Kolkata: സുപ്രീംകോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസ് അരുണ്‍ മിശ്രയെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷനാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര.
രഞ്ജന്‍ ഗൊഗോയ് അടുത്ത ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷനായാല്‍ അതിശയമില്ല എന്നായിരുന്നു കേന്ദ്രത്തെ പരിഹസിച്ച് മഹുവ മൊയ്ത്രയുടെ (Mahua Moitra) ട്വീറ്റ്.
ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെ (National Human Rights Commission) പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ ചേര്‍ന്ന യോഗത്തില്‍ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ പേര് കേന്ദ്ര സര്‍ക്കാറാണ് നിര്‍ദേശിച്ചത്. എന്നാല്‍, സര്‍ക്കാര്‍ നിര്‍ദ്ദേശത്തോട് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ഇന്‍റലിജന്‍സ് ബ്യൂറോ മുന്‍ ഡയറക്ടര്‍ രാജീവ് ജയിന്‍റെ പേരും അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് ഉയര്‍ന്നുവന്നിരുന്നു.
Arun Mishra to head NHRC.
Won’t be surprised if Ranjan Gogoi to head NCW next.
— Mahua Moitra (@MahuaMoitra) June 1, 2021
പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള സമിതി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ തിങ്കളാഴ്ച ചേര്‍ന്നിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി, ലോക്‌സഭ സ്പീക്കര്‍, രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാന്‍, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. ഇതില്‍ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ ഒഴികെയുള്ളവര്‍ സര്‍ക്കാരിന്‍റെ ശുപാര്‍ശ അംഗീകരിച്ചു.
യോഗത്തില്‍ മല്ലികാര്‍ജുന ഖാര്‍ഗെ വേറിട്ട നിര്‍ദ്ദേശമാണ് ഉന്നയിച്ചത്. ഏറ്റവും കൂടുതല്‍ മനുഷ്യവകാശ ലംഘനങ്ങള്‍ നടക്കുന്നത് പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് നേരെയാണെന്നും അതിനാല്‍ ആ വിഭാഗത്തില്‍പ്പെട്ട ആരെയെങ്കിലും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷനാക്കണമെന്നുംഅദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍, ഈ ആവശ്യം നിരാകരിക്കപ്പെടുകയായിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദേശത്തോടുള്ള വിയോജിപ്പ് ഖാര്‍ഗെ ഔദ്യോഗികമായി രേഖപ്പെടുത്തി.
ഏറെ വിവാദപരമായ വിധി ന്യായങ്ങള്‍ പുറപ്പെടുവിച്ച ജസ്റ്റിസുമാരാണ് അരുണ്‍ മിശ്രയും രഞ്ജന്‍ ഗൊഗോയിയും. അരുണ്‍ മിശ്ര സര്‍വ്വീസിന്‍റെ അവസാനകാലത്ത് പുറപ്പെടുവിപ്പിച്ച വിധികളെല്ലാം വിവാദങ്ങള്‍ക്ക് വഴിയൊരിക്കിയിരുന്നു. തന്‍റെ പേരിലുണ്ടായ ലൈംഗികാരോപണത്തിന് സ്വയം വിധി പറഞ്ഞ മുന്‍ CJI രഞ്ജന്‍ ഗോഗോയി ഇപ്പോള്‍ രാജ്യസഭാംഗമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...