണത്തെ ബജറ്റിൽ കെ.എസ്.ആർ.ടിസിക്ക് വേണ്ടി വകയിരുത്തിയിരിക്കുന്നത്.എന്നാൽ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ 232 കോടി രൂപ കെ.എസ്.ആർ.ടി.സി കൈപ്പറ്റിക്കഴിഞ്ഞു.അതുകൊണ്ട് തന്നെ ഇനിയുള്ള മാസങ്ങളിൽ ഗുരുതര പ്രതിസന്ധിയാകും കെ.എസ്.ആർ.ടി സിക്ക് നേരിടേണ്ടി വരിക.ജീവനക്കാരുടെ എണ്ണം കുറക്കാതെ മുന്നോട്ട് പോകാനാകില്ലാണ് ഗതാഗത മന്ത്രിയുടെ നിലപാട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.