New Delhi: യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബി.ജെ.പി എം.പി വരുൺ ഗാന്ധി.
പൗരന്മാർ സ്വന്തം കാര്യം സ്വയം നോക്കണമെങ്കിൽ പിന്നെ എന്തിനാണ് സര്‍ക്കാര്‍ എന്നായിരുന്നു വരുണ്‍ ഗാന്ധിയുടെ ചോദ്യം. കരിമ്പ് കർഷകരോടുള്ള സംസ്ഥാന സർക്കാരിന്‍റെ സമീപനത്തെക്കുറിച്ചും ലഖിംപൂർ ഖേരി അക്രമത്തെക്കുറിച്ചും മുന്‍പ് ചോദ്യങ്ങൾ ഉന്നയിച്ച ഉത്തർപ്രദേശിലെ പിലിബിത്തിൽ നിന്നുള്ള എംപിയായ വരുണ്‍ ഗാന്ധി (Varun Gandhi) ഇത്തവണ സംസ്ഥാനത്തെ പ്രളയബാധിതരുടെ അവസ്ഥ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിച്ചത്.
കനത്ത മഴയിൽ ജനങ്ങൾ ദുരിതം അനുഭവിക്കുമ്പോള്‍ പോലും സര്‍ക്കാര്‍ തക്ക സമയത്ത് സഹായത്തിന് എത്തുന്നില്ല എന്ന് വരുണ്‍ ഗാന്ധി ചൂണ്ടിക്കാട്ടി. പൗരന്മാർ സ്വന്തം കാര്യം സ്വയം നോക്കണമെങ്കിൽ പിന്നെ എന്തിനാണ് ഒരു ഭരണസംവിധാനം എന്നും വരുണ്‍ ഗാന്ധി ചോദിച്ചു. പ്രളയബാധിത പ്രദേശങ്ങളുടെ ചിത്രങ്ങളും ദുരിതബാധിതർക്ക് വിതരണം ചെയ്ത അടിയന്തിര സഹായത്തിന്‍റെ ചിത്രങ്ങളും പങ്കുവച്ചായിരുന്നു വരുൺ ഗാന്ധിയുടെ പ്രതികരണം.
Much of the Terai is badly flooded. Donating dry rations by hand so that no family is hungry till this calamity ends. It’s painful that when the common man needs the system the most,he’s left to fend for himself.If every response is individual-led then what does ‘governance’ mean pic.twitter.com/P2wF7Tb431
— Varun Gandhi (@varungandhi80) October 21, 2021
വരുണ്‍ ഗാന്ധിയുടെ മണ്ഡലമായ പിലിബിത്തില്‍ കനത്ത മഴ നാശം വിതച്ചിരുന്നു. കഴിഞ്ഞ രണ്ടുദിവസമായി പെയ്ത മഴയിൽ ബറേലി, പിലിബിത് ജില്ലകളിലായി മൂന്നുപേർക്ക് ജീവൻ നഷ്ടമാകുകയും ചെയ്തിരുന്നു. ശാരദ, ദോഹ എന്നീ നദികൾ കരകവിഞ്ഞ് ഒഴുകി. നദിക്കരയിലെ നിരവധി ഗ്രാമത്തിൽ വെള്ളത്തിനടിയിലാകുകയും ചെയ്തിരുന്നു. ശാരദ നദിയിൽ വെള്ളം കൂടിയതോടെ 500ഓളം പേരുടെ വീടുകളാണ് വെള്ളത്തിനടിയിലായത്.
Also Read: മരിച്ചവരില്‍ നിന്നും അവയവദാനം നിര്‍ബന്ധമാക്കണം; ബില്ലുമായി വരുണ്‍ ഗാന്ധി
ചൊവ്വാഴ്ച രാത്രി പിലിബിത്ത് ജില്ല ഭരണകൂടം ആർമിയുടെ സഹായം തേടിയിരുന്നു. 26ഓളം പേരെയാണ് സുരക്ഷസേന ബുധനാഴ്ച രാവിലെ എയർലിഫ്റ്റ് ചെയ്തത്. അതേസമയം, വെള്ളപ്പൊക്കത്തിൽ വിള നാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവുമായി വരുൺ ഗാന്ധി യോഗി ആദിത്യനാഥിന് കത്തെഴുതിയിരുന്നു.
BJP എം.പിയാണെങ്കിലും അടുത്തിടെയായി പാർട്ടി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുകയാണ് വരുൺ ഗാന്ധി. കർഷകസമരവും യു.പി ലഖിംപൂർ ഖേരി കർഷക കൊലയുമായി ബന്ധപ്പെട്ടും പാര്‍ട്ടിയോട് കടുത്ത അതൃപ്തി വരുണ്‍ ഗാന്ധി രേഖപ്പെടുത്തിയിരുന്നു.
ലഖിംപൂർ ഖേരി സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്രക്കും മകൻ ആശിഷ് മിശ്രക്കും എതിരെയും വരുൺ ഗാന്ധി രംഗത്തെത്തിയിരുന്നു. കർഷകർക്ക് നീതി ലഭ്യമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പിന്നാലെ, വരുൺ ഗാന്ധിയെയും മാതാവ് മനേക ഗാന്ധിയെയും ബിജെപി ദേശീയ നിർവാഹക സമിതിയിൽനിന്ന് ഒഴിവാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...