കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍നിന്ന് പത്തുപേര്‍കൂടി ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) ഭാഗമാകാനായി നാടുവിട്ടു. അഴീക്കോട് പൂതപ്പാറയിലെ രണ്ടുകുടുംബങ്ങളും സിറ്റി കുറുവയിലെ ഒരാളുമാണ് പോയതെന്നാണ് പോലീസിന് കിട്ടിയ വിവരം.
പൂതപ്പാറയിലെ കെ. സജ്ജാദ്, ഭാര്യ ഷാഹിന, രണ്ട് മക്കള്‍, പൂതപ്പാറയിലെതന്നെ അന്‍വര്‍, ഭാര്യ അഫ്സീല, മൂന്നുമക്കള്‍, കുറുവയിലെ ടി.പി. നിസാം എന്നിവരാണ് നവംബര്‍ 20-ന് വീടുവിട്ടത്. മൈസൂരുവിലേക്കെന്ന് പറഞ്ഞാണ് ഇവര്‍ പോയത്.
മടങ്ങിവരാത്തതിനെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യു.എ.ഇ.യിലേക്ക് പോയതായും അവിടെനിന്ന് മുങ്ങിയതായും വിവരംകിട്ടിയത്.
സിറിയയിലോ അഫ്ഗാനിസ്താനിലോ ഉള്ള ഏതെങ്കിലും ഐ.എസ്. കേന്ദ്രത്തിലേക്കാണ് ഇവര്‍ പോയതെന്ന് പോലീസ് സംശയിക്കുന്നു. ഡിവൈ.എസ്.പി. പി.പി. സദാനന്ദന്റെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്.
തീവ്രവാദി സ്വഭാവമുള്ള സംഘടനയുമായി ഇവർക്ക് നേരത്തേ ബന്ധമുണ്ടായിരുന്നു. ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളും നേരത്തേ ഐ.എസിൽ ചേരാൻ പോയിരുന്നു. പാപ്പിനിശ്ശേരിയില്‍ നിന്നുപോയി ഐ.എസില്‍ ചേര്‍ന്ന് സിറിയയില്‍ കൊല്ലപ്പെട്ട ഷമീറിന്റെ ഭാര്യ ഫൗസിയയുടെ അനുജത്തിയാണ് അന്‍വറിന്റെ ഭാര്യ അഫ്സീല.
ഷമീറിന്റെ മക്കളായ സല്മാന്, സഫ്വാന് എന്നിവരും കൊല്ലപ്പെട്ടതായി നേരത്തേ വിവരം ലഭിച്ചിരുന്നു. അതറിഞ്ഞശേഷമാണ് അന്‍വര്‍-അഫ്സീല ദമ്പതിമാരും കുട്ടികളും ഐ.എസി.ലേക്ക് പോകാന്‍ തീരുമാനിച്ചതെന്നാണ് പോലീസ് കരുതുന്നത്. ഷമീറിന്റെ അടുത്ത സുഹൃത്താണ് ഇപ്പോൾ നാടുവിട്ട സജ്ജാദ്. സജ്ജാദിന്റെ ഭാര്യ ഷാഹിന കുടക് സ്വദേശിയാണ്. മതംമാറി ഷാഹിനയെന്നപേര് സ്വീകരിച്ചശേഷമായിരുന്നു വിവാഹം.
കണ്ണൂര്‍ ജില്ലയില്‍നിന്ന് നേരത്തേ ഐ.എസില്‍ ചേരാന്‍പോയ 35 പേരില്‍ അഞ്ചുപേരെ തുര്‍ക്കിയില്‍നിന്ന് പൊലീസ് പിടികൂടി നേരത്തെ തിരികെ അയച്ചിരുന്നു.