ഭുവനേശ്വർ: പ്രിയങ്ക ഗാന്ധിയുടെ ഔദ്യോഗിക പാര്‍ട്ടി പ്രവേശനം മാധ്യമങ്ങളും ഒപ്പം പ്രതിപക്ഷവും ചര്‍ച്ചാ വിഷയമാക്കിയതോടെ ബിജെപി നേതാവ് വരുൺ ഗാന്ധിയും കോൺഗ്രസിൽ ചേരുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങി.
ബിജെപിയില്‍ "അധികം" അധികാരങ്ങളില്ലാതെയാണ് വരുണ്‍ ഗാന്ധി പാര്‍ട്ടിയില്‍ തുടരുന്നത്. അതുകൂടാതെ, കുറച്ചു കാലങ്ങളായി ബിജെപിയും വരുണ്‍ ഗാന്ധിയും തമ്മില്‍ ചില അസ്വാരസ്യങ്ങളുണ്ട്. കഴിഞ്ഞ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വരുണിനെ ബിജെപി തഴഞ്ഞതും, പ്രധാനമന്ത്രിയെ വിമര്‍ശിച്ച് വരുണ്‍ രംഗത്ത് വന്നതുമെല്ലാം ഈ അസ്വാരസ്യങ്ങള്‍ക്കുള്ള തെളിവാണ്. കൂടാതെ, ഏറെ കാലമായി പാര്‍ട്ടി പരിപാടികളില്‍ വരുണ്‍ പങ്കെടുക്കാറുമില്ല. ഇതെല്ലാമാണ് ഇത്തരത്തിലൊരു ഊഹത്തിന് കാരണം.
എന്നാല്‍, ഊഹാപോഹങ്ങള്‍ക്ക് മറുപടിയുമായി കോൺഗ്രസ് അദ്ധ്യക്ഷന്‍ രാഹുൽ ഗാന്ധി തന്നെ രംഗത്തെത്തി. വരുൺ കോൺഗ്രസിൽ ചേരുമെന്നും നെഹ്റു-ഗാന്ധി കുടുംബം വീണ്ടും ഒന്നിക്കുമെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് അത്തരം പ്രചരണങ്ങളെ പറ്റി തനിക്കൊന്നും അറിയില്ലെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുപടി.
പ്രിയങ്കാ ഗാന്ധി കോണ്‍ഗ്രസിന്‍റെ നേതൃപദവിയിലേക്ക് എത്തിയതിന് ശേഷം സഞ്ജയ് ഗാന്ധിയുടെ മകനായ വരുണിനെ രാഹുൽ കോണ്‍ഗ്രസിലെത്തിക്കുമെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിന്‍റെ മറുപടി.
മുന്‍പും ഇത്തരത്തില്‍ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. രാഹുല്‍ കോണ്‍ഗ്രസിന്‍റെ അദ്ധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതിന് പിന്നാലെ വരുണ്‍ ഗാന്ധിയും കോണ്‍ഗ്രസില്‍ ചേരുമെന്നായിരുന്നു അഭ്യൂഹം. എന്നാല്‍, വരുണ്‍ ഗാന്ധി കോണ്‍ഗ്രസില്‍ ചേരുകയാണെങ്കില്‍ അതിന് പ്രേരണയാവുക പ്രിയങ്ക ഗാന്ധിയായിരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ഹാജി മന്‍സൂര്‍ അഹമ്മദ് പറഞ്ഞിരുന്നു.
നിലവിൽ ഉത്തർപ്രദേശിലെ സുല്‍ത്താന്‍പുരില്‍ നിന്നുള്ള ബിജെപിയുടെ ലോക്‌സഭാ എംപിയാണ് വരുണ്‍ ഗാന്ധി. വരുണിന്‍റെ അമ്മ മേനകാ ഗാന്ധി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രിയുമാണ്.