പൊതു വിദ്യാലയങ്ങളുടെ സ്വീകാര്യത ഏറുന്നു: മന്ത്രി വി.ശിവൻകുട്ടി

പൊതു വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിലും സർക്കാർ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്

Written by - Zee Malayalam News Desk | Last Updated : May 9, 2022, 01:25 PM IST
  • കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ സർക്കാർ കൂടുതൽ ശ്രദ്ധ ചെലുത്തുന്നുണ്ട്
  • മൂന്ന് വർഷത്തിനിടയിൽ പൊതു വിദ്യാലയങ്ങളിൽ പ്രവേശനം നേടിയത് 10.34 ലക്ഷം വിദ്യാർഥികൾ
പൊതു വിദ്യാലയങ്ങളുടെ സ്വീകാര്യത ഏറുന്നു: മന്ത്രി വി.ശിവൻകുട്ടി

പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറുകയാണെന്നും  വിദ്യാർത്ഥികളുടെ പങ്കാളിത്തത്തിൽ  ഓരോ അധ്യയന വർഷത്തിലും  വർദ്ധനയു ണ്ടാകുന്നുണ്ടെന്നും  വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മൂന്ന് വർഷത്തിനിടയിൽ പൊതു വിദ്യാലയങ്ങളിൽ പ്രവേശനം നേടിയത് 10.34 ലക്ഷം വിദ്യാർഥികളാണെന്നും മന്ത്രി പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ സർക്കാർ കൂടുതൽ ശ്രദ്ധ ചെലുത്തുന്നുണ്ട്. ജൂൺ ഒന്നിന് സ്കൂൾ തുറക്കുന്നതിനു മുൻപുതന്നെ കുട്ടികൾക്ക് യൂണിഫോം ലഭ്യമാക്കും. 120 കോടി രൂപയാണ് യൂണിഫോമുകൾക്കായി ചെലവഴിച്ചത്. അതേപോലെ 47 ലക്ഷം വിദ്യാർഥികൾക്ക് പാഠപുസ്തകങ്ങൾ എത്തിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.  അധ്യാപകർക്കായുള്ള പരിശീലന പരിപാടികളും നടന്നുവരുന്നു.

പൊതു വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിലും സർക്കാർ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്. അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളിൽ   പൂർവ്വ വിദ്യാർത്ഥികളെ പങ്കാളികളാക്കും.  ഇതിനായി എല്ലാ സ്കൂളിലും ഈ അധ്യയന വർഷത്തിൽ തന്നെ പൂർവ്വ വിദ്യാർഥി സംഘടനകൾ രൂപീകരിക്കാൻ ഉദ്യോഗസ്ഥർക്ക് വകുപ്പ് നിർദേശം  നൽകിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ഡാലുംമുഖം ഗവൺമെന്റ് എൽ.പി.സ്കൂൾ കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തു. ഒരു കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്.

കൂടാതെ  പദ്ധതിയിൽ ഉൾപ്പെടുത്തി പെരുങ്കടവിള ഗവൺമെന്റ് എൽ.പി ബോയ്സ് സ്കൂളിൽ ഒരു കോടി രൂപയും, ആലത്തോട്ടം ഗവൺമെന്റ് എൽ പി സ്കൂളിൽ 50 ലക്ഷം രൂപയും ചെലവഴിച്ച് നിർമിക്കുന്ന പുതിയ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും മന്ത്രി നിർവഹിച്ചു. പെരിങ്കടവിള ഗവൺമെന്റ് എൽ.പി ബോയ്സ് സ്കൂൾ, ആലത്തോട്ടം  ഗവൺമെന്റ് എൽ.പി സ്കൂൾ, ഡാലുമുഖം ഗവൺമെന്റ് എൽ.പി സ്കൂൾ  എന്നിവിടങ്ങളിലായി നടന്ന ചടങ്ങിൽ സി.കെ ഹരീന്ദ്രൻ എം.എൽ.എ അധ്യക്ഷനായിരുന്നു. പെരുങ്കടവിള - പാറശ്ശാല  ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റുമാർ, പെരുങ്കടവിള- പാറശ്ശാല- വെള്ളറട  ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാർ , ത്രിതല പഞ്ചായത്ത് അംഗങ്ങൾ, അധ്യാപകർ, പി.ടി.എ പ്രതിനിധികൾ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News